അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ വില നിയന്ത്രണ പരിധി വിപുലീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെൻററി സമിതി.

0
93

രാജ്യത്ത് അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ വില നിയന്ത്രണ പരിധി വിപുലീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെൻററി സമിതി. ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾക്കും മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കും നേരത്തെ ഏർപ്പെടുത്തിയ വില നിയന്ത്രണം വൻ വിജയമായിരുന്നിട്ടും മറ്റു പല ഉപകരണങ്ങളുടെയും അമിത വില രോഗികളെ കടക്കെണിയിലാക്കുന്നുവെന്ന് സമിതി മുന്നറിയിപ്പ് നൽകി.

രാജ്യസഭാ ഹർജി സമിതി സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ ആശങ്കകൾ പങ്കുവെച്ചിരിക്കുന്നത്. ഹൃദയസംബന്ധമായ ശസ്ത്രക്രിയകളിലും ന്യൂറോ സർജറികളിലും ഉപയോഗിക്കുന്ന പല ജീവൻരാക്ഷാ ഉപകരണങ്ങളും ഇപ്പോഴും വില നിയന്ത്രണ പരിധിക്ക് പുറത്താണെന്നും ഇത് ചികിത്സാചെലവിന്റെ വലിയൊരു ഭാഗം രോഗി നേരിട്ട് വഹിക്കാൻ ഇടയാക്കുന്നുവെന്നും സമിതി നിരീക്ഷിച്ചു.

ഹൃദയവാൽവുകൾ, പേസ്മേക്കറുകൾ ന്യൂറോ സർജറിയിൽ ഉപയോഗിക്കുന്ന ഇംപ്ലാൻഡുകൾ, അഡ്വാൻസ് സ്റ്റെന്റുകൾ എന്നിവ അടിയന്തരമായി വില നിയന്ത്രണ പരിധിയിൽ കൊണ്ടുവരണമെന്ന് സമിതി നിർദേശിച്ചു. നിലവിൽ ഇന്ത്യയിലെ ആവശ്യമരുന്നുകളുടെ പട്ടികയിൽ നാലു മെഡിക്കൽ ഉപകരണങ്ങൾ മാത്രമാണുള്ളത്. കാർഡിയാക് സ്റ്റെന്റുകൾ,ഡ്രഗ് എല്യൂട്ടിംഗ് സ്റ്റെന്റുകൾ, കോണ്ടം, ഗർഭാശയ ഉപകരണങ്ങൾ എന്നിവയാണവ.

ഈ പരിമിതമായ പട്ടിക കാരണം ഉയർന്ന വിലയുള്ള പല അത്യാധുനിക ഉപകരണങ്ങളും വില നിയന്ത്രണമില്ലാതെ തുടരുകയാണ്. ഹൃദയ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന രോഗികൾ വാൽവ് ചെലവിന്റെ 40 ശതമാനവും അയോർട്ടിക് സ്റ്റെന്റ് ചെലവിന്റെ 70 ശതമാനവും ഇപ്പോഴും നേരിട്ട് വഹിക്കേണ്ടി വരികയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ ആശുപത്രികളിലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

അമിതവില ഉയർത്തുന്ന ആശങ്കകൾ

കൃത്രിമമായി ഉയർത്തിക്കാട്ടുന്ന എം.ആർ.പി സംവിധാനത്തെ കുറിച്ചും സമിതി മുന്നറിയിപ്പ് നൽകി. അസോസിയേഷൻ ഓഫ് ഇന്ത്യൻ മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി നൽകിയ വിവരമനുസരിച്ച് രോഗികൾക്ക് ലാഭകരമായ ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിന് പകരം കൂടുതൽ ലാഭം ലഭിക്കുന്ന ഉയർന്ന എം.ആർ.പി ഉള്ള ഉപകരണങ്ങൾ തിരഞ്ഞെടുക്കാനാണ് ആശുപത്രികൾ താൽപര്യപ്പെടുന്നത്.

ഇത് പരിഹരിക്കാനായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് സമിതി നിർദ്ദേശിച്ചു. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ യഥാർത്ഥ വിലയും എം.ആർ.പിയും തമ്മിലുള്ള വ്യത്യാസം നിരീക്ഷിക്കുകയും അമിതമായ ലാഭം ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here