രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള വ്യക്തികൾ, കെറ്റോജെനിക് ഡയറ്റും എയറോബിക് വ്യായാമവും പിന്തുടരുന്നത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് പുതിയ പഠനങ്ങൾ. ഉയർന്ന കൊഴുപ്പും, മിതമായ പ്രോട്ടീനും, വളരെ കുറച്ച് കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണ രീതിയാണ് കെറ്റോജെനിക് ഡയറ്റ്.
ഈ പഠനം ശാരീരിക പ്രവർത്തനത്തെ എങ്ങനെ നിലനിർത്തുന്നുവെന്നും ആരോഗ്യത്തെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ഡയറ്റ് പിന്തുടരുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള വ്യക്തികളിൽ പഞ്ചസാരയുടെ അളവ് പൂർണമായും സാധാരണ നിലയിലാക്കുന്നുവെന്ന് തെളിയിക്കുന്നു. വിർജീനിയ ടെക്കിലെ വ്യായാമ വൈദ്യശാസ്ത്രജ്ഞയായ സാറാ ലെസാർഡിൻ്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് കണ്ടെത്തലുകൾ.
കെറ്റോജെനിക് ഡയറ്റ് ശരീരത്തെ കെറ്റോസിസ് (കൂടുതൽ കൊഴുപ്പിനെ സ്വീകരിക്കുന്നു) എന്ന ഉപാപചയ അവസ്ഥയിലേക്ക് തള്ളിവിടുന്നതിലൂടെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ പഞ്ചസാരയ്ക്ക് പകരം കൊഴുപ്പ് ഊർജ്ജത്തിൻ്റെ പ്രാഥമിക ഉറവിടമായി മാറുന്നു. പരമ്പരാഗതമായി ശുപാർശ ചെയ്യുന്ന കുറഞ്ഞ കൊഴുപ്പ് ഭക്ഷണക്രമങ്ങളുമായി ഈ സമീപനം ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതേസമയം അപസ്‌മാരം, പാർക്കിൻസൺസ് തുടങ്ങിയ ചില അവസ്ഥകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ചരിത്രപരമായി പറയുകയാണെങ്കിൽ 1920-കളിൽ ഇൻസുലിൻ വ്യാപകമായി ലഭ്യമാകുന്നതിന് മുമ്പ്, പ്രമേഹം നിയന്ത്രിക്കാൻ ഡോക്‌ടർമാരും സമാനമായ ഭക്ഷണക്രമ സമീപനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ആയതിനാൽ ഈ പഠനം ഭക്ഷണക്രമവും വ്യായാമവും വെവ്വേറെ തന്ത്രങ്ങളായി പ്രവർത്തിക്കുന്നതിനുപകരം, എങ്ങനെ പരസ്‌പരം ഇടപഴകുമെന്ന് എടുത്തുകാണിക്കുന്നുവെന്ന് ലെസാർഡ് പറഞ്ഞു. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്.
എലികളിലെ വിജയകരമായ പരീക്ഷണം
എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തലുകൾ. കെറ്റോജെനിക് ഡയറ്റിലൂടെ എലികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലായതായും ആരോഗ്യത്തെ മെച്ചപ്പെടുത്തിയതായും ലെസാർഡ് പറയുന്നു.
പഠനങ്ങൾ പ്രകാരം, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവുള്ള എലികളെ കൊഴുപ്പ് കൂടുതലുള്ളതും കാർബോഹൈഡ്രേറ്റ് വളരെ കുറവുള്ളതുമായ ഒരു കെറ്റോജെനിക് ഡയറ്റിൽ ഉൾപ്പെടുത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ അവയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലായതായി കണ്ടെത്തി. “കെറ്റോജെനിക് ഡയറ്റിൽ ഉൾപ്പെടുത്തി ഒരാഴ്‌ച കഴിഞ്ഞപ്പോൾ അവയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പൂർണമായും സാധാരണ നിലയിലായെന്നും അവയ്‌ക്ക് പ്രമേഹമില്ലെന്ന് സ്ഥിരീകരിച്ചതായും”, സാറാ ലെസാർഡ് പറയുന്നു.
ഭക്ഷണക്രമം എലികളുടെ പേശികളുടെ ഘടനയിലും മാറ്റം വരുത്തി. പേശികൾ കൂടുതൽ ഓക്‌സിഡേറ്റീവ് ഗുണങ്ങൾ വികസിപ്പിച്ചെടുത്തു. കൂടാതെ ഓക്‌സിജൻ്റെ ഉപയോഗവും വിതരണവും വർധിപ്പിക്കുന്നതിന് വേണ്ടി ക്രമീകരിച്ചിരിക്കുന്ന എയറോബിക് വ്യായാമത്തോട് മികച്ച രീതിയിൽ പ്രതികരിക്കുകയും ചെയ്‌തുവെന്നും അവർ കൂട്ടിച്ചേർത്തു. ശരീരം ഓക്‌സിജൻ കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചുവെന്ന് അവർ വ്യക്തമാക്കി.
എയറോബിക് വ്യായാമത്തിൻ്റെ പ്രാധാന്യം
ദീർഘകാല ആരോഗ്യവും ദീർഘായുസുമായി ബന്ധപ്പെട്ട്, ഓക്‌സിജൻ ആഗിരണം ചെയ്യാനും ഉപയോഗിക്കാനുമുള്ള ശരീരത്തിൻ്റെ കഴിവ് മെച്ചപ്പെടുത്തുന്നതിന് ചെയ്യുന്ന വ്യായാമമാണ് എയറോബിക് വ്യായാമം. ഇത് പിന്തുടരുന്നത് ശരീര ഭാരം നിയന്ത്രിക്കാനും ഹൃദയത്തെ ശക്തിപ്പെടുത്താനും പേശികളെ ബലപ്പെടുത്താനും സഹായിക്കുന്നു. എന്നിരുന്നാലും രക്തത്തിൽ ഉയർന്ന പഞ്ചസാരയുടെ അളവുള്ള വ്യക്തികൾ എയറോബിക് വ്യായാമം പിന്തുടരുന്ന വളരെ നല്ലതാണെന്നും വിദഗ്‌ധർ നിർദേശിക്കുന്നു. പ്രത്യേകിച്ച് ഓക്‌സിജൻ ആഗിരണത്തിന്.
ജോഗിങ്, സൈക്കിളിങ്, നൃത്തം, തുഴയൽ, നീന്തൽ എന്നിവയെല്ലാം എയറോബിക് വ്യായാമത്തിൽ ഉൾപ്പെടുന്നു. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് അല്ലെങ്കിൽ ഹൈപ്പർ ഗ്ലൈസീമിയ ഹൃദയവും വൃക്കയും സംബന്ധിച്ച രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. കൂടാതെ ശാരീരിക പ്രവർത്തനങ്ങളോടുള്ള ശരീരത്തിൻ്റെ ഉപാപചയ പ്രതികരണത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് പ്രതിവിധിയെന്നോണമാണ് പുതിയ പഠനത്തിന് സാധ്യതയേറുന്നത്.








