നിലമ്പൂർ: മലയാളികളുടെ പ്രിയഭക്ഷണമായ മീൻ ഇന്ന് സാധാരണക്കാരുടെ കൈവശം എത്താൻ പോലും പ്രയാസമാകുന്ന അവസ്ഥയാണ്. കടലിലും കരയിലും ഒരുപോലെ തുടരുന്ന കൊടുംചൂട് മൂലം മത്സ്യലഭ്യത കുത്തനെ കുറഞ്ഞതോടെ ചെറുമത്സ്യങ്ങൾക്കുപോലും റെക്കോർഡ് വിലയാണ്.
അയല, മത്തി, കിളിമീൻ, നത്തോലി എന്നിവയ്ക്കാണ് വിലയിൽ വലിയ വർധന. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിലെ താപനില ഉയർന്നതോടെ വെള്ളത്തിലെ ഓക്സിജൻ അളവ് കുറയുകയും “ഓക്സിജൻ കുറഞ്ഞ മേഖലകൾ” രൂപപ്പെടുകയും ചെയ്യുന്നു. ഇതുമൂലം മീനുകൾ സുരക്ഷിതമായ മറ്റു മേഖലകളിലേക്ക് മാറുന്നതാണ് നിലവിലെ സാഹചര്യം.
ബുധനാഴ്ചത്തെ വിപണി നിരക്കുകൾ പ്രകാരം മത്തി കിലോയ്ക്ക് 140 മുതൽ 300 രൂപ വരെ വിലയുണ്ട്. അയലയ്ക്ക് 220 മുതൽ 320 രൂപ വരെയും കിളിമീന് 200 മുതൽ 270 രൂപ വരെയും വില ഉയർന്നു. ചൂരയ്ക്ക് 200 മുതൽ 270 രൂപ വരെ, കേര 440 രൂപ, വെള്ളമോത 440 രൂപ, ഓലക്കൊഴുവ 460 രൂപ, ചെമ്മീൻ 360 രൂപ, പേതൽ 340 രൂപ എന്നിങ്ങനെയാണ് വില.
ഈസ്റ്റർ സമയത്ത് ഉയർന്ന വില ഇതുവരെ കുറഞ്ഞിട്ടില്ലെന്നാണ് മത്സ്യവ്യാപാരികൾ പറയുന്നത്. കാലവർഷം ശക്തമാകുകയും മത്സ്യലഭ്യത കൂടുകയും ചെയ്താൽ മാത്രമേ വിലയിൽ കുറവ് പ്രതീക്ഷിക്കാനാകൂ.
അതേസമയം, കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ഉയർന്ന ഇന്ധനച്ചെലവും കുറഞ്ഞ മത്സ്യലഭ്യതയും മൂലം പലരും നാമമാത്രമായ പിടിത്തവുമായി മടങ്ങുന്നു. റോഡരികിൽ ഇരുചക്ര-മുച്ചക്ര വാഹനങ്ങളിൽ മത്സ്യവിൽപ്പന നടത്തുന്ന ചെറുകിട വ്യാപാരികളും ലഭ്യതക്കുറവും വിലയിലുള്ള അനിശ്ചിതത്വവും കാരണം കടുത്ത പ്രതിസന്ധിയിലാണ്.









