ബജറ്റ് ദിനം ഞായാറാഴ്‌ച ഓഹരി വിപണി തുറക്കുമോ?

0
23

ന്യൂഡല്‍ഹി: ഫെബ്രുവരി 1-ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് 2026 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എല്ലാ വർഷവും ഈ തീയതിയിലാണ് ബജറ്റ് അവതരിപ്പിക്കാറുള്ളതെങ്കിലും ഇത്തവണ ഫെബ്രുവരി 1 ഞായറാഴ്‌ച ആയതിനാൽ ഇത് ഏറെ അപൂർവ്വമാണ്. ഞായറാഴ്‌ചയായതിനാൽ ഓഹരി വിപണിക്ക് അവധിയായിരിക്കുമോ എന്ന ചോദ്യം നിക്ഷേപകർക്കിടയിൽ ഉയർന്നിരുന്നു. എന്നാൽ എല്ലാ അനിശ്ചിതത്വങ്ങളും നീക്കിക്കൊണ്ട് ഫെബ്രുവരി 1 ഞായറാഴ്‌ച ഇക്വിറ്റി മാർക്കറ്റുകൾ വ്യാപാരത്തിനായി തുറന്നുപ്രവർത്തിക്കുമെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (NSE) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (BSE) അറിയിച്ചു.

2026-ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്‌ച രാവിലെ 11 മണിക്ക് അവതരിപ്പിക്കും. “കേന്ദ്ര ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ, 2026 ഫെബ്രുവരി 01-ന് സാധാരണ വിപണി സമയങ്ങളിൽ (രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെ) എക്‌സ്‌ചേഞ്ച് ലൈവ് ട്രേഡിംഗ് സെഷൻ നടത്തുമെന്ന് അറിയിക്കുന്നു,” എൻഎസ്ഇ സർക്കുലറിൽ വ്യക്തമാക്കി.

പ്രീ-ഓപ്പൺ മാർക്കറ്റ് രാവിലെ 9-ന് ആരംഭിച്ച് 9.08-ന് അവസാനിക്കും. സാധാരണ മാർക്കറ്റ് 9.15 മുതൽ 3.30 വരെ പ്രവർത്തിക്കുമെന്ന് എൻഎസ്ഇ അറിയിച്ചു. ധനമന്ത്രി നിർമല സീതാരാമൻ്റെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് അവതരണമാണിത്. ജിഎസ്‌ടി പരിഷ്‌കരണത്തിൻ്റെ മാതൃകയിൽ കസ്റ്റംസ് ഡ്യൂട്ടിയിലും വലിയ മാറ്റങ്ങൾ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി 28-ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യ ഘട്ടം ഫെബ്രുവരി 13 വരെ തുടരും. രണ്ടാം ഘട്ടം മാർച്ച് 9-ന് ആരംഭിച്ച് ഏപ്രിൽ 2-ന് അവസാനിക്കും. സാധാരണഗതിയിൽ ബജറ്റ് പ്രസംഗങ്ങൾ 90 മുതൽ 120 മിനിറ്റ് വരെ നീണ്ടുനിൽക്കാറുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേന്ദ്ര ബജറ്റ് ഞായറാഴ്‌ച അവതരിപ്പിക്കുന്നത്. ഇതിനുമുമ്പ് 27 വർഷങ്ങൾക്ക് മുമ്പാണ് ഒരു ഞായറാഴ്‌ച ബജറ്റ് അവതരിപ്പിച്ചത്. 1999-ലെ ഞായറാഴ്‌ച ബജറ്റ് മുമ്പ് ഞായറാഴ്‌ച ബജറ്റ് അവതരിപ്പിച്ചത് 1999 ഫെബ്രുവരി 28-നായിരുന്നു. അന്നത്തെ അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് അന്ന് ബജറ്റ് അവതരിപ്പിച്ചത്. ആ ബജറ്റ് ദിവസത്തിൻ്റെ പ്രത്യേകത കൊണ്ട് മാത്രമല്ല ചരിത്രത്തിൽ ഇടംപിടിച്ചത്. അതുവരെ വൈകുന്നേരം 5 മണിക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ലണ്ടൻ സമയം കൂടി കണക്കിലെടുത്ത് തുടർന്നുവന്ന രീതിയായിരുന്നു അത്. എന്നാൽ 1999-ലെ ആ ഞായറാഴ്ചയോടെ സമയം രാവിലെ 11 മണിയിലേക്ക് മാറ്റി. അന്നുമുതൽ ആ സമയമാണ് ഇന്ത്യയിൽ പിന്തുടരുന്നത്.

എന്തുകൊണ്ടാണ് ബജറ്റ് ഫെബ്രുവരി 1-ന് അവതരിപ്പിക്കുന്നത്?

2017 മുതലാണ് ബജറ്റ് അവതരണം ഫെബ്രുവരി അവസാനത്തിൽ നിന്ന് ഫെബ്രുവരി 1-ലേക്ക് മാറ്റിയത്. ഏപ്രിൽ 1-ന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുൻപ് ബജറ്റ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും അംഗീകരിക്കാനും നടപ്പിലാക്കാനും പാർലമെൻ്റിന് മതിയായ സമയം നൽകുക എന്നതാണ് ഈ പരിഷ്കരണത്തിൻ്റെ ലക്ഷ്യം.

ഇന്ത്യയിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നത് ഏപ്രിൽ 1-നാണ്. ബജറ്റ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും പാർലമെന്റിന്റെ ഇരുസഭകളും അത് പാസാക്കാനും മതിയായ സമയം (ഏകദേശം രണ്ട് മാസം) ലഭിക്കുന്നതിനാണ് ഫെബ്രുവരി ഒന്നിന് ഇത് അവതരിപ്പിക്കുന്നത്. ഏപ്രിൽ 1 മുതൽ തന്നെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും അനുവദിച്ച തുക കാര്യക്ഷമമായി ചെലവഴിക്കാൻ തുടങ്ങാം.

മുൻപ് ഫെബ്രുവരി അവസാന വാരമായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഇത് പാസായി വരുമ്പോഴേക്കും മഴക്കാലം തുടങ്ങാറുണ്ടായിരുന്നു, ഇത് നിർമ്മാണ പ്രവർത്തനങ്ങളെയും മറ്റും വൈകിപ്പിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് 2017-ലാണ് ബജറ്റ് അവതരണം ഫെബ്രുവരി അവസാനത്തിൽ നിന്ന് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. 2017-ൽ തന്നെയായിരുന്നു 92 വർഷം പഴക്കമുള്ള റെയിൽവേ ബജറ്റും പൊതു ബജറ്റും ഒന്നാക്കി മാറ്റിയത്. ഇതോടെ മുഴുവൻ സാമ്പത്തിക പദ്ധതികളും ഒരൊറ്റ ദിവസം തന്നെ അവതരിപ്പിക്കാൻ സാധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here