മഹാകുംഭ മേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസ ഭോസ്‌ലയുടെ വിവാഹം വലിയൊരു നിയമക്കുരുക്കിലേക്ക് നീങ്ങുന്നു. മൊണാലിസ പ്രായപൂർത്തിയാകാത്ത കൂട്ടിയാണെന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ (NCST) കണ്ടെത്തലാണ് കേസിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ മൊണാലിസയെ വിവാഹം ചെയ്ത ഫർമാൻ ഖാൻ വലിയ നിയമക്കുരുക്കിലായിരിക്കുകയാണ്. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലുള്ള മഹേശ്വർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാർച്ച് 11-ന് തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആധാർ കാർഡിലെ പ്രായം അടിസ്ഥാനമാക്കിയാണ് വിവാഹം നടത്തിയതെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചിരുന്നു. ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ അന്തർ സിംഗ് ആര്യയുടെ നേതൃത്വത്തിൽ അഡ്വ. പ്രഥം ദുബെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രായം സംബന്ധിച്ച വിവരം പുറത്ത് വന്നത്. മാർച്ച് 17-ന് പ്രഥം ദുബെ ഈ വിഷയം കമ്മീഷന് മുൻപാകെ ശക്തമായി ഉന്നയിച്ചിരുന്നു.
ഈ വിവാഹത്തിൽ കേരളത്തിലെ സി.പി.എം നേതാക്കളുടെ സജീവമായ പങ്കാളിത്തവും പോപുലർ ഫ്രണ്ടിനെ പോലുള്ള സംഘടനകളുടെ ഇടപെടലും ഗൗരവകരമായ കാര്യമാണെന്ന് പ്രഥം ദുബെ കമ്മീഷനെ അറിയിച്ചിരുന്നു. ഈ വിവാഹം വെറുമൊരു സ്വകാര്യ ചടങ്ങല്ലെന്നും, മറിച്ച് ‘ലവ് ജിഹാദ്’ നിലവിലില്ലെന്ന് വരുത്തിത്തീർക്കാൻ ആഗോളതലത്തിൽ ഒരു ‘തെറ്റായ ആഖ്യാനം’ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പ്രായം കണ്ടെത്തിയത് സർക്കാർ രേഖകളിൽ
ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ അന്തർ സിംഗ് ആര്യയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘം കേരളം മുതൽ മധ്യപ്രദേശ് വരെയുള്ള ഗ്രാമങ്ങളിൽ വെറും 72 മണിക്കൂറിനുള്ളിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. അന്വേഷണ സംഘം മഹേശ്വറിലെ സർക്കാർ ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം കണ്ടെത്തിയത്.
വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്തത്. ഈ വ്യാജ സർട്ടിഫിക്കറ്റ് മഹേശ്വർ മുനിസിപ്പാലിറ്റിയാണ് നൽകിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് മഹേശ്വർ സർക്കാർ ആശുപത്രിയിലെ രേഖകൾ പരിശോധിച്ചപ്പോൾ 2009 ഡിസംബർ 30-നാണ് മൊണാലിസ ജനിച്ചതെന്ന് വ്യക്തമായി. ഇതനുസരിച്ച്, വിവാഹം നടക്കുമ്പോൾ അവൾക്ക് 16 വയസ്സും 2 മാസവും 12 ദിവസവും മാത്രമായിരുന്നു പ്രായം.
ഫർമാൻ ഖാനെതിരെ നടപടി കർശനമാക്കി മധ്യപ്രദേശ് പോലീസ്
ഫർമാനെതിരെ മഹേശ്വർ പോലീസ് പോക്സോ, ബിഎൻഎസ്, അട്രോസിറ്റി ആക്ട് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്മീഷന്റെ ശുപാർശയെ തുടർന്ന് സർക്കാർ കർശന നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇര പാർധി ഗോത്രവർഗത്തിൽ പെട്ടയാളായതിനാലാണ് അട്രോസിറ്റി ആക്ട് ചുമത്തിയത്. ഗൂഢാലോചന, നിയമവിരുദ്ധ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിച്ച് വരുന്നു.
ഈ വെളിപ്പെടുത്തലിനെ തുടർന്ന്, കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ കമ്മീഷൻ ഇപ്പോൾ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ഏപ്രിൽ 22-ന് കേരളത്തിലെയും മധ്യപ്രദേശിലെയും ഡി.ജി.പിമാരെ ന്യൂഡൽഹിയിലെ ആസ്ഥാനത്തേക്ക് കമ്മീഷൻ വിളിച്ച് വരുത്തിയിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ, മതമൗലികവാദ സംഘടനകളുടെ പങ്കിനെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് അയക്കും.
കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നത് വരെ നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട പുരോഗതികൾ സംബന്ധിച്ച് മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കേരള, മധ്യപ്രദേശ് ഡി.ജി.പിമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.








