തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും പ്രസ്താവനകൾക്കും എതിരെ മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ രംഗത്തെത്തി. ഐറിഷ് സ്വദേശിനിയായ സോഫി ഷൈനുമായുള്ള തന്റെ രണ്ടാം വിവാഹത്തിന് പിന്നാലെയാണ് ധവാന്റെ പേരിൽ ചില തെറ്റായ പ്രസ്താവനകൾ പ്രചരിച്ചത്. മുൻഭാര്യ ഏഷ മുഖർജിയുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷം ഈ മാസമാദ്യമാണ് ധവാൻ സോഫിയെ വിവാഹം കഴിച്ചത്.
താൻ പോയാൽ നിന്നെ ആരും വിവാഹം കഴിക്കില്ലെന്ന് മുൻഭാര്യ പറഞ്ഞിരുന്നുവെന്നും, ഇപ്പോൾ വിവാഹിതനായതിലൂടെ താൻ അവർക്ക് തക്കതായ മറുപടി നൽകിയെന്നും ധവാൻ പറഞ്ഞതായി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ താൻ ഒരിക്കലും അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും തന്റെ പേര് വെച്ച് ഇത്തരം നുണകൾ പ്രചരിപ്പിക്കരുതെന്നും ധവാൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഈ കാര്യത്തിൽ വിശദീകരണം നൽകിയത്.
ധവാൻ്റെ വാക്കുകൾ
“എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നിരാശാജനകമായ ചില പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഗ്രൗണ്ടിലായാലും പുറത്തായാലും കഴിഞ്ഞകാലത്തെ വിഷമങ്ങൾ ഞാൻ കൂടെക്കൊണ്ടുനടക്കാറില്ല. പഴയതിനെയെല്ലാം ബഹുമാനിച്ചുകൊണ്ട് പോസിറ്റീവായി മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” ധവാൻ കുറിച്ചു.
“ഇത് എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമാണ്. ആരാധകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്. ക്ലിക്ക് ബൈറ്റുകൾക്കും മറ്റുമായി എന്റെ പേരിൽ ഇത്തരത്തിലുള്ള സെൻസിറ്റീവായ കള്ളങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സ്നേഹവും പോസിറ്റിവിറ്റിയും പങ്കുവെക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. ധവാന്റെ പക്വതയാർന്ന പ്രതികരണത്തെ ആരാധകർ സോഷ്യൽ മീഡിയയിൽ അഭിനന്ദിച്ചു.

ആരാണ് സോഫി ഷൈൻ?
ഫെബ്രുവരി 21 ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ധവാന്റെയും സോഫിയുടെയും വിവാഹം. ഏകദേശം ഒരു വർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നു. 2025 മെയിലാണ് ധവാൻ തന്റെ ബന്ധത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരി 12-ന് ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരും തങ്ങളുടെ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചിരുന്നു.
ദുബായിൽ നടന്ന 2025 ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെയാണ് ധവാനും സോഫിയും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷൻ എന്ന അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനത്തിൽ സെക്കൻഡ് വൈസ് പ്രസിഡന്റും പ്രൊഡക്റ്റ് കൺസൾട്ടന്റുമായി ജോലി ചെയ്യുകയാണ് സോഫി. യുഎഇയിലാണ് ഇവർ താമസിക്കുന്നത്. അയർലൻഡിലെ ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിംഗ് ആൻഡ് മാനേജ്‌മെന്റിൽ ബിരുദം നേടിയ വ്യക്തിയാണ് സോഫി.








