സമകാലിക ലോകം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് അന്തരീക്ഷ മലിനീകരണവും ജല മലിനീകരണവും. അടുത്തിടെ നാടിനെ ഒട്ടാകെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു മധ്യപ്രദേശിലെ ഇൻഡോറിൽ ഭഗീരത്പുര പ്രദേശത്ത് നടന്ന ജലദുരന്തം. ഏറ്റവും വൃത്തിയുള്ള നഗരം എന്ന ഖ്യാതിയുള്ള സ്ഥലത്ത് എട്ട് പേരാണ് മലിനജലം ഉള്ളിൽച്ചെന്ന് മരിച്ചത്. രാജ്യത്ത് ഇത്തരം സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മൾ ഉപയോഗിക്കുന്ന ജലം നല്ലതാണോ ഉപയോഗ യോഗ്യമാണോയെന്നത്. പ്രത്യേകിച്ച് കുടിവെള്ളം.
ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണവും ശുദ്ധവായുവും മാത്രം പോര. മറിച്ച് ശുദ്ധജലവും അത്യന്താപേക്ഷിതമാണ്. എന്നാൽ ശുദ്ധലവും ഇന്ന് വിശ്വസിച്ച് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. മലിനജലം കുടിച്ചാല്‍ വയറിളക്കം, കോളറ, ഛർദ്ദി, ടൈഫോയ്‌ഡ്, കുടൽ വിര, അണുബാധ, പോളിയോ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും. ഇന്ത്യയിൽ പ്രതിവർഷം 37.7 ദശലക്ഷം ആളുകൾ മലിനജലം കുടിക്കുന്നത് മൂലം രോഗബാധിതരാകുന്നുവെന്നും ഏകദേശം 7,80,000 മരണങ്ങൾ സംഭവിക്കുന്നുവെന്നും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു.
2020ലെ ദേശീയ ജല ഗുണനിലവാര മാനേജ്‌മെൻ്റ് പദ്ധതിപ്രകാരം രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവയുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളത്തിൽ അമിതമായ അളവിൽ കോളിഫോം ബാക്‌ടീരിയ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഉപയോഗിക്കുന്ന വെള്ളം ശരിയായി ശുദ്ധീകരിക്കേണ്ടത് അനിവാര്യമാണ്.
നിലവിൽ ക്ലോറിനേഷൻ രീതി ഉപയോഗിച്ചാണ് വെള്ളം ശുദ്ധീകരിച്ച് അണുവിമുക്തമാക്കുന്നത്. എന്നിരുന്നാലും ഈ രീതി എല്ലാ രോഗാണുക്കളെയും പൂർണമായും ഇല്ലാതാക്കുന്നില്ല. അതിനാൽ പരമ്പരാഗത ക്ലോറിനേഷൻ ശുദ്ധീകരണ രീതിക്ക് പകരമായി കുറഞ്ഞ ചെലവിൽ കുടിവെള്ളത്തിലെ രോഗാണുക്കളെ ഇല്ലാതാക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യ ചെന്നൈയിലെ അണ്ണാ സർവകലാശാല കണ്ടുപിടിച്ചിരിക്കുകയാണ്. ഇതിന് അഡ്വാൻസ്‌ഡ് ഓക്‌സിഡേഷൻ എന്നാണ് പറയുന്നത്.
അഡ്വാൻസ്‌ഡ് ഓക്‌സിഡേഷൻ പ്രക്രിയയെപ്പറ്റി (AOPs); പ്രൊഫസർ കൺമണി വിശദമായി
ജലശുദ്ധീകരണത്തിൽ ശക്തമായ ഓക്‌സിഡൻ്റുകൾ ഉപയോഗിച്ച് ജൈവ, അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിയും. ഇത് ഉയർന്ന പ്രതിപ്രവർത്തന ശേഷിയുള്ള തന്മാത്രകളെ സൃഷ്‌ടിക്കുകയും മാലിന്യങ്ങളെ കുറഞ്ഞ ദോഷകരമായ സംയുക്തങ്ങളാക്കി വിഘടിപ്പിക്കുകയും ചെയ്യുന്നു. അൾട്രാവയലറ്റ് വികിരണം (UV), ഓസോൺ (O3), ഹൈഡ്രജൻ പെറോക്സൈഡ് (H2O2), ഫെൻ്റൺസ് റിയാജന്‍ഡ്, നാനോ തന്മാത്രകൾ എന്നിവ ജല, മലിനജല സംസ്‌കരണത്തിന് ഉപയോഗിക്കുന്ന ചില ഓക്‌സിഡേഷൻ രീതികളാണെന്ന് പ്രൊഫസർ കൺമണി പറയുന്നു.
