രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത് നിതീഷ് കുമാർ; ബിഹാർ രാഷ്ട്രീയത്തിന് പുതിയ മുഖം,,

0
49

രാജ്യസഭ അം​ഗമായി സത്യപ്രതിജ്ഞ ചെയ്‌ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പിന്നാലെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചേക്കും. സത്യപ്രതിജ്ഞ ചെയ്യാൻ നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഡൽഹിയിലെത്തിയിരുന്നു.

അതേസമയം ബിഹാറിന്‍റെ പുതിയ മുഖ്യമന്ത്രിയെ ഈ മാസം 13ന് തീരുമാനിക്കും. ബിഹാറിൽ ചേരുന്ന എൻഡിഎ യോ​ഗത്തിലാണ് ഇക്കാര്യം തീരുമാനിക്കുക. 16നാകും സത്യപ്രതിജ്ഞ. കഴിഞ്ഞ മാസം 30നാണ് നിതീഷ് കുമാർ നിയമസഭാ കൗൺസിൽ അംഗത്വം ഔദ്യോഗികമായി രാജിവച്ചത്. ഇതോടെ ബിഹാർ രാഷ്ട്രീയത്തില്‍ വമ്പൻ മാറ്റങ്ങൾ ഉണ്ടാകാൻ പോവുകയാണെന്നാണ് വിലയിരുത്തൽ.

ഇന്ന് (ഏപ്രിൽ 10) ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തും. രണ്ട് പതിറ്റാണ്ടിലധികം ബിഹാർ മുഖ്യമന്ത്രി കസേരയിലിരുന്ന ഒരു രാഷ്ട്രീയ അതികായൻ്റെ ഈ പടിയിറക്കം പാർട്ടി പ്രവർത്തകർക്കിടയിൽ സമ്മിശ്ര വികാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം പകരക്കാരനായി മകൻ നിഷാന്ത്, സാമ്രാട് ചൗധരി എന്നിവരായിരിക്കും ജെഡിയുവിനെ നയിക്കാനെത്തുന്നതെന്നാണ് നിലവിലെ രാഷ്ട്രീയ ധാരണ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമായിട്ടില്ല.

പാർലമെൻ്റിലേക്കും സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് രാജിവയ്ക്കണമെന്നും അങ്ങനെ ചെയ്‌തില്ലെങ്കിൽ അവരുടെ പാർലമെൻ്ററി അംഗത്വം ഇല്ലാതാകുമെന്നും നിയമം അനുശാസിക്കുന്നു. സംസ്ഥാന രാഷ്‌ട്രീയത്തിലെ പ്രഹേളികയാണ് നിതീഷ് കുമാർ. പ്രതിരോധത്തിന്‍റെ പ്രതീകം, ജനാധിപത്യ പാരമ്പര്യത്തിന്‍റെ അപ്പോസ്‌തലന്‍, വികസന ഭരണത്തിന്‍റെ അമരക്കാരന്‍, ദാര്‍ശനികനായ രാഷ്‌ട്രീയക്കാരന്‍ അങ്ങനയെങ്ങനെ നിരവധി പേരുകൾ അദ്ദേഹം നേടി കഴിഞ്ഞു.

രാഷ്ട്രീയ ജീവിതം

പട്‌ന ജില്ലയിലെ ഗംഗാ നദീതീരത്ത് ഭക്ത്യാര്‍പൂരില്‍ സ്വാതന്ത്ര്യസമര സേനാനിയും നാട്ടുവൈദ്യനുമായിരുന്ന രാം ലഖാന്‍ സിങ്ങിന്‍റെയും പരമേശ്വരി ദേവിയുടെയും മകനായി ജനിച്ച അദ്ദേഹം അന്നത്തെ ബിഹാര്‍ എഞ്ചിനിയറിങ് കോളജില്‍ (ഇന്നത്തെ പട്‌ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) നിന്ന് ബിരുദം നേടി. 1974നും 77നുമിടയില്‍ നടന്ന ജനതാ പ്രക്ഷോഭത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

1974ലും 75ല്‍ അടിയന്തരാവസ്ഥക്കാലത്തും മിസ (ആഭ്യന്തര സുരക്ഷ നിയമം-മെയിന്‍റനന്‍സ് ഓഫ് ഇന്‍റേണല്‍ സെക്യുരിറ്റി ആക്‌ട്) തടവിൽ കിടന്നു. സ്വാതന്ത്ര്യാനാന്തര ഇന്ത്യയിലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ മാതാവായ ഈ പ്രസ്ഥാനത്തിലൂടെ അദ്ദേഹം സോഷ്യലിസ്‌റ്റ് കാഴ്‌ചപ്പാടുള്ള ഒരു നേതാവായി ഉദിച്ചുയര്‍ന്നു. ജയപ്രകാശ് നാരായണൻ്റെ ശിക്ഷണത്തിലായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിനും മറ്റ് വിപ്ലവതാരങ്ങള്‍ക്കുമൊപ്പം നിതീഷും രാഷ്‌ട്രീയ പയറ്റുകള്‍ അഭ്യസിച്ചത്.

അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ തന്നെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രാം വിലാസ് പാസ്വാനും ലാലുപ്രസാദ് യാദവുമൊക്കെ രാഷ്‌ട്രീയ മേഖലയില്‍ തങ്ങളുടേതായ ആധിപത്യം ഉറപ്പിച്ചെങ്കിലും നിതീഷിന് തന്‍റെ അവസരത്തിനായി പിന്നെയും ഏറെ കാത്തിരിക്കേണ്ടി വന്നു. 1985ലാണ് അദ്ദേഹം ആദ്യമായി ഒരു എംഎല്‍എയാകുന്നത്. അതും സ്വതന്ത്രനായി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടേയില്ല. 1989ല്‍ അദ്ദേഹം ലോക്‌സഭയിലെത്തി.

പിന്നീടിങ്ങോട്ട് ആറ് തവണ ബിഹാര്‍ ജനത അദ്ദേഹത്തെ പാര്‍ലമെന്‍റിലേക്ക് അയച്ചുവെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ സ്വാധീനം ഊഹിക്കാവുന്നതേയുള്ളൂ. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കെ റെയില്‍വേ, ഉപരിതല ഗതാഗതം, കൃഷി തുടങ്ങി വിവിധ വകുപ്പുകളില്‍ കേന്ദ്രമന്ത്രിപദവും അലങ്കരിച്ചു. ഇതിനിടെ 2000 മാര്‍ച്ചില്‍ കേവലം എട്ട് ദിവസം മാത്രം ബിഹാര്‍ മുഖ്യമന്ത്രി പദത്തിലും അദ്ദേഹം ഇരുന്നിട്ടുണ്ട്. പിന്നീട് 2005 നവംബറില്‍ ജനങ്ങളുടെ പിന്തുണ കിട്ടുകയും യഥാർഥ ജനകീയ വിജയം നേടിയ അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here