അമേരിക്കൻ സൈനികർക്ക് ക്രിസ്മസ് ബോണസുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . ‘ വാരിയർ ഡിവിഡൻ്റ് ‘ ( Warrior Dividend ) എന്ന പേരിൽ ഓരോ സൈനികർക്കും 1776 ഡോളർ വീതം വിതരണം ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ക്രിസ്മസിന് മുൻപുതന്നെ തുക ലഭിക്കുമെന്ന് ട്രംപ് അറിയിച്ചു. വിലക്കയറ്റവും വീട്ടുവാടക വർധനവും അടക്കം അമേരിക്കക്കാർക്കിടയിൽ അതൃപ്തിക്ക് കാരണമാകുന്നതിനിടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം വരുന്നത്.
അമേരിക്കയിലെ ഏകദേശം 1.45 ദശലക്ഷം സൈനികർക്ക് വാരിയർ ഡിവിഡൻ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ സ്ഥാപക വർഷമായ 1776നെ അനുസ്മരിക്കുന്നതിനും അവധി ദിനങ്ങൾക്ക് മുൻപ് സാമ്പത്തിക സഹായം നൽകുന്നതിനും വേണ്ടിയാണ് തുക വിതരണം ചെയ്യുന്നത്. ഇതിന് ഏകദേശം 1.8 ബില്യൺ മുതൽ 2.6 ബില്യൺ ഡോളർ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് താരിഫ് വരുമാനത്തിൽ നിന്നും റിപ്പബ്ലിക്കൻ നികുതി നിയമങ്ങളിൽ നിന്നും കണ്ടെത്തുമെന്നാണ് ട്രംപിൻ്റെ വിശദീകരണം.







