5,000 ക്ഷേത്രങ്ങൾ നിർമിക്കാൻ അനുമതി നല്‍കി തിരുമല തിരുപ്പതി ദേവസ്ഥാനം

0
41

ക്ഷേത്രങ്ങൾക്ക് ചുറ്റുമതിൽ, അലങ്കാരം എന്നിവ ഉണ്ടായിരിക്കണമെന്നും ആവശ്യമെങ്കിൽ അധിക ഫണ്ട് നൽകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ അറിയിച്ചിരുന്നു.

അമരാവതി: ആന്ധ്രാപ്രദേശിലുടനീളം 5,000 ക്ഷേത്രങ്ങൾ നിർമിക്കാൻ ഒരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ലോകപ്രശസ്‌തമായ വെങ്കിടേശ്വര ക്ഷേത്രത്തിൻ്റെ നടത്തിപ്പുകാരായ ടിടിഡി സ്ഥാപനമാണ് ശ്രീവാണി ട്രസ്‌റ്റിൻ്റെ ധനസഹായത്തോടെ നിർമാണം ആരംഭിച്ചത്. പ്രധാനമായും എസ്‌സി, എസ്‌ടി, പിന്നോക്ക വിഭാഗ പ്രദേശങ്ങളിലാണ് പുതിയ ക്ഷേത്രങ്ങൾ പണിയുക.

 

സ്ഥല ലഭ്യതയെ അടിസ്ഥാനമാക്കിയാണ് ക്ഷേത്ര നിർമാണത്തിനുള്ള ഫണ്ട് അനുവദിക്കുന്നത്. അഞ്ച് സെൻ്റ് ഭൂമിക്ക് 10 ലക്ഷം രൂപ, എട്ട് സെൻ്റിന് 15 ലക്ഷം രൂപ, പത്ത് സെൻ്റോ അതിൽ കൂടുതലോ സ്ഥലം ഉണ്ടെങ്കിൽ 20 ലക്ഷം രൂപ വരെ ക്ഷേത്ര നിർമാണത്തിന് അനുവദിക്കും. ക്ഷേത്രങ്ങൾക്ക് ചുറ്റുമതിൽ, അലങ്കാരം എന്നിവ ഉണ്ടായിരിക്കണമെന്നും ആവശ്യമെങ്കിൽ അധിക ഫണ്ട് നൽകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ അറിയിച്ചിരുന്നു.

നിലവിൽ ഒരു ക്ഷേത്രം നിർമിക്കാൻ 15 മുതൽ 30 ലക്ഷം വരെ ചെലവ് വരുമെന്നാണ് വലയിരുത്തൽ. ഇതിന് മുമ്പ് 2,000 ക്ഷേത്രങ്ങൾ നിർമിക്കാനുള്ള അനുമതി നൽകിയിരുന്നു. പത്ത് ലക്ഷം രൂപ ചെലവിലാണ് ഓരോ ക്ഷേത്രവും പണികഴിപ്പിച്ചത്. ഇതിൽ 1,400 എണ്ണം പൂർത്തിയായെന്നും ബാക്കി ക്ഷേത്രത്തിൻ്റെ നിർമാണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുതുതായി അനുമതി ലഭിച്ച ക്ഷേത്രങ്ങൾ നിലവിൽ ഉള്ളതിനേക്കാൾ വലുതായിരിക്കും.

ക്ഷേത്രത്തിന് ആവശ്യമായ ഭൂമി ഗ്രാമത്തിലെ സ്വകാര്യ വ്യക്തികൾക്ക് ദാനം ചെയ്യാമെന്ന് ഒരു ടിടിഡി ഉദ്യോഗസ്ഥൻ പറഞ്ഞു. സർക്കാരോ പഞ്ചായത്തോ ആയി ബന്ധമുള്ള ഭൂമിയിലാണ് ക്ഷേത്രം പണിയാൻ ആലോചിക്കുന്നതെങ്കിൽ ബന്ധപ്പെട്ട വകുപ്പ് അധികാരികളിൽ നിന്ന് ഒരു നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നിർബന്ധമായും വാങ്ങിയിരിക്കണം. കൂടാതെ നിർമാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കമ്മിറ്റി മുമ്പോട്ട് വന്നാൽ അവരെ നിർമാണ ചുമതല ഏൽപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഓൺലൈനായി അപേക്ഷിക്കാം

ഓരോ നിയോജകമണ്ഡലത്തിലും ഏകദേശം 25 ക്ഷേത്രങ്ങൾ നിർമിക്കുക എന്നതാണ് ലക്ഷ്യം. സ്വന്തം ഗ്രാമത്തിലോ പ്രദേശത്തോ ക്ഷേത്രം ആഗ്രഹിക്കുന്ന വ്യക്തികൾക്ക് എൻഡോവ്‌മെൻ്റ് വകുപ്പിലോ ടിടിഡിയിൽ നേരിട്ട് പോയോ അപേക്ഷിക്കാം. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എംഎൽഎമാർ എന്നിവരുടെ ശുപാർശകൾ വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://endowmentsinfo.ap.gov.in/ttdbhajanamandirams എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here