വേനൽച്ചൂടിൽ വെന്തുരുകി കണ്ണൂർ; കുടിവെള്ളക്ഷാമം രൂക്ഷമായി.

0
37

കണ്ണൂർ: വേനൽ കടുത്തതോടെ കണ്ണൂർ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. രാമന്തളി പഞ്ചായത്തിലാണ് ശുദ്ധജലക്ഷാമം ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഓരോ വർഷവും വേനൽക്കാലത്ത് ഇവിടെ സമാനമായ സാഹചര്യമാണ്. ഒരു തുള്ളി വെള്ളത്തിനായി പ്രദേശവാസികൾ കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയാണ്.

പഞ്ചായത്തിലെ പതിനാറാം വാർഡിലുള്ള പുഞ്ചിരിമുക്ക് അങ്കണവാടിയെയാണ് ജലക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചത്. 23 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അങ്കണവാടിയുടെ ഏക ആശ്രയമായിരുന്ന കുഴൽകിണർ നിലവിൽ വറ്റിയ അവസ്ഥയിലാണ്. കേന്ദ്ര സർക്കാരിൻ്റെ ജൽ ജീവൻ പദ്ധതിവഴിയും ഇവിടെ വെള്ളം ലഭിക്കുന്നില്ല.

വെള്ളം ചുമന്നെത്തിക്കണം
ഒരു ബക്കറ്റ് വെള്ളം ലഭിക്കുക എന്നത് ഇപ്പോൾ വലിയ ബുദ്ധിമുട്ടാണെന്ന് അങ്കണവാടി ടീച്ചർ ഒ വിമല വ്യക്തമാക്കി. കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാനും പാത്രങ്ങൾ കഴുകാനും അധ്യാപകർ ഏറെ പ്രയാസപ്പെടുകയാണ്. ഇതിനുപുറമെ ശൗചാലയം ഉൾപ്പെടെയുള്ളവ ശുചീകരിക്കാനും വെള്ളമില്ല. പലപ്പോഴും ദൂരസ്ഥലങ്ങളിൽനിന്നും ബക്കറ്റിൽ വെള്ളം ചുമന്നുകൊണ്ടുവന്നാണ് ഇവർ പ്രതിസന്ധി അതിജീവിക്കുന്നത്.

പ്രശ്നം രൂക്ഷമായതോടെ എട്ടിക്കുളത്തെ ബിസ്മില്ല ക്ലബ് പ്രവർത്തകർ ടാങ്കറിൽ വെള്ളം എത്തിച്ചുനൽകുന്നുണ്ട്. ഇത് അങ്കണവാടിക്ക് വലിയ ആശ്വാസമാണ്. ടാങ്ക് കാലിയാകുമ്പോൾ ക്ലബ് പ്രവർത്തകർ നേരിട്ട് ബക്കറ്റിലും കുടിവെള്ളം എത്തിച്ചുനൽകും. സഹായി സി രോഹിണിയും വെള്ളം എത്തിക്കാൻ ഇവർക്കൊപ്പം നിൽക്കുന്നുണ്ട്. ഉയർന്ന ചൂട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ അങ്കണവാടികൾക്ക് നിലവിൽ അവധി നൽകിയിരിക്കുകയാണ്.

കർമപദ്ധതി തയ്യാറാക്കും
അതേസമയം ജില്ലയിൽ കനത്ത ചൂട് മാറ്റമില്ലാതെ തുടരുകയാണ്. പകൽ 11 മുതൽ മൂന്നുവരെ വെയിലിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദേശമുണ്ട്. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങൾക്കും ആംബുലൻസുകൾക്കും സൂര്യാഘാതം പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇതിനുള്ള സൗകര്യങ്ങളുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തും.

പൊതുപരിപാടികൾ, തീപിടിത്ത സാധ്യതകൾ, സൂര്യാഘാതം എന്നിവ നേരിടാൻ സജ്ജമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകി. സ്വകാര്യ ആശുപത്രികളെയും ആയുഷ് വിഭാഗത്തെയും ഉൾപ്പെടുത്തി കർമപദ്ധതി തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ
പകൽ 11 മുതൽ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ശുദ്ധജലം ധാരാളമായി കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പൂർണമായും ഒഴിവാക്കുക. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ അണിയണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കുക.

വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും വനം വകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് കുടിവെള്ളവും വായു സഞ്ചാരവും ഉറപ്പാക്കണം. കിടപ്പ് രോഗികൾ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ പകൽ സമയം വെയിലേൽക്കാതെ നോക്കണം.

മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും നിർബന്ധമായും കുട ഉപയോഗിക്കണം. നിർമാണത്തൊഴിലാളികൾ കാര്യക്ഷമമായി ജോലി സമയം ക്രമീകരിക്കണം. കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടുകയോ വെയിലത്ത് കെട്ടിയിടുകയോ ചെയ്യരുത്. കുട്ടികളെയും വളർത്തുമൃഗങ്ങളെയും നിർത്തിയിട്ട വാഹനങ്ങളിൽ ഉപേക്ഷിച്ച് പോകരുത്. അസ്വസ്ഥതകളുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുകയും കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here