സെൻയാർ’ പോയി, ഇനി ‘ഡിറ്റ് വാ’: 3 മണിക്കൂറിനുള്ളിൽ പുതിയ ചുഴലിക്കാറ്റ്;

0
28

പുതിയ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ അതീവ ജാഗ്രത നിർദേശം നൽകി. യെമൻ ആണ് പേരിട്ടത്

കാസർകോട്: മലാക്ക കടലിടുക്കിനു മുകളിൽ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ദുർബലമാകുന്നതിന് പിന്നാലെ ശ്രീലങ്കൻ തീരത്തിന് സമീപം അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപപ്പെടും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം സ്ഥിതിചെയ്ത തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി ഡിറ്റ് വാ എന്ന പേരിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും തമിഴ്നാടിനോട് ചേർന്ന മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കൻ തീരത്തിന് സമീപം രൂപംകൊള്ളുന്ന ചുഴലിക്കാറ്റിൻ്റെ ദിശ വടക്കുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്കാണ് നീങ്ങുന്നതെങ്കിൽ കേരളത്തെയും നേരിട്ട് ബാധിക്കുമായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. പടിഞ്ഞാറു ഭാഗത്തേക്ക്‌ സഞ്ചരിച്ചാൽ കേരളത്തിൽ പേമാരിക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടായിരുന്നു.

എന്നാൽ നിലവിൽ വടക്കോട്ട് മാത്രമേ സഞ്ചരിക്കുകയുള്ളൂവെന്നും കേരളത്തെ ബാധിക്കില്ലെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഭൂചലനവും കേരളത്തെ ബാധിക്കില്ല. മഴ കുറവാണെങ്കിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സെൻയാറും ഡിറ്റ് വായും

ബുധനാഴ്ച പുലർച്ചെ 5.30 ഓടെയാണ് സെൻയാർ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ് പേര് നിർദേശിച്ചത്. അറബിയിൽ ഈ പേരിൻ്റെ അർഥം സിംഹം എന്നാണ്. പുതുതായി രൂപപ്പെടുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ചത് യെമൻ ആണ്. യെമനിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള ഒരു ലഗൂണിൻ്റെ പേരാണിത്. ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ലോക കാലാവസ്ഥ സംഘടനയുടെ (WMO) കീഴിലുള്ള 13 രാജ്യങ്ങൾ ചേർന്നാണ്. ഈ പട്ടികയിലെ ക്രമപ്രകാരമാണ് സെൻയാർ എന്ന പേരിന് ശേഷം ഡിറ്റ് വാ എന്ന പേര് വരുന്നത്.

തമിഴ്നാട്ടിൽ അതീവ ജാഗ്രത

ചുഴലിക്കാറ്റ് കടന്നുപോകുന്ന തമിഴ്നാട്ടിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നീ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തമിഴ്നാട് സർക്കാർ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) പ്രത്യേക സംഘങ്ങളെ തീരദേശ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. ചുഴലിക്കാറ്റ് കരതൊടുന്ന സമയത്ത് മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് വൈദ്യുതി ബന്ധങ്ങളെയും ഗതാഗത സംവിധാനങ്ങളെയും തമിഴ്നാട്ടിൽ ബാധിച്ചേക്കാം.

കേരളത്തിൽ ജാഗ്രത

കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കകൾക്ക് വകയില്ലെങ്കിലും കിഴക്കൻ കാറ്റിൻ്റെ സ്വാധീനം മൂലം തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ടയിൽ ശബരിമല തീർഥാടന കാലമായതിനാൽ വനംവകുപ്പും ജില്ലാ ഭരണകൂടവും പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. കാനനപാതയിലെ നീരൊഴുക്ക് വർധിക്കാനും മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുള്ളതിനാൽ തീർഥാടകർ ജാഗ്രത പാലിക്കണം. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അടിച്ചേക്കാമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരം നിയന്ത്രിക്കാൻ സാധ്യതയുണ്ട്.

അടുത്ത 48 മണിക്കൂർ നിർണായകമാണ്. ശ്രീലങ്കൻ തീരത്തുനിന്ന് തമിഴ്നാട്ടിലെയും ആന്ധ്രയിലെയും തീരങ്ങളിലേക്ക് ന്യൂനമർദം സഞ്ചരിക്കുന്ന വേഗതയും ദിശയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. കേരളത്തിൽ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ല. എങ്കിലും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here