ടോക്കിയോ: വടക്കൻ ജപ്പാനില്‍ ഭൂചലനത്തിന് പിന്നാലെ സുനാമി. റിക്‌ടർ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്‌തത്. ഭൂചലനത്തില്‍ 23 പേർക്ക് പരിക്കേറ്റു. പസഫിക് തീരദേശത്താണ് സുനാമി ഉണ്ടായത്.
ജപ്പാനിലെ പ്രധാന ഹോൺഷു ദ്വീപിന്‍റെ വടക്കേ അറ്റത്തുള്ള അമോറിയുടെ തീരത്ത് നിന്ന് 80 കിലോമീറ്റർ (50 മൈൽ) അകലെ, പസഫിക് സമുദ്രത്തിൽ രാത്രി 11:15 ഓടെയാണ് സുനാമി രൂപപ്പെട്ടത്. ഇതിന് മുൻപ് റിപ്പോർട്ട് ചെയ്‌ത ഭൂചലനത്തിലും സുനാമിയിലും ഉണ്ടായ നാശനഷ്‌ടങ്ങള്‍ ജാപ്പനീസ് സർക്കാർ ഇപ്പോഴും വിലയിരുത്തി വരികയാണ്.
‘ഇത്ര വലിയൊരു ഭൂചലനം ഞാൻ കണ്ടിട്ടില്ല. എന്‍റെ പ്രദേശത്ത് ഭാഗ്യവശാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടില്ല’ -പ്രദേശവാസിയായ നൊബുവോ യമദ മാധ്യമങ്ങളോട് പ്രതികരിച്ചു.
അമോറിക്ക് തൊട്ടു തെക്കുള്ള ഇവാട്ടെ പ്രിഫെക്‌ചറിലെ കുജി തുറമുഖത്ത് 70 സെന്‍റിമീറ്റർ (2 അടി, 4 ഇഞ്ച്) വരെ ഉയരത്തിൽ തിരമാലകൾ എത്തിയതായി ജപ്പാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഖലയിലെ തിരദേശത്തുള്ള ജനങ്ങളെ ഇത് ബാധിച്ചെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
23 പേർക്ക് പരിക്കേറ്റതായാണ് അഗ്നിശമനയും ദുരന്തനിവാരണ ഏജൻസിയും നല്‍കുന്ന വിവരം. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതുമാണ്. നിരവധി പേർ തകർന്ന് വീണ കെട്ടിടങ്ങള്‍ക്കും മറ്റും അടിയില്‍ പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹച്ചിനോഹെയിലെ ഒരു ഹോട്ടലിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തോഹോക്കുവില്‍ കാർ കുഴിയില്‍ വീണ് ഒരാള്‍ക്കും പരിക്കുണ്ട്.
7.5 തീവ്രതയാണ് രേഖപ്പെടുത്തിയത് എന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. ചില പ്രദേശങ്ങളിൽ മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ ഉയർന്ന സ്ഥലങ്ങളില്‍ അഭയം തേടാൻ ചീഫ് കാബിനറ്റ് സെക്രട്ടറി മിനോരു കിഹാര പ്രദേശവാസികളോട് ആവശ്യപ്പെട്ടു. ഏകദേശം 800 വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും, മേഖലയിലെ ചില ഭാഗങ്ങളിൽ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനുകളും ചില പ്രാദേശിക ട്രെയിനുകളും നിർത്തിവച്ചിരിക്കുകയാണെന്നും മിനോരു പറഞ്ഞു.







