ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നടപ്പാക്കിയതു മൂലം ഉണ്ടായ മരണങ്ങളുടെയോ കേസുകളുടെയോ കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പക്കില്‍ ഇത്തരം കണക്കുകള്‍ ഇല്ലെന്നും ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയെ അറിയിച്ചു.
ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനെത്തുടര്‍ന്നു ജീവന്‍ നഷ്ടമായ കുടിയേറ്റത്തൊഴിലാളികളുടെ കണക്ക് കൈവശമില്ലെന്നു ലോക്‌സഭയില്‍ ഇന്നലെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് സമാനമായ ചോദ്യം രാജ്യസഭയില്‍ ഉയര്‍ന്നത്. ലോക്ക് ഡൗണില്‍ രജിസ്ട്രര്‍ ചെയ്ത കേസുകള്‍, പൊലീസ് പീഡനം, പരിക്ക്, മരണം തുടങ്ങിയ ഒരു കണക്കും കേന്ദ്രത്തിന്റെ കൈവശമില്ലെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു.