കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് അങ്കണവാടി വിദ്യാർഥി (മൂന്നര വയസ്സ്)യാണ് മരിച്ചത്. ഇതിനുപിന്നാലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 34 പേർക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്. ഇതിൽ കൂടുതൽ പേരും നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളാണ്.
എന്താണ് ഷിഗെല്ല ബാക്ടീരിയ?
ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. പ്രധാനമായും വയറിളക്കത്തിലൂടെയാണ് ഈ രോഗം പ്രകടമാകുന്നത്. അഞ്ചു വയസിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവർക്കും ഷിഗെല്ല ബാധിക്കാം.
പ്രധാന ലക്ഷണങ്ങൾ
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. രോഗം ഗുരുതരമാകുമ്പോൾ രക്തത്തോടുകൂടിയ വയറിളക്കമാകും. സാധാരണഗതിയിൽ ഈ ലക്ഷണങ്ങൾ 7 ദിവസം വരെ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കില്ലെങ്കിലും അവരുടെ മലത്തിലൂടെ ബാക്ടീരിയകൾ മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്.







