വിഷുക്കണി ദർശനത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. ഏപ്രിൽ 15 ബുധനാഴ്ച പുലർച്ചെ ആണ് വിഷുക്കണി ദർശന സമയം. പുലർച്ചെ 2:55 മുതൽ 3:55 വരെയാണ് ആണ് ഗുരുവായൂരിൽ ദർശനത്തിനുള്ള സമയം.
- ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർണം.
- ബുധനാഴ്ച പുലർച്ചെ 2:55 മുതൽ 3:55 വരെയാണ് വിഷുക്കണി ദർശനം.
- വിഷുദിനത്തിൽ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങൾ ഉണ്ടാകും.
ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ ഏഴ് മുതലാകുമെന്ന് ദേവസ്വം അറിയിച്ചു. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. വിഷുദിനത്തിൽ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങൾ ഉണ്ടാകും.
വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വം, പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണം. വിഷുക്കണി ദർശന ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
അതേസമയം മേട സംക്രമവവും മേടമാസ ആരംഭവും ഈ വർഷം ഏപ്രിൽ 14 ചൊവ്വാഴ്ച ആണെങ്കിലും വിഷു ക്കണിയും വിഷു ആഘോഷവും മേടം രണ്ട് ഏപ്രിൽ 15ന് ആണ്. മേടം ഒന്നിന് ഉദയത്തിന് സൂര്യൻ മീനം രാശിയിൽ ആയതിനാൽ വിഷുക്കണി മേടം രണ്ടിന് ജ്യോത്സ്യന്മാർ കണക്കാക്കുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ, ശബരിമല തുടങ്ങി എല്ലാ ക്ഷേത്രങ്ങളിലും ഏപ്രിൽ 15നാണ് വിഷുക്കണി ദർശനം.
രാത്രി 12 മണി 30 മിനിറ്റിനും ഒരു മണിക്കും മധ്യേ വിഷുക്കണി ഒരുക്കണമെന്നാണ് ജ്യോത്സ്യന്മാർ പറയുന്നത്. ബുധനാഴ്‌ച പുലർച്ചെ നാലുമണി 40 മിനിറ്റിനും അഞ്ചുമണിക്കും മധ്യേ കണി കാണാൻ ശുഭമുഹൂർത്തമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പുലർച്ചെ മൂന്ന് മണിയാണ് വീടുകളിൽ വിഷുക്കണി കാണാനുള്ള ഉത്തമ സമയമെന്ന് ചിലർ പറയുന്നുണ്ട്.







