കേരളം വരൾച്ചയിലേക്കോ? വരുന്നു എൽ നിനോ പ്രതിഭാസം,

0
31
IDL TIFF file

വേനല്‍ മഴയും ഉയര്‍ന്ന താപനിലയും, കേരളം നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികള്‍. പാലക്കാട്, പുനലൂർ, തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലാകും ചൂട് കൂടുതൽ അനുഭവപ്പെടുക.

കേരളം വരൾച്ചയിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇത്തവണ വേനൽച്ചൂട് സാധാരണയേക്കാൾ വർധിക്കും. അമിതമായി വർധിക്കുന്ന താപനിലയുടെ ഫലമായി എൽ നിനോ പ്രതിഭാസം രൂപപ്പെടുകയും ഇത് സംസ്ഥാനത്തെ സാരമായ രീതിയില്‍ ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വർഷത്തിൻ്റെ ആദ്യ പകുതിയിൽ എൽ നിനോ പ്രതിഭാസം രൂപപ്പെടാനാണ് സാധ്യത.

താപനില ഉയരുന്ന എൽ നിനോ പ്രതിഭാസത്തിൻ്റെ സ്വാധീനം 2026-ൻ്റെ ആദ്യ പകുതിയിൽ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. ഇത് കേരളമുൾപ്പെടെ ആഗോളതലത്തിൽ താപനില ഉയരാൻ കാരണമാകുന്നു. ഇതിൻ്റെ ഫലമായി മഴ കുറയുകയും വരൾച്ച ഉണ്ടാകുകയും ചെയ്യുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പാലക്കാട്, പുനലൂർ, തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലാകും ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുക. വേനല്‍ മഴയും ഉയര്‍ന്ന താപനിലയും മൂലം കേരളം നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികളായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

മഴയുടെ കുറവ്

തുലാവർഷം കഴിഞ്ഞതിന് ശേഷം ജനുവരിയിൽ ലഭിക്കേണ്ട വേനൽ മഴയുടെ (Pre-monsoon showers) കുറവ് അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കുകയും ഉഷ്‌ണം വർധിപ്പിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ആർദ്രതയും (Humidity) ചൂടും ഒത്തുചേരുമ്പോൾ അനുഭവപ്പെടുന്ന അമിത ചൂട് അഥവാ ഹീറ്റ് ഇൻഡക്‌സ് (Heat Index) യഥാർത്ഥ താപനിലയേക്കാൾ 2 മുതൽ 4 ഡിഗ്രിയോളം കൂടുതലായിരിക്കും. ഇത് ശാരീരിക അസ്വസ്ഥതകൾ വർധിപ്പിക്കും. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം കേരളത്തിൽ പെയ്‌ത മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തുലാപെയ്‌ത്തിലെ കുറവ്

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷത്തിൽ വലിയ കുറവുണ്ടായി. സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും പല ജില്ലകളിലും ലഭിച്ചില്ല. ഇത് ഭൂഗർഭ ജലനിരപ്പ് താഴാൻ ഇടയാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വേനൽ മഴയുടെ അഭാവം

ജനുവരി മാസത്തിൽ കേരളത്തിൽ ലഭിക്കാറുള്ള സാധാരണ മഴ (Pre-monsoon showers) ഇത്തവണ വളരെ കുറവാണ്. അന്തരീക്ഷത്തിലെ ആർദ്രത (Humidity) കുറഞ്ഞതും കാറ്റിൻ്റെ ദിശയിൽ വന്ന മാറ്റങ്ങളുമാണ് ഇതിന് കാരണം.

എന്താണ് എൽ നിനോ പ്രതിഭാസം

സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ (El Niño). ഇത് ആഗോള കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഈ പ്രതിഭാസം ഇന്ത്യയിൽ മൺസൂൺ മഴ കുറയ്ക്കാൻ കാരണമാകുന്നു.

എന്നാൽ ഇതിനു വിപരീതമായി ഓസ്‌ട്രേലിയയിലും ഇന്തോനേഷ്യയിലും വരൾച്ചയുണ്ടാകാൻ കാരണമാകുന്നു. എൽ നിനോ പ്രതിഭാസം തെക്കേ അമേരിക്കയിൽ കനത്ത മഴയ്ക്കും കാരണമാകുന്നു. 2023-24 ലെ എൽ നിനോ ആഗോളതലത്തിൽ റെക്കോഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. എൽ നിനോയുടെ വിപരീത അവസ്ഥയാണ് ലാ നിന (La Niña). ഇത് പസഫിക് സമുദ്രത്തിൽ ജലം തണുക്കുന്ന പ്രതിഭാസമാണ്.

അന്തരീക്ഷ താപനിലയിലെ വർധന

മഴ കുറഞ്ഞതോടെ പകൽ താപനില ക്രമാതീതമായി ഉയർന്നു. ഇത് ജലസ്രോതസ്സുകൾ വേഗത്തിൽ വറ്റുന്നതിനും കൃഷിനാശത്തിനും കാരണമാകുന്നു.

ഉയര്‍ന്ന താപനില മൂലമുണ്ടായേക്കാവുന്ന ഭീഷണികള്‍

  • ഉഷ്‌ണ തരംഗം, സൂര്യാഘാതം, വെള്ളപ്പൊക്കം, വരൾച്ച എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും
  • വരൾച്ച: ചില പ്രദേശങ്ങളിൽ മഴയുടെ അളവ് വർധിക്കുമ്പോൾ, മറ്റു ചില പ്രദേശങ്ങളിൽ ബാഷ്‌പീകരണവും ചൂടും വർധിക്കുന്നത് മൂലം വരൾച്ച അനുഭവപ്പെടാം
  • കാട്ടുതീ: വരണ്ട കാലാവസ്ഥയും ഉയർന്ന താപനിലയും കാട്ടുതീ സാധ്യത വർധിപ്പിക്കും
  • ആവാസവ്യവസ്ഥയെ നശിപ്പിക്കും: താപനിലയിലും മഴയുടെ അളവിലുമുള്ള മാറ്റങ്ങൾ ആവാസവ്യവസ്ഥയെ തടസപ്പെടുത്തുകയും ജൈവവൈവിധ്യം നഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു
  • കൃഷിയെ സാരമായി ബാധിക്കും: ഉഷ്‌ണ തരംഗങ്ങളും വരൾച്ചയും കൃഷിയെയും അതിന്‍റെ വിളകളെയും നശിപ്പിക്കുന്നു
  • ഉഷ്‌ണതരംഗങ്ങൾ ആസ്ത്മ പോലുള്ള ശ്വസന രോഗങ്ങൾ വർധിപ്പിക്കും
  • ചൂടുകാലത്ത് ശരീരത്തെ പെട്ടെന്ന് തണുപ്പിക്കാൻ ശ്രമിക്കുന്നത് ഹൃദയത്തെയും വൃക്കകളെയും സമ്മർദ്ദത്തിലാക്കും. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളിലേക്ക് നയിക്കും.
  • ഉയർന്ന താപനില നിര്‍ജലീകരണത്തിലേക്ക് നയിക്കും

LEAVE A REPLY

Please enter your comment!
Please enter your name here