അമേരിക്കയിൽ റിലയൻസിൻ്റെ വമ്പൻ നിക്ഷേപം; പുതിയ എണ്ണ ശുദ്ധീകരണ ശാല പ്രഖ്യാപിച്ച് ട്രംപ്

0
5

വാഷിങ്‌ടണ്‍: അമേരിക്കൻ ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് 50 വർഷത്തിനിടയിലെ ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണ ശാല പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ നിക്ഷേപ പങ്കാളിത്തത്തോടെയാണ് ഈ വമ്പൻ പദ്ധതി നടപ്പിലാക്കുന്നത്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്.

ടെക്‌സാസിലെ ബ്രൗൺസ്‌വില്ലിൽ സ്ഥാപിക്കുന്ന ‘അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്’ എന്ന ഈ പദ്ധതി യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 300 ബില്യൺ ഡോളറിൻ്റെ (ഏകദേശം 25 ലക്ഷം കോടി രൂപ) ഈ പദ്ധതി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ്. ഇതിനായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായ റിലയൻസിനോട് ട്രംപ് നന്ദി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, അമേരിക്കൻ വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കാനും ദേശീയ സുരക്ഷ ശക്തമാക്കാനും ഈ ശുദ്ധീകരണ ശാല സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“അമേരിക്ക യഥാർത്ഥ ഊർജ്ജ ആധിപത്യത്തിലേക്ക് തിരിച്ചെത്തുകയാണ്! കഴിഞ്ഞ 50 വർഷത്തിനിടയിൽ അമേരിക്കയിൽ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണ ശാല, ടെക്‌സസിലെ ബ്രൗൺസ്‌വില്ലിൽ ‘അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്’ ആരംഭിക്കുകയാണെന്ന് ഇന്ന് ഞാൻ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നു. ഇത് ചരിത്രപരമായ 300 ബില്യൺ ഡോളറിൻ്റെ ഇടപാടാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലുത്! അമേരിക്കൻ തൊഴിലാളികൾക്കും ഊർജ്ജ മേഖലയ്ക്കും തെക്കൻ ടെക്‌സസിലെ മഹാനായ ജനങ്ങൾക്കും ലഭിച്ച വലിയൊരു വിജയമാണിത്. ഈ വലിയ നിക്ഷേപത്തിന് ഇന്ത്യയിലെ നമ്മുടെ പങ്കാളികൾക്കും അവിടുത്തെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായ റിലയൻസിനും നന്ദി അറിയിക്കുന്നു.

നമ്മുടെ ‘അമേരിക്ക ഫസ്റ്റ്’ അജണ്ടയും, പെർമിറ്റുകൾ വേഗത്തിലാക്കിയതും, നികുതി കുറച്ചതുമാണ് കോടിക്കണക്കിന് ഡോളറിൻ്റെ ഇത്തരം കരാറുകളെ നമ്മുടെ രാജ്യത്തേക്ക് തിരികെ ആകർഷിക്കാൻ കാരണമായത്. ബ്രൗൺസ്‌വിൽ തുറമുഖത്തോട് ചേർന്ന് വരുന്ന ഈ പുതിയ റിഫൈനറി യുഎസ് വിപണികൾക്ക് ഇന്ധനം നൽകുകയും, നമ്മുടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും, അമേരിക്കൻ ഊർജ്ജ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യും. ഇത് സാമ്പത്തിക മേഖലയിൽ കോടിക്കണക്കിന് ഡോളറിൻ്റെ സ്വാധീനം ചെലുത്തുമെന്ന് മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ റിഫൈനറി ആയിരിക്കുകയും ചെയ്യും. ഇത് ആഗോള കയറ്റുമതിക്ക് കരുത്ത് പകരുകയും, ദീർഘകാലമായി അർഹമായ വികസനം കാത്തിരിക്കുന്ന ഒരു മേഖലയിലേക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങളും വളർച്ചയും കൊണ്ടുവരികയും ചെയ്യും. ഇതാണ് ‘അമേരിക്കൻ ഊർജ്ജ ആധിപത്യം. എപ്പോഴും അമേരിക്ക ഒന്നാമത്!” അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

തെക്കൻ ടെക്‌സസ് മേഖലയിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ ഈ പദ്ധതിയിലൂടെ സൃഷ്‌ടിക്കപ്പെടുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും ‘ശുദ്ധമായ’ റിഫൈനറി ആയിരിക്കും ഇതെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടത് ആഗോള വിപണിയെ ബാധിച്ചിട്ടുണ്ട്.

എന്നാൽ, അമേരിക്ക നടത്തുന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ലക്ഷ്യം കാണുന്നതോടെ ഇന്ധനവില ഗണ്യമായി കുറയുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലവിറ്റ് വ്യക്തമാക്കി. ഇറാൻ ഉയർത്തുന്ന ഭീഷണികൾ അവസാനിക്കുന്നതോടെ പഴയതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാകുമെന്നും അവർ ഉറപ്പുനൽകി. ഈ പുതിയ റിഫൈനറി പ്രഖ്യാപനം ആഗോള ഊർജ്ജ വിപണിയിൽ ഇന്ത്യ-അമേരിക്ക സഹകരണത്തിൻ്റെ പുതിയ മുഖമായാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here