കള്ളന്മാർക്കും വേണ്ടാത്ത അവസ്ഥ! ഒരു കിലോയ്ക്ക് 16 രൂപ; നേന്ത്രവാഴ കർഷകർ കടുത്ത പ്രതിസന്ധിയിൽ

0
46

നേന്ത്രവാഴ കുലയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ വൻ തുക മുടക്കി കൃഷിയിറക്കിയവർ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കുലകൾ എത്തുന്നതാണ് വിപണിയെ തകിടം മറിച്ചത്.

കിലോയ്ക്ക് 24 മുതൽ 25 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ആ വിലയ്ക്ക് പോലും കായ എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് കിലോയ്ക്ക് 16 രൂപ നിരക്കിൽ വന്തോതിൽ വാഴക്കുലകൾ വിപണിയിൽ എത്തുന്നുണ്ട്. ഇവ ആവശ്യക്കാർക്ക് ലോറിയിൽ അതാത് സ്ഥലങ്ങളിൽ എത്തിച്ചുനൽകുന്നതാണ് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്.

ഒരു നേന്ത്രവാഴ നട്ടുപരിപാലിച്ച് കുല പാകമായി വരാൻ ശരാശരി 200 രൂപയോളം ചെലവ് വരും. ഇതിൽനിന്ന് ഏകദേശം ഒമ്പത് കിലോയോളം തൂക്കം വരുന്ന കുല ലഭിച്ചാൽ പോലും വിറ്റഴിച്ചാൽ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് കർഷകർ ഉയർത്തുന്നത്. പലരും സംഘകൃഷിയായി ബാങ്കുകളിൽനിന്ന് വായ്പ എടുത്തും പലിശയ്ക്ക് പണം വാങ്ങിയും പാട്ടത്തിന് സ്ഥലമെടുത്തുമാണ് കൃഷി നടത്തുന്നത്.

പ്രതിസന്ധിയിലായി കർഷകർ; അധികൃതർ കൈമലർത്തുന്നു

വിലയിടിവും ഇതര ജില്ലകളിൽനിന്നുള്ള ഇറക്കുമതിയും കാരണം പാകമായ കുലകൾ വെട്ടാൻ പറ്റാത്ത അവസ്ഥയിലാണെന്ന് തിരുമ്പാടിയിലെ നേന്ത്രവാഴക്കർഷകൻ മാത്യു ഏബ്രഹാം ചേന്നപ്പള്ളി ചൂണ്ടിക്കാട്ടി. ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) സംവിധാനങ്ങൾ പരാജയപ്പെട്ട നിലയിലാണെന്ന് സ്ഥലം പാട്ടത്തിന് എടുത്ത് വാഴകൃഷി നടത്തുന്ന ഇ.പി ബാബുവും പറഞ്ഞു. വാഴക്കുല സംഭരണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഹോർട്ടികോർപ് വിപണിയിൽ ഇടപെടുന്നില്ല. നേരത്തെ 32 രൂപ താങ്ങുവില വിഎഫ്പിസികെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ലാത്ത സ്ഥിതിയാണ്.

2019നു ശേഷം പ്രകൃതിക്ഷോഭത്തിൽ വാഴകൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. കൃഷി ഇൻഷുർ ചെയ്തവർക്ക് കൃഷി നശിച്ചതിന് 2025ൽ നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. ഈ വിഷയങ്ങളിൽ പരിഹാരം കാണാൻ കൃഷി വകുപ്പും സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് വാഴക്കർഷകർ ആവശ്യപ്പെടുന്നത്.

കള്ളന്മാർക്കും വേണ്ടാത്ത അവസ്ഥ

കുലയ്ക്ക് വില കൂടിയപ്പോൾ താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വാഴക്കുല മോഷണം പോകുന്നത് പതിവായിരുന്നു. കർഷകന് പഴം കഴിക്കാനോ വിൽക്കാനോ യോഗമില്ലാത്ത വിധം നേരം ഇരുട്ടിയാൽ മോഷ്ടാക്കൾ എത്തി കുല കൊണ്ടുപോകുമായിരുന്നു. ആരാണ് ഈ ‘കുലച്ചതി’ ചെയ്യുന്നതെന്ന് നോക്കിയിരിക്കവെ സിസിടിവി ദൃശ്യങ്ങൾ വരെ ലഭിച്ചിരുന്നു. രാത്രികാലങ്ങളിൽ കാവലിരിക്കേണ്ട അവസ്ഥയായിരുന്നെങ്കിൽ വില ഇടിഞ്ഞതോടെ ഇപ്പോൾ ഒരു കാവലും ആവശ്യമില്ലാത്ത സാഹചര്യമാണ്. ചുരുക്കത്തിൽ കള്ളന്മാർക്കുപോലും കുല വേണ്ടാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

നേന്ത്രപ്പഴത്തിൻ്റെ ഗുണങ്ങൾ

വിപണിയിൽ വില ഇടിഞ്ഞെങ്കിലും കേരളീയരുടെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ എ, സി, ഡി, ബി6 എന്നിവയാൽ സമ്പന്നമായ ഇത് ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയത്തിൻ്റെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമാക്കാനും മലബന്ധം ഒഴിവാക്കാനും ഉത്തമമാണ്.

കാർബോഹൈഡ്രേറ്റുകളും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയതിനാൽ ശരീരത്തിന് പെട്ടെന്ന് ഊർജം നൽകാൻ സഹായിക്കും. അതിനാൽ വ്യായാമത്തിന് മുൻപ് കഴിക്കുന്നത് ഗുണകരമാണ്. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർധിക്കാൻ ആഗ്രഹിക്കുന്നവർക്കും കുട്ടികൾക്കും ഇത് മികച്ച ഭക്ഷണമാണ്. നെയ്യ് ചേർത്ത് നൽകുന്നത് കുട്ടികളുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിൻ സി പ്രതിരോധശേഷി വർധിക്കാൻ സഹായിക്കുന്നു. കൂടാതെ മഗ്നീഷ്യവും കാൽസ്യവും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണകരമാണ്. ദിവസവും ഓരോ നേന്ത്രപ്പഴം പുഴുങ്ങിയോ അല്ലാതെയോ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് വിദഗ്ധർ ശിപാർശ ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here