പശ്ചിമേഷ്യൻ സംഘർഷം; നയതന്ത്ര ഇടപെടലുമായി ഇന്ത്യ,

0
47

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി. ഹോർമുസ് കടലിടുക്ക് തുറക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനു പുതിയ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ നിർണായക ഇടപെടൽ.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായാണ് എസ് ജയശങ്കർ ഫോണിൽ സംസാരിച്ചത്. ആഗോള ഊർജ വിതരണത്തിൽ ഈ സംഘർഷം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് ചർച്ചകളിൽ പ്രധാന വിഷയമായത്.

നയതന്ത്ര ശ്രമങ്ങൾ ഊർജിതം

ഇറാൻ വിദേശകാര്യ മന്ത്രിയിൽനിന്ന് ഫോൺ കോൾ ലഭിച്ചുവെന്നും നിലവിലെ സാഹചര്യം ചർച്ച ചെയ്തുവെന്നും ജയശങ്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളുമാണ് പ്രധാനമായും ചർച്ചയായതെന്ന് ഇറാൻ എംബസി വ്യക്തമാക്കി. ഖത്തർ, യുഎഇ നേതാക്കളുമായും പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ സംഘർഷം വർധിച്ച സാഹചര്യത്തിലാണ് പശ്ചിമേഷ്യൻ നേതാക്കളുമായി ഇന്ത്യ ചർച്ച നടത്തിയത്.

ആഗോള വിപണിയിൽ ആശങ്ക

യുദ്ധസാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണം ആഗോള വിപണിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ഈ സമുദ്രപാതയിലൂടെയാണ് ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിൻ്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്നത്. ഉപരോധത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണ, പ്രകൃതിവാതക വില കുതിച്ചുയർന്നു.

ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. എണ്ണവിലയിലെ വർധന ആഗോളതലത്തിൽ പണപ്പെരുപ്പം ഉയരാനും സാമ്പത്തിക വളർച്ച മന്ദഗതിയിലാകാനും കാരണമാകും. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതിൽ വലിയ ആശങ്കയുണ്ടെന്നും പാത പൂർണമായും തുറക്കണമെന്നും പ്രമുഖ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകുന്നുണ്ട്.

ഇന്ത്യയുടെ നിലപാട്

ഇന്ധന ഇറക്കുമതിക്കായി പശ്ചിമേഷ്യയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് എണ്ണവില വർധന വലിയ തിരിച്ചടിയാണ്. വാണിജ്യ കപ്പലുകൾക്കുള്ള ഉപരോധം തുടർന്നാൽ അത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇന്ധന, വളം സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നാണ് ന്യൂഡൽഹിയുടെ വിലയിരുത്തൽ. പശ്ചിമേഷ്യയിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യ നയതന്ത്ര ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഊർജ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിൻ്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രി വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി ആശയവിനിമയം ശക്തമാക്കിയത്. പ്രശ്നപരിഹാരത്തിനായി സമാധാനപരമായ ചർച്ചകൾ തുടരണമെന്നും ആഗോള സമാധാനത്തിന് വെല്ലുവിളിയാകുന്ന നടപടികളിൽനിന്ന് രാജ്യങ്ങൾ പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കേണ്ടത് ലോകരാജ്യങ്ങളുടെ പൊതുവായ ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here