സച്ചിദാനന്ദന് പിന്തുണയുമായി ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസധാനിപൻ

0
54

തുടർഭരണം ദുരധികാരമാകുമെന്ന കവി കെ. സച്ചിദാനന്ദൻ്റെ വിമർശനത്തെ പിന്തുണച്ച് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസധാനിപൻ. തുടർഭരണവുമായി ബന്ധപ്പെട്ട സച്ചിദാനന്ദൻ്റെ അഭിപ്രായത്തെ നൂറ് ശതമാനം പിന്തുണയ്ക്കുന്നു എന്ന് യുഹാനോൻ മാർ മിലിത്തിയോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇപ്പോഴത്തെ ഇടതുപക്ഷം തത്വം ബലികഴിക്കുന്ന അവസ്ഥയിലാണ്. യജമാനന് മുന്നിൽ വായടച്ച് നിൽക്കുന്നതിന് സമാനമാണ് രണ്ടാം ടേമിൽ വന്ന മന്ത്രിമാരുടെ അവസ്ഥയെന്നും മാർ മിലിത്തിയോസിൻ്റെ അതിരൂക്ഷ വിമർശനം.

അടിച്ചമർത്തപ്പെട്ടവർ ഒരു ഘട്ടം കഴിയുമ്പോൾ അടിച്ചമർത്തുന്നവരാകുന്നത് ലോകത്ത് എല്ലായിടത്തും കാണാനാകുമെന്ന് മാർ മിലിത്തിയോസ് പറഞ്ഞു. അടിസ്ഥാന തത്വങ്ങളെ മറന്ന് അധികാരമുള്ളപ്പോൾ പ്രവർത്തിച്ചാൽ തത്വം തന്നെ ബലി കഴിക്കപ്പെടും. തത്വം ബലികഴിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ ഇടതുപക്ഷവും മാക്സിസ്റ്റ് പാർട്ടിയും, അത് അവർക്കും നാടിനും നല്ലതല്ല. ഇക്കാര്യമാണ് സച്ചിദാനന്ദനും സാറാ ജോസഫും പറഞ്ഞതിന്റെ അടിസ്ഥാനം. രണ്ടു മുന്നണികൾ മാറിമാറി വരുന്നത് മൂലം പരസ്പരം ചിന്തിക്കാനും സ്വയം വിമർശനം ഏറ്റെടുക്കാനും അവസരമുണ്ടായിരുന്നുവെന്നും യുഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

പഞ്ചായത്തിലെ ഇലക്ഷനിലൂടെ കണ്ടത് ജനങ്ങളുടെ പ്രതികരണമായിരുന്നു. പക്ഷേ അത് ആ നിലയിൽ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇടതുപക്ഷം അധഃപതിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ തന്നെ വിമർശനത്തിനുള്ള അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, മുഖ്യമന്ത്രിയും അനുചരന്മാരും അത്തരമൊരു അവസ്ഥ സൃഷ്ടിക്കാൻ തയ്യാറല്ല. 10 വർഷത്തിനിടയിൽ ഉണ്ടായ വികസനങ്ങൾ ഉണ്ടായി എന്നത് മറക്കാൻ കഴിയില്ല, പക്ഷേ അതിനിടയിൽ വളർന്നുവന്ന സംഭവവികാസങ്ങളെയും മറക്കരുത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മകളുമായും മരുമകനുമായും ബന്ധപ്പെട്ട പ്രശ്നങ്ങളും ഉദാഹരണമാണെന്നും യുഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

രണ്ടാം ടേമിൽ വന്ന മന്ത്രിമാരുടെ അവസ്ഥ യജമാനന് മുന്നിൽ വായടച്ചു നിൽക്കുന്നതിന് സമാനമാണ്. എൽഡിഎഫ് സർക്കാർ ബിജെപിക്കെതിരെയാണ് എന്ന് പറയുന്നതിൽ തനിക്ക് വിശ്വാസമില്ല. ഗവർണറും കെ.വി. തോമസും മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഉള്ളടക്കം എന്തെന്നത് പ്രസക്തമായ ചോദ്യമാണെന്നും മിലിത്തിയോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here