കോഴിയിറച്ചി വില 350 കടക്കും? കൃത്രിമ ക്ഷാമമെന്ന് വ്യാപാരികൾ,

0
32

കോഴിക്കോട്: ജില്ലയിൽ കോഴിയിറച്ചി വില റെക്കോർഡ് നിരക്കിലേക്ക് കുതിച്ചുയർന്നതോടെ വിപണിയിൽ ആശങ്ക ശക്തമാകുന്നു. രണ്ടാഴ്ച മുമ്പ് 200 രൂപയായിരുന്ന ബ്രോയിലർ കോഴിയിറച്ചിക്ക് കിലോയ്ക്ക് 290 രൂപയായും ലഗോൺ കോഴിക്ക് 230 രൂപയായും സ്പ്രിങ് ചിക്കന് 340 രൂപ വരെയും എത്തിനിൽക്കുകയാണ്. ക്രിസ്മസ്, ന്യൂ ഇയർ, സ്കൂൾ അവധി കാലഘട്ടങ്ങളിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വൻകിടക്കാർ വില വർധിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കോഴിക്കോട്ടെ വ്യാപാരികൾ ആരോപിക്കുന്നു.

വിപണിയിൽ മറ്റിനങ്ങളുടെ വിലയിലും ക്രമാതീതമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. വൻകിട ഫാമുടമകൾ കോഴികളെ വിൽക്കാതെ പൂഴ്ത്തിവച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് കോഴിക്കോട്ടെ വ്യാപാരികൾ പരാതിപ്പെടുന്നു. കേരളത്തിലെ ഫാമുകളിൽനിന്ന് മൊത്തമായി കോഴികളെ വാങ്ങി ഇതര സംസ്ഥാനങ്ങളിൽ എത്തിക്കുകയും, അവിടെനിന്ന് വീണ്ടും കേരളത്തിലേക്ക് കൊണ്ടുവന്ന് ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്ന രീതിയാണ് നിലവിൽ നടക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ ഫാമുകളിൽ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതും വിലവർധനയ്ക്ക് കാരണമായെന്ന് കൊയിലാണ്ടിയിലെ വ്യാപാരിയായ റഷീദ് ചൂണ്ടിക്കാട്ടി.

തെക്കൻ ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിവില കുറയുമെന്ന് വിപണിയിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും നടത്തി ഡിമാൻഡ് ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്ന് വ്യാപാരികൾ ഒരേസ്വരത്തിൽ പറയുന്നു. നിലവിലെ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ ചിക്കൻ വില 350 രൂപ വരെ എത്തുമെന്ന ആശങ്കയും വ്യാപാരികൾ പങ്കുവയ്ക്കുന്നുണ്ട്. ക്രിസ്മസ്, ന്യൂ ഇയർ, സ്കൂൾ അവധി തുടങ്ങിയ സമയങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വില വർധിപ്പിച്ചതെന്ന് ചിക്കൻ വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി വ്യക്തമാക്കി.

ഇത്തരം ഫാമുകളിൽ സിവിൽ സപ്ലൈസ് അധികൃതർ പരിശോധന നടത്തി കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ കോഴിവിൽപന കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതേസമയം, കോഴിത്തീറ്റയുടെ വിലവർധന ഉത്പാദനച്ചെലവ് കൂട്ടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ഫാമുടമകളുടെ വിശദീകരണം. വില കൂട്ടി ലഭിച്ചില്ലെങ്കിൽ ഫാമുകൾ പൂട്ടിപ്പോകുന്ന അവസ്ഥയാണുള്ളതെന്ന് അവർ പറയുന്നു. പുതുവത്സര തലേന്ന് ജില്ലയിൽ 2.1 ലക്ഷം കിലോ കോഴിയിറച്ചി വിൽപന നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രധാനമായും ബെംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് ഇറച്ചിക്കോഴികൾ എത്തുന്നത്. ഇതിൽ ബെംഗളൂരു കേന്ദ്രീകരിച്ചാണ് വില നിശ്ചയിക്കുന്നത്. അതത് ദിവസത്തെ വില മൊത്ത വിൽപനക്കാരെ അറിയിക്കുന്നതാണ് പതിവ്. ബെംഗളൂരുവിൽ സ്റ്റോക്ക് കുറയുന്നതിനനുസരിച്ച് കേരളത്തിലെ ഫാമുകളിൽനിന്നുള്ള കോഴികൾ അങ്ങോട്ട് എത്തിക്കുകയും, അതിൻ്റെ ചെലവും ലാഭവും കണക്കാക്കി പിന്നീട് വില നിശ്ചയിക്കുകയും ചെയ്യുന്നു. സ്വന്തം പ്രദേശത്തെ ഫാമിൽനിന്നുള്ള കോഴികൾ നാട് ചുറ്റി വരുമ്പോൾ ഉപഭോക്താക്കൾ അമിതവില നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഇറച്ചിവില വർധിച്ചതോടെ ഹോട്ടൽ വിഭവങ്ങൾക്കും വില കൂടിയിട്ടുണ്ട്. അമിതമായ വിലവർധനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ശക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here