ഇന്ത്യക്കാർ കൂടുതൽ രോഗബാധിതരാവുകയാണോ? അതോ ചികിത്സ തേടുന്നതിൽ കൂടുതൽ ജാഗ്രത കാണിക്കുകയാണോ? ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (NSO) ആരോഗ്യത്തെ കുറിച്ചുള്ള എൺപതാം റൗണ്ട് സർവ്വേയിലെ പുതിയ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത് രാജ്യത്തെ ആരോഗ്യ മേഖലയിലെ നിർണായകമായ ഒരു മാറ്റത്തിലേക്കാണ്. കൂടുതൽ ഇന്ത്യക്കാർ ഇപ്പോൾ തങ്ങൾക്കുള്ള ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്നു എന്നതാണ് സർവ്വേയിൽ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ സർവ്വേയുമായി താരതമ്യപ്പെടുത്തുമ്പോൾ, രോഗബാധിതരാണെന്ന് റിപ്പോർട്ട് ചെയ്യുന്നവരുടെ അനുപാതം ഏകദേശം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ ഇത് 2017-18 കാലഘട്ടത്തിലെ 6.8 ശതമാനത്തിൽ നിന്ന് 2025-ൽ 12.2 ശതമാനമായി ഉയർന്നു. നഗരപ്രദേശങ്ങളിലും സമാനമായ പ്രവണതയാണ് കാണുന്നത്. അവിടെ 9.1 ശതമാനത്തിൽ നിന്ന് 14.9 ശതമാനമായി വർദ്ധിച്ചു.ആദ്യ കാഴ്ചയിൽ ഈ കണക്കുകൾ ആശങ്കാജനകമായി തോന്നാമെങ്കിലും റിപ്പോർട്ട് പ്രകാരം, ഈ മാറ്റം പെട്ടെന്നുണ്ടായ രോഗവ്യാപനം കൊണ്ടല്ല, മറിച്ച് ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അവബോധത്തിന്റെയും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നതിന്റെയും അടയാളമായാണ് കാണേണ്ടത്.
ചികിത്സാ പെരുമാറ്റത്തിലെ മാറ്റം
രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും വൈദ്യസഹായം തേടുന്നതിനും കൂടുതൽ ആളുകൾ ഇപ്പോൾ സന്നദ്ധരും പ്രാപ്തരുമാണെന്ന് സർവേ സൂചിപ്പിക്കുന്നു. രോഗങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതോ ചികിത്സിക്കപ്പെടാത്തതോ ആയ ഒരു രാജ്യത്ത് വളരെക്കാലമായി ആവശ്യമായിരുന്ന ഒരു മാറ്റമാണിത്.രാജ്യത്തുടനീളം ആരോഗ്യ സേവനങ്ങൾ വ്യാപിപ്പിച്ചതും ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്.
പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം ആരോഗ്യ മേഖലയിലെ പൊതുനിക്ഷേപത്തിലെ വർദ്ധനവും റിപ്പോർട്ട് എടുത്ത് കാണിക്കുന്നു. 1.84 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകളുടെ വികാസവും സൗജന്യ മരുന്നുകളും ഡയഗ്നോസ്റ്റിക്സും പോലുള്ള സംരംഭങ്ങളും ഒരുകാലത്ത് ഔപചാരിക ആരോഗ്യ സംരക്ഷണത്തിൽ നിന്ന് ആളുകളെ അകറ്റി നിർത്തിയിരുന്ന തടസ്സങ്ങൾ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.
കുറഞ്ഞ ചെലവുകൾ, കൂടുതൽ ലഭ്യത
ചികിത്സാ ചെലവ് കുറഞ്ഞത് ജനങ്ങളുടെ ചികിത്സാ സമീപനത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. പൊതുജനാരോഗ്യ സൗകര്യങ്ങളിലെ ഔട്ട്പേഷ്യന്റ് പരിചരണത്തിനായുള്ള ശരാശരി ഔട്ട്-ഓഫ്-പോക്കറ്റ് ചെലവ് (OOPE) ഇപ്പോൾ പൂജ്യമാണെന്ന് സർവേ സൂചിപ്പിക്കുന്നു. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് അവശ്യ സേവനങ്ങൾ സൗജന്യമായി ലഭ്യമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
സർക്കാർ ആശുപത്രികളിലെ കിടത്തിച്ചികിത്സകളിൽ പകുതിയിലധികം കേസുകളിലും ശരാശരി ചിലവ് കേവലം 1,100 രൂപ മാത്രമാണ്.ദേശീയ തലത്തിൽ പോലും, ഒരു പ്രാവശ്യത്തെ കിടത്തിച്ചികിത്സയ്ക്കുള്ള ശരാശരി ചെലവ് 11,285 രൂപ മാത്രമാണ്. ഉയർന്ന ചികിത്സാ ചെലവ് ചില പ്രത്യേക വിഭാഗങ്ങളിൽ മാത്രമായി ഒതുങ്ങുന്നുവെന്നാണ് സർവേ ഫലത്തിൽ നിന്ന് മനസിലാകുന്നത്.
രോഗം റിപ്പോർട്ട് ചെയ്യുന്നതിലെ വർദ്ധനവിനൊപ്പം രോഗങ്ങളുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് സർവ്വേ ചൂണ്ടിക്കാണിക്കുന്നു. പകർച്ചവ്യാധികൾ കുറയുകയും എന്നാൽ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ കുതിച്ചുയരുകയും ചെയ്യുന്നു.
വിട്ടുമാറാത്ത രോഗങ്ങൾക്ക് നിരന്തരമായ നിരീക്ഷണവും നേരത്തെയുള്ള കണ്ടെത്തലും ആവശ്യമാണ്. രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാകാം. വലിയ തോതിലുള്ള സ്‌ക്രീനിംഗ് സംരംഭങ്ങളും കമ്മ്യൂണിറ്റി അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളും അവസ്ഥകൾ നേരത്തെ തിരിച്ചറിയുന്നതിലേക്ക് നയിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട രോഗങ്ങളുടെ വർദ്ധനവ് ആരോഗ്യം വഷളാകുന്നതിന്റെ ഒരു അടയാളമല്ല, മറിച്ച് സമീപനത്തിലെ മാറ്റമാണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. പല രോഗങ്ങളും രോഗനിർണ്ണയം നടത്താതെയും ചികിത്സിക്കാതെയും പോയിരുന്ന ഒരു രാജ്യത്ത്, ഈ മാറ്റം വലിയൊരു പുരോഗതിയും പ്രതീക്ഷയുമാണ്.