അണുനശീകരണം, മലിനീകരണ വസ്‌തുക്കളുടെ വിഘടനം, ഉപോത്പന്നങ്ങളുടെ (DBPs) രൂപീകരണം കുറയ്ക്കൽ എന്നിവയിൽ പരമ്പരാഗത ക്ലോറിനേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ഓക്‌സിഡേഷൻ രീതികൾ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നു എന്നാണ് പ്രൊഫസറുടെ വിലയിരുത്തൽ. അണ്ണാ സർവകലാശാലയിലെ പരിസ്ഥിതി പഠന കേന്ദ്രത്തിൽ ഈ വിഷയത്തിൽ ഒരു പഠനം നടത്തി. ഓസോണേഷൻ, യുവി വികിരണം എന്നിവയുൾപ്പെടെയുള്ള ഓക്‌സിഡേഷൻ രീതികൾ ഉപയോഗിക്കുമ്പോൾ ഉള്ള ഉപോത്പന്ന രൂപീകരണ സാധ്യതയും ഈ പഠനത്തിൽ വിലയിരുത്തിയെന്നും അവർ പറഞ്ഞു.
ക്ലോറിൻ അടിസ്ഥാനമാക്കിയുള്ള അണുനാശിനി കൂടുതൽ അളവിൽ ഉപോത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തി. ഇതിന് വിപരീതമായി റേഡിയേഷൻ രീതി ഉപയോഗിക്കുമ്പോൾ ഉപോത്‌പന്നങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു. അതിനാൽ പരമ്പരാഗത ക്ലോറിനേഷൻ അണുനാശിനി രീതിയേക്കാൾ ഓക്‌സിഡേഷൻ രീതി കൂടുതൽ ഗുണകരമാണെന്ന് അണ്ണാ സർവകലാശാല നിഗമനത്തിലെത്തി.
ക്ലോറിൻ സാങ്കേതികവിദ്യയേക്കാൾ ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള ചെലവും കുറവാണെന്നും ഓവർഹെഡ് വാട്ടർ ടാങ്കുകളിൽ ഈ രീതി ഉപയോഗിക്കുന്നത് പൊതുജനങ്ങൾക്ക് പൂർണമായും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യാൻ സഹായിക്കുമെന്നും പ്രൊഫസർ കൺമണി അഭിപ്രായപ്പെടുന്നു. അതേസമയം ഈ ഓക്‌സിഡൈസേഷൻ പ്രക്രിയയെ ഫോട്ടോകാറ്റലിറ്റിക് ഡീഗ്രഡേഷൻ എന്നും പറയുന്നു.
ഫോട്ടോകാറ്റലിറ്റിക് ഡീഗ്രഡേഷൻ
“സൂര്യപ്രകാശത്തിൽ നിന്ന് അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് വെള്ളത്തെ ഓക്‌സിഡൈസ് ചെയ്യുന്നു. ഇങ്ങനെ ഓക്‌സിഡൈസ് ചെയ്യുമ്പോൾ വെള്ളത്തിലുള്ള മലിന വസ്‌തുക്കളെ ശക്തികുറഞ്ഞ പദാർഥമാക്കി വേർതിരിച്ചെടുക്കാനാകും. അതായത് ജലത്തിൽ ക്ലോറിൻ്റെ ഉപയോഗത്തിന് പകരം അൾട്രാവയലറ്റ് രശ്‌മികളും ഓസോണും (O3) ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്നു” എന്ന് കണ്ണൂർ സർവകലാശാലയിലെ പ്രോജക്‌ട് അസിസ്‌റ്റൻ്റ് അക്ഷയ് പികെ പറയുന്നു.
