കോഴിക്കോട്: സംസ്ഥാനത്ത് കൊടും ചൂടിനൊപ്പം ചെറുനാരങ്ങ വിലയും കുതിച്ചുയരുന്നു. വേനൽ കടുത്തതോടെ നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിപണിയിലെ പെട്ടെന്നുള്ള വിലവർധനയ്ക്ക് കാരണമായത്. ചില്ലറ വിൽപനശാലകളിൽ ഒരു കിലോ നാരങ്ങയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില.
കോഴിക്കോട് പാളയം മാർക്കറ്റിൽ വലിയ നാരങ്ങയ്ക്ക് കിലോയ്ക്ക് 200 മുതൽ 220 രൂപ വരെയാണ് നിലവിലെ മൊത്തവില. ഇടത്തരം വലുപ്പമുള്ളവയ്ക്ക് 160 രൂപയും ചെറിയ നാരങ്ങയ്ക്ക് 120 രൂപയുമാണ് വ്യാപാരികൾ ഈടാക്കുന്നത്. കൃത്യം ഒരു മാസം മുൻപ് 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലായിരുന്നു മൊത്തവില. വിഷുവിന് മുൻപ് 180 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ദിവസങ്ങൾക്കുള്ളിൽ വില 200 കടന്നത്. ചില്ലറ വ്യാപാരികളിൽ നിന്ന് 10 രൂപ നൽകിയാൽ രണ്ട് നാരങ്ങ പോലൂം കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂടിയ വിലയ്ക്ക് സാധനം വാങ്ങേണ്ടി വരുന്നത് ചില്ലറ വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
വേനൽച്ചൂടും വിവാഹ സീസണും
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് അടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ശീതളപാനീയങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇതിന് പുറമെ നിലവിലെ വിവാഹ സീസൺ കൂടിയായതോടെ നാരങ്ങയുടെ ആവശ്യകത കുത്തനെ ഉയർന്നു. കേരളത്തിലേക്ക് പ്രധാനമായും ചെറുനാരങ്ങ എത്തുന്നത് അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമാണ്. എന്നാൽ കടുത്ത വേനൽ കാരണം ഈ സംസ്ഥാനങ്ങളിലെ തോട്ടങ്ങളിൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞത് തിരിച്ചടിയായി. ജനങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് ആവശ്യത്തിന് നാരങ്ങ വിപണിയിൽ എത്താത്തതാണ് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് പ്രധാന കാരണം. വരും ദിവസങ്ങളിലും വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് മൊത്തവ്യാപാരികൾ വ്യക്തമാക്കുന്നു.
വില കൂട്ടി വ്യാപാരികൾ
നാരങ്ങ വില കുതിച്ചുയർന്നതോടെ പാതയോരങ്ങളിലെ ജ്യൂസ്, സർബത്ത് കടക്കാരും പാനീയങ്ങൾക്ക് വില കൂട്ടിയിരിക്കുകയാണ്. മുൻപ് 15 രൂപയ്ക്ക് ലഭിച്ചിരുന്ന സാധാരണ നാരങ്ങാവെള്ളത്തിന് ഇപ്പോൾ പലയിടത്തും 20 മുതൽ 25 രൂപ വരെ ഉപഭോക്താക്കൾ നൽകണം.
20 രൂപയുണ്ടായിരുന്ന സോഡാ സർബത്തിന് ഒറ്റയടിക്ക് 30 രൂപയാക്കിയാണ് വിൽപനക്കാർ വർധിപ്പിച്ചത്. ചൂട് കാരണം കടകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കച്ചവടക്കാരെയും വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. ഉയർന്ന വില കൊടുത്ത് നാരങ്ങ വാങ്ങി വിൽപന നടത്തുമ്പോൾ പലർക്കും കച്ചവടം നഷ്ടത്തിലാണെന്ന പരാതിയാണുള്ളത്.
സാധാരണക്കാർക്ക് ദുരിതം
വേനൽക്കാലത്ത് ശരീരത്തിലെ നിർജലീകരണം തടയാൻ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാനീയമാണ് നാരങ്ങാവെള്ളം. യാത്രക്കാരടക്കമുള്ള സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ദാഹമകറ്റാൻ ആശ്രയിക്കാവുന്ന ചെറുനാരങ്ങയുടെ വില ഇരട്ടിയിലധികമായത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പാക്കറ്റുകളിൽ ലഭിക്കുന്ന മറ്റ് കൃത്രിമ ശീതളപാനീയങ്ങളെ അപേക്ഷിച്ച് ആരോഗ്യത്തിന് ഏറെ ഗുണകരമായ നാരങ്ങാവെള്ളം കുടിക്കാൻ കൂടുതൽ പണം നൽകേണ്ട അവസ്ഥയിലാണ് സാധാരണ ജനങ്ങൾ. അയൽസംസ്ഥാനങ്ങളിൽ മഴ ലഭിച്ച് കൃഷിയിടങ്ങളിൽ ഉത്പാദനം പഴയപടിയായി വർധിച്ചാൽ മാത്രമേ പ്രാദേശിക വിപണിയിൽ നാരങ്ങ വില കുറയാൻ സാധ്യതയുള്ളൂ.








