ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു സമാധാനമാണ് വേണ്ടതെന്നും അതേസമയം തന്നെ യുദ്ധത്തിനു സജ്ജമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ നിലപാടെന്തെന്ന് നയതന്ത്ര ചര്‍ച്ചയിലും സൈനികതല ചര്‍ച്ചയിലും ചൈനയെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ നിലവിലുള്ള അവസ്ഥ മാറ്റാന്‍ ചൈനയെ അനുവദിക്കില്ല. കിഴക്കന്‍ ലഡാക്കില്‍ ഗോഗ്ര, കോങ്കാ ലാ, പാന്‍ഗോങ് തടാകത്തിന്റെ വടക്കും തെക്കുമുള്ള കരകള്‍ തുടങ്ങി പ്രശ്‌നമുള്ള നിരവധി സ്ഥലങ്ങളുണ്ട്. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ചൈനീസ് ഭാഗത്ത് വലിയൊരു സൈനിക വിഭാഗം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
അതിനു മറുപടിയായി നമ്മുടെ സൈന്യം മറുവശത്തും ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ച താല്‍പര്യങ്ങള്‍ അവിടെ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. 1993ലും 1996ലും ഒപ്പിട്ട കരാറുകള്‍ പാലിക്കാന്‍ ചൈന തയാറല്ല. അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ചൈനയ്ക്കുള്ളത്.
നിലവിലുള്ള അതിര്‍ത്തിയെ ബഹുമാനിക്കാന്‍ ചൈന തയാറാകാത്തതുകൊണ്ടാണ് അതിര്‍ത്തിത്തര്‍ക്കം ഇപ്പോഴും പരിഹരിക്കാനാവാത്തത്. കരാറുകളെ ബഹുമാനിക്കുകയെന്നതാണ് അതിര്‍ത്തിയില്‍ സമാധാനമുണ്ടാക്കാനുള്ള വഴി. രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് ഗൗരവമുള്ളതാണെന്നും രാജ്‌നാഥ് പറഞ്ഞു.