കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കൊവിഡ് പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ആള്‍ക്കൂട്ട സമരങ്ങള്‍ വ്യാപകമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
- സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം.വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ സാമൂഹ്യ അകലം ലംഘിച്ച് സമരം നടത്തുന്ന ചിത്രങ്ങള്‍ അടക്കം ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ദുരന്ത നിവാരണ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.