കാര്‍ഷിക ബില്ലിനെതിരായ കേരളത്തിന്‍റെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. ഭരണഘടനപരമായ അധികാരം ഉപയോഗിച്ചാണ് പാര്‍ലമെന്‍റ് നിയമം പാസാക്കിയതെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കരുത്താര്‍ജ്ജിക്കുകയാണ്.കാര്‍ഷിക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന രാഷ്ട്രീയ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍.
കര്‍ഷകരെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ബില്ലുകള്‍. മിനിമം താങ്ങുവില തുടരും. കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്‍റിന്‍റെ അധികാരം ചോദ്യം ചെയ്തുള്ള വാദങ്ങള്‍ നിലനില്‍ക്കില്ല. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കൈകടത്തിയിട്ടില്ല. സംസ്ഥാനാന്തര വാണിജ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മാണമാകാം.
മിനിമം താങ്ങുവിലയിലും കുറച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ ജെഡിയു രംഗത്തുവന്നു. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ട്രെയിന്‍ തടഞ്ഞു. കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധവും തുടങ്ങി. രാജ്യത്തെ നൂറ്റിയമ്ബതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭം നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്തുകള്‍ക്കായി പാവങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് കാര്‍ഷിക ബില്ലുകളെയും തൊഴില്‍ ചട്ടങ്ങളെയും എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.