പതിവായി കഴിക്കുന്ന മരുന്നുകൾ നിർത്തിയാലും എച്ച്ഐവി വൈറസിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ ചികിത്സാ രീതി കണ്ടെത്തി. വാക്സിനുകൾ, ആൻ്റിബോഡികൾ, പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകൾ എന്നിവയുടെ പ്രത്യേക മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഈ സുപ്രധാന കണ്ടെത്തൽ എച്ച്ഐവി ചികിത്സയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം.
വൈറസ് പെരുകുന്നത് തടയാൻ എച്ച്ഐവി ബാധിതർ നിലവിൽ ആജീവനാന്തം ആൻ്റി റിട്രോവൈറൽ തെറാപ്പി (എആർടി) എടുക്കേണ്ടതുണ്ട്. മരുന്നുകൾക്ക് എത്താൻ കഴിയാത്ത ശരീരത്തിലെ ഒളിവിടങ്ങളിൽ വൈറസ് മറഞ്ഞിരിക്കുന്നതിനാൽ ചികിത്സ നിർത്തിയാൽ അത് വേഗത്തിൽ തിരിച്ചുവരും. ദിവസേനയുള്ള ഗുളികകളില്ലാതെ എച്ച്ഐവിയെ നിയന്ത്രിക്കാനുള്ള സുരക്ഷിത മാർഗങ്ങൾക്കായി ശാസ്ത്രജ്ഞർ വർഷങ്ങളായി ശ്രമിച്ചുവരികയാണ്.
പരീക്ഷണ രീതി
രോഗപ്രതിരോധ സംവിധാനത്തെ എച്ച്ഐവിക്കെതിരെ ശക്തമായി പോരാടാൻ പരിശീലിപ്പിക്കുന്ന മൂന്നു ഘട്ടങ്ങളുള്ള ചികിത്സാ പദ്ധതിയാണ് പുതിയ പഠനത്തിൽ പരീക്ഷിച്ചത്. എആർടി ചികിത്സയിൽ തുടരുന്ന പത്ത് പേരിലാണ് വൈറസിൻ്റെ മാറ്റമില്ലാത്ത ഭാഗത്തെ ലക്ഷ്യമിട്ടുള്ള പുതിയ ചികിത്സാ വാക്സിൻ നൽകിയത്. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി ഡിഎൻഎ കുത്തിവയ്പും എംവിഎ (MVA) എന്ന മറ്റൊരു വാക്സിനും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ എച്ച്ഐവി കോശങ്ങളിൽ പ്രവേശിക്കുന്നത് തടയുന്ന രണ്ട് ശക്തമായ ആന്റിബോഡികളും (bNAbs) ഇവർക്ക് നൽകി.
ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ ഉണർത്താനും ഒളിഞ്ഞിരിക്കുന്ന വൈറസിനെ പുറത്തുകൊണ്ടുവരാനും സഹായിക്കുന്ന ടിഎൽആർ9 അഗോണിസ്റ്റ് (TLR9 agonist) എന്ന മരുന്നും പരീക്ഷണത്തിൽ ഉപയോഗിച്ചു. രോഗികൾ സ്ഥിരമായി കഴിക്കുന്ന എച്ച്ഐവി മരുന്നുകൾക്കൊപ്പം തന്നെയാണ് ഈ പുതിയ ചികിത്സകളും നൽകിയത്.
ഫലങ്ങൾ അത്ഭുതകരം
രോഗപ്രതിരോധശേഷി പൂർണമായി വർധിച്ച ശേഷം വൈറസ് തിരിച്ചുവരുമോ എന്നറിയാൻ ഡോക്ടർമാർ എആർടി ചികിത്സ നിർത്തിവച്ചു. ഗവേഷകരെ പോലും അത്ഭുതപ്പെടുത്തുന്ന ഫലമാണ് പരീക്ഷണത്തിൽ ലഭിച്ചത്. എആർടി നിർത്തിയിട്ടും പത്തിൽ ഏഴ് പേർക്കും വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞു. രക്തത്തിൽനിന്ന് ആന്റിബോഡികൾ മാറിയിട്ടും മാസങ്ങളോളം ഇവരിൽ എച്ച്ഐവിയുടെ അളവ് കുറഞ്ഞുതന്നെ നിന്നു. വൈറസ് തിരിച്ചുവരാൻ ശ്രമിച്ചപ്പോൾ തന്നെ അണുബാധയുള്ള കോശങ്ങളെ നശിപ്പിക്കുന്ന സിഡി8+ ടി (CD8+ T) കോശങ്ങളുടെ വർധന ഇവരിൽ രേഖപ്പെടുത്തി.
വൈറസിനെ നിയന്ത്രിക്കാൻ കഴിയാത്ത മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ ചികിത്സയുടെ വിജയസാധ്യതകൾ കൂടുതൽ മനസിലാക്കാൻ സഹായിക്കും. ദിവസേനയുള്ള മരുന്നുകളില്ലാതെ മനുഷ്യരിൽ ദീർഘകാല എച്ച്ഐവി നിയന്ത്രണം സാധ്യമാണെന്ന് സംയുക്ത ഇമ്മ്യൂണോതെറാപ്പിയിലൂടെ തെളിയിക്കുന്നത് ഇതാദ്യമാണ്.
ഭാവി പ്രതീക്ഷകൾ
വാക്സിനുകൾ ഉപയോഗിച്ച് പ്രതിരോധശേഷി പരിശീലിപ്പിക്കുക, ശക്തമായ ആൻ്റിബോഡികൾ വഴി പിന്തുണ നൽകുക, മരുന്നുകൾ വഴി സഹജമായ പ്രതിരോധശേഷി ഉണർത്തുക, എആർടി നിർത്തുന്നതിന് മുൻപ് ഇവയെല്ലാം ചെയ്യുക എന്നിവയാണ് വിജയകരമായതെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഈ ചികിത്സകൾ പരീക്ഷണഘട്ടത്തിലായതിനാൽ നിലവിൽ രോഗികൾക്ക് ലഭ്യമാക്കില്ല. കൂടുതൽ ആളുകളിൽ ഫലം സ്ഥിരീകരിക്കാനും സ്ത്രീകളിൽ പരീക്ഷിക്കാനും വരും ദിവസങ്ങളിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
നിലവിലെ പഠനത്തിൽ പുരുഷന്മാർ മാത്രമാണ് പങ്കെടുത്തത്. ചിലരിൽ മാത്രം മരുന്ന് ഫലപ്രദമാകുന്നത് എന്തുകൊണ്ടാണെന്നും ഒളിഞ്ഞിരിക്കുന്ന വൈറസിനെ പുറത്തുകൊണ്ടുവരാൻ മികച്ച മരുന്നുകൾ ആവശ്യമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. പൂർണമായ രോഗശമനം അകലെയാണെങ്കിലും ശരീരം തന്നെ വൈറസിനെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.







