പത്താം ക്ലാസ് പാഠഭാഗങ്ങൾ വെട്ടിക്കുറയ്ക്കുന്നു, സിലബസിൽ 25 ശതമാനം കുറവ് ,

0
32

സിലബസിന്‍റെ വലിപ്പം കുറയുമെങ്കിലും പാഠഭാഗങ്ങളുടെ ഗുണനിലവാരത്തിലോ അടിസ്ഥാനപരമായ ഉള്ളടക്കത്തിലോ മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ വാർത്തയുമായി അടുത്ത അധ്യയന വർഷം മുതൽ സിലബസിൽ 25 ശതമാനം കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. പത്താം ക്ലാസിൽ പാഠഭാഗങ്ങൾ കൂടുതലാണെന്ന വിദ്യാർത്ഥികളുടെ ദീർഘകാലത്തെ പരാതി പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

തേവലക്കരയില്‍ സ്‌കൂളിനു സമീപത്ത് ഷോക്കേറ്റു മരിച്ച മിഥുന്‍റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ദാന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നിലവിലെ പഠനഭാരം കുറയ്ക്കുന്നതിനായി സിലബസിന്റെ 25 ശതമാനത്തോളം ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

പഠനഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാർഥികൾ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു. കുട്ടികളുടെ ഈ ആവശ്യം ഗൗരവമായി പരിഗണിച്ച സർക്കാർ, സിലബസ് പരിഷ്കരിക്കാനുള്ള നിർദ്ദേശത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം തേടുകയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തു. അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ ഈ മാറ്റങ്ങൾ നിലവിൽ വരും.

സിലബസിന്‍റെ വലിപ്പം കുറയുമെങ്കിലും പാഠഭാഗങ്ങളുടെ ഗുണനിലവാരത്തിലോ അടിസ്ഥാനപരമായ ഉള്ളടക്കത്തിലോ മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പഠനത്തിന്‍റെ കാതൽ ചോർന്നുപോകാതെ തന്നെ വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

വിദ്യാർഥികളുടെ ശാരീരിക ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് സ്‌കൂള്‍ ബാഗിന്‍റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികൾക്ക് സർക്കാർ നേരത്തേ തുടക്കമിട്ടത്. പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിനൊപ്പം, കുട്ടികൾക്ക് അനാവശ്യമായ ഭാരം ചുമക്കാതെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകിയ കരട് റിപ്പോർട്ടിൽ വിഭാവനം ചെയ്തിരുന്നു. വളരുന്ന പ്രായത്തിലുള്ള കുട്ടികളുടെ നട്ടെല്ലിനും പേശികൾക്കും അമിതഭാരം ഏൽപ്പിക്കുന്ന ആഘാതം കണക്കിലെടുത്തായിരുന്നു ഈ ശാസ്ത്രീയ സമീപനം സ്വീകരിച്ചത്.

ഇതോടൊപ്പം ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലും കാര്യമായ മാറ്റി വരുത്തിയിരുന്നു. ‘ആരും പിന്നിലല്ല’ എന്ന സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനായി പിൻനിര ഇരിപ്പിടങ്ങൾ ഇല്ലാത്ത വിധം ക്ലാസുകൾ പുനഃക്രമീകരിക്കാൻ തീരുമാനമായിയിരുന്നു. എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ലഭിക്കുന്ന, അധ്യാപകരുമായി നേരിട്ട് ആശയവിനിമയം നടത്താൻ സാധിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. ക്ലാസിലെ പഠന പ്രവർത്തനങ്ങളിൽ എല്ലാ വിദ്യാർഥികളെയും ഒരുപോലെ പങ്കാളികളാക്കുന്നതിലൂടെ കൂടുതൽ ജനാധിപത്യപരമായ പഠന ഇടങ്ങൾ വിദ്യാലയങ്ങളിൽ രൂപപ്പെടുമെന്നായിരുന്നു മന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here