തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവന് 1000 രൂപയും ഗ്രാമിന് 125 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും മറ്റ് ആഗോള സാമ്പത്തിക പ്രതിസന്ധികളുമാണ് നിലവിൽ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
22 കാരറ്റ് സ്വർണം പവന് ഇന്ന് 1,13,080 രൂപയാണ്. ഇന്നലെ ഇത് 1,14,080 രൂപയായിരുന്നു. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 800 രൂപ കുറഞ്ഞ് 92,920 രൂപയിലെത്തി. ഇന്നലെ 93,720 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,615 രൂപയായി.
14 കാരറ്റ് സ്വർണം പവന് 640 രൂപ കുറഞ്ഞ് 72,360 രൂപയും ഗ്രാമിന് 80 രൂപ കുറഞ്ഞ് 9,045 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണം പവന് 400 രൂപ കുറഞ്ഞ് 46,680 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,835 രൂപയുമായി. വെള്ളിക്ക് 10 ഗ്രാമിന് 2,650 രൂപയും ഒരു ഗ്രാമിന് 265 രൂപയുമാണ് ഇന്നത്തെ നിരക്ക്.
നിലവിലെ സ്വർണവിലയിലെ ചാഞ്ചാട്ടം സാധാരണക്കാർക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പൊടുന്നനെ വില കുറയുന്നത് ഏറെ ആശ്വാസമാണ്. പ്രത്യേകിച്ച് സംസ്ഥാനത്ത് വിവാഹ സീസൺ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത് ഗുണം ചെയ്യും.
രാജ്യത്ത് ഏറ്റവും ഉയർന്ന ഒറ്റദിന സ്വർണ വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. സംസ്ഥാനത്തെ നിരവധിയായ സ്വർണ വ്യാപാര ശാലകൾ അക്ഷയ തൃതീയക്കായി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന വിലവർധന ഈ വർഷം ഉണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
പശ്ചിമേഷ്യൻ സംഘർഷം സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയിലും പ്രതിഫലിക്കും. സ്വർണവിലയ്ക്ക് പുറമെ പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവയും ചേർത്താണ് ആഭരണത്തിൻ്റെ അന്തിമ വില വ്യാപാരികൾ നിശ്ചയിക്കുന്നത്.
ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി വലിയ തോതിൽ വ്യത്യാസപ്പെടും. അഞ്ച് ശതമാനം മുതലാണ് വ്യാപാരികൾ പണിക്കൂലി ഈടാക്കുന്നത്. ഇവയെല്ലാം കണക്കാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് ഏകദേശം 1.15 ലക്ഷം രൂപ നിലവിൽ ചെലവാകും. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സംസ്ഥാനത്തെ വിലയിൽ വേഗത്തിൽ പ്രതിഫലിക്കും.
ഡോളർ സൂചിക ദുർബലമാകുന്നത് സ്വർണവില ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് രാജ്യാന്തര തലത്തിൽ വില ഉയരുന്നതിൻ്റെ മറ്റൊരു പ്രധാന കാരണം. പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വം, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കിലെ മാറ്റങ്ങൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കും. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ ആഗോള തലത്തിൽ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിച്ചാൽ ക്രൂഡ് ഓയിൽ വില കുറയാമെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില വീണ്ടും വർധിച്ചേക്കാം. വിപണിയിൽ പെട്ടെന്നൊരു വിലയിടിവിന് സാധ്യതയില്ലെന്നും സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിലും വിപണിയിൽ സമാനമായ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.