ജലശുദ്ധീകരണ പ്ലാൻ്റുകളിലെ ക്ലോറിൻ ഉപയോഗവും അപകടസാധ്യതകളും
ജലശുദ്ധീകരണ പ്ലാൻ്റുകളിലെ ക്ലോറിൻ ഉപയോഗത്തെക്കുറിച്ച് അണ്ണാ സർവകലാശാലയിലെ സിവിൽ എഞ്ചിനിയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കൺമണി ചില വസ്‌തുതകൾ മുന്നോട്ട് വയ്‌ക്കുന്നു. ഇന്ത്യയിലെ ജലശുദ്ധീകരണ പ്ലാൻ്റുകളിൽ രണ്ട് ഘട്ടങ്ങളിലായാണ് ക്ലോറിൻ പൊതുവിൽ ഉപയോഗിക്കാറ്. ആദ്യത്തെ ഘട്ടത്തിൽ ജലത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്ന പ്രീ-ക്ലോറിനേഷൻ പ്രക്രിയയിൽ. രണ്ടാമത് പ്രീ-ക്ലോറിനേഷൻ വഴി ഫിൽട്രേഷൻ കഴിഞ്ഞതിനുശേഷം ജലത്തിലെ ശേഷിക്കുന്ന അണുക്കളെ ഇല്ലാതാക്കാൻ നടത്തുന്ന പോസ്‌റ്റ്-ക്ലോറിനേഷൻ.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച് രാജ്യത്തെ 82.7 ശതമാനം സംസ്‌കരണ പ്ലാൻ്റുകളും ഫിൽട്രേഷൻ, അണുനശീകരണം എന്നിവയ്ക്കായി ക്ലോറിൻ വാതകം ഉപയോഗിക്കുന്നു. ബാക്കിയുള്ള 17.3 ശതമാനം സംസ്‌കരണ പ്ലാൻ്റുകൾ അണുനശീകരണത്തിനായി ബ്ലീച്ചിങ് പൗഡറും ലിക്വിഡ് ക്ലോറിനും ഉപയോഗിക്കുന്നു. എന്നിരുന്നാലും ശുദ്ധീകരണ പ്ലാൻ്റുകളിൽ നിശ്ചിത അളവിനേക്കാൾ കൂടുതൽ അളവിലാണ് ക്ലോറിൻ ഉപയോഗിക്കുന്നത്. അതായത് ഒരു ലിറ്റർ വെള്ളത്തിന് 0.2 മില്ലിഗ്രാം ക്ലോറിൻ മതിയാകും. എന്നാൽ 2 മില്ലിഗ്രാം വരെ ക്ലോറിനാണ് ഉപയോഗിക്കുന്നതെന്ന് പ്രൊഫസർ കൺമണി പറയുന്നു.
2023 ജൂലൈയിൽ ചെന്നൈ മെട്രോ വാട്ടർ വിതരണം ചെയ്യുന്ന കുടിവെള്ളത്തെക്കുറിച്ച് അണ്ണാ യൂണിവേഴ്‌സ്‌റ്റി ഒരു പഠനം നടത്തി. കുടിവെള്ളം വിതരണം ചെയ്‌തിരുന്ന ചെന്നൈ കോർപ്പറേഷൻ്റെ പരിധിയിൽ വരുന്ന 330 സ്ഥലങ്ങളിൽ 329 സ്ഥലങ്ങളിലും വിതരണം ചെയ്‌ത വെള്ളത്തിൽ ക്ലോറിൻ്റെ അളവ് വളരെ കൂടുതലായിരുന്നുവെന്ന് കണ്ടെത്തി. ഇതിൽത്തന്നെ വെള്ളം വിതരണം ചെയ്‌ത 220 സ്ഥലങ്ങളിൽ 2 മില്ലിഗ്രാമിൽ കവിഞ്ഞും ക്ലോറിൻ ഉപയോഗിച്ചു. ഉയർന്ന അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിക്കുന്നത് ഹൃദ്രോഗങ്ങൾ, അലർജികൾ, വിളർച്ച എന്നിവയുൾപ്പെടെയുള്ള അപകടകരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
ഉപോത്പന്നങ്ങൾ (DBPs) ഭീഷണിയാകുന്നു
ക്ലോറിൻ ഒരു അണുനാശിനിയായി ഉപയോഗിക്കുന്നുണ്ടെങ്കിലും വെള്ളത്തിൽ രൂപപ്പെടുന്ന ഉപോത്പന്നങ്ങൾ (DBPs) വെള്ളത്തിൽ പുതിയ മാലിന്യങ്ങളെ സൃഷ്‌ടിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ 700ലധികം ഉപോത്പന്നങ്ങളെയാണ് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുള്ളത്. യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി (USEPA) അവയെ ട്രൈഹാലോമീഥേനുകൾ (THMs), ഹാലോഅസെറ്റിക് ആസിഡുകൾ (HAAs) എന്നിങ്ങനെ രണ്ടായി തരത്തിൽ തരംതിരിച്ചിട്ടുണ്ട്.
ഈ ഉപോത്പന്നങ്ങൾ വൻകുടൽ, മലാശയം, വൃക്ക, സ്‌തനം, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയവയിൽ കാൻസറുകൾക്കും ജനന വൈകല്യങ്ങൾക്കും കാരണമാകുമെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പും നൽകുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങളെ അടിസ്ഥാനമാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സ് (BIS) ക്ലോറിനും അതിൻ്റെ ഉപോത്പന്നങ്ങളുടെ ഉപയോഗത്തിലും മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്.






