കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ബിന്‍ലാദനാവാന്‍ ശ്രമിക്കുകയാണെന്ന പരസ്യ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍. മതത്തിന്റെ പേരില്‍ തീവ്രവാദം വളര്‍ത്തുകയാണ് പിണറായി വിജയനെന്നും കാസര്‍ഗോഡ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അല്‍-കൊടിയേരിയായി മാറിയിരിക്കുകയാണ്. സദ്ദാംഹുസൈനെ തൂക്കിക്കൊന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണ് സി.പി.എമ്മുകാര്‍. ബിന്‍ലാദന്‍ മരിച്ചപ്പോള്‍ അവര്‍ ലാദന്റെ കൂടെയായി. ഇന്ന് ജലീലിനെ രക്ഷിക്കാന്‍ വിശുദ്ധഗ്രന്ഥത്തെ ഉപയോഗിക്കുകയാണിവര്‍.ഖുറാന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടന്നോയെന്ന് അറിയില്ലെന്നാണ് ഇപ്പോള്‍ കെ.ടി ജലീല്‍ പറയുന്നത്. എന്നാല്‍ ഖുറാനെ അപമാനിച്ചെന്ന് പറയുന്ന മുഖ്യമന്ത്രി നിലപാട് മാറ്റാന്‍ തയ്യാറുണ്ടോയെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ നിലപാട് സി.പി.എമ്മിലെ ഒരു വിഭാഗത്തിനെ വഞ്ചിക്കുന്നതാണ്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വഞ്ചിക്കപ്പെട്ട അവര്‍ സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ്- സി.പി.എം അവിശുദ്ധസഖ്യം ഉള്ളതുകൊണ്ടാണ് മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഒരു മുന്‍കൂര്‍ ജാമ്യ അപേക്ഷ പോലും കമറുദ്ദീന്‍ നല്‍കാത്തത് അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് കൊണ്ടാണ്. മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ഈ കാര്യം ചോദിച്ചപ്പോള്‍ വലിയ തട്ടിപ്പാണ് നടന്നതെന്നും അന്വേഷിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടും ഒരു ചോദ്യം ചെയ്യലിന് പോലും എം.എല്‍.എയെ വിളിപ്പിക്കാത്ത സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് പറയുന്നത് കണ്ണില്‍പൊടിയിടാനാണ്. കാസര്‍ഗോഡ് ജില്ലയില്‍ പല പഞ്ചായത്തുകളിലും ബി.ജെ.പിയെ പുറത്താക്കാന്‍ ലീഗ്-സി.പി.എം സഖ്യം നിലവിലുണ്ട്.പണം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എങ്ങനെയാണ് ഇത്രയും വലിയ തുക സമാഹരിക്കുക? ബാങ്ക് വഴിയല്ലാതെ വരുന്ന തുകയെല്ലാം കള്ളപ്പണമാണെന്ന് കേരള പൊലീസിനറിയില്ലേ? അങ്ങനെയെങ്കില്‍ പൊലീസ് എന്തിനാണ് ഇത് അനുവദിക്കുന്നത്? സര്‍ക്കാരാണ് കമറുദ്ദീനെ സംരക്ഷിക്കുന്നത്. പോപ്പുലാര്‍ഫിനാന്‍സ് തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ട സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്രയും പേരെ വഞ്ചിച്ച ഈ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു