1000 രൂപയുടെ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെ എന്നറിയാം, മാനദണ്ഡങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌ത്രീ സുരക്ഷാ പദ്ധതി. ഇതുപ്രകാരം 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം സർക്കാർ 1000 രൂപ നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പെൻഷൻ പദ്ധതിയാണിത്.
2025 ഒക്ടോബർ 29 നാണ് മന്ത്രിസഭ ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. ആര്‍ക്കൊക്കെയാണ് ഈ പദ്ധതിയില്‍ ചേരാൻ സാധിക്കുക, എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍, എങ്ങനെ ഈ പദ്ധതിയില്‍ ചേരാൻ എന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായ ഒര സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.
പുതിയ പദ്ധതി സംസ്ഥാനത്ത് ഏകദേശം 31.34 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രതിവർഷം 3,800 കോടി രൂപ ബജറ്റ് വിഹിതം ഇതിനായി സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. 60 വയസ് വരെ മാത്രമെ പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ കഴിയൂ. 60 വയസ് കഴിയുന്നവർ പദ്ധതിയില്‍നിന്നും പുറത്താകും. റേഷന്‍ കാർഡ് മഞ്ഞ, പിങ്ക് ആയിരിക്കണം.
പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കേണ്ടതുണ്ട്. പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച മറ്റ് പൊതു മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം.
പൊതു മാനദണ്ഡങ്ങള്‍
1. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും (എഎവൈ – മഞ്ഞ കാർഡ് മുൻഗണനാ വിഭാഗത്തിലും, പിഎച്ച്എച്ച് – പിങ്ക് കാർഡ്) ഉള്‍പ്പെടുന്നവരുമായ 35 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആകണം. ട്രാന്‍സ് വുമണ്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
2. 35 – 60 വയസ് പ്രായപരിധിക്കാരായിരിക്കണം.
3. കേരളത്തിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം.
4. പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000 രൂപ ആയിരിക്കും.
5. വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, മറ്റ് സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നുള്ള കടുംബ പെന്‍ഷന്‍, ഇ.പി.എഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകില്ല.
6. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പദ്ധതികള്‍, സര്‍വകലാശാലകള്‍, മറ്റ് സ്വയം ഭരണ/ഗ്രാൻ്റ് ഇന്‍ എയ്‌ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരം/കരാര്‍ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും.
7. അന്ത്യോദയ അന്നയോജന, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ ആയി തരം മാറ്റപ്പെടുകയാണെങ്കിൽ പദ്ധതി ആനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും.
8. ഗുണഭോക്താവ് മരണപ്പെട്ടതിനു ശേഷം ആനുകൂല്യം അവകാശികൾക്ക് ലഭ്യമാകില്ല.
9. എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്‌താവന നല്‍കണം.
10. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാന്‍ഡ് ചെയ്യപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്‌തുത കാലയളവിലെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.
11. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ ഉപയോഗിക്കാം. ഇവയുടെ അഭാവത്തില്‍ മാത്രം അപേക്ഷകർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡോക്‌ടര്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാം.
12. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ നിന്നും ഇത്തരത്തില്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം ഈടാക്കും.
13. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക മസ്റ്ററിങ് ഉണ്ടാകും.
പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം?
- അപേക്ഷകർ ആദ്യം പദ്ധതിയുടെ https://wcd.kerala.gov.in/ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണ്
- തുടര്‍ന്ന് നിങ്ങളുടെ എല്ലാ വ്യക്തിഗത വിവരങ്ങളും നല്‍കി വിജയകരമായി രജിസ്റ്റർ ചെയ്യുക
- ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന “യൂസര്‍ നെയിമും പാസ്‌വേര്‍ഡും” ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
- പിന്നീട്, ഹോംപേജിൽ നിന്ന് കേരള വനിതാ സുരക്ഷാ പദ്ധതി ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
- ഇപ്പോൾ നിങ്ങൾ അപേക്ഷാ ഫോമിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകണം.
- തുടർന്ന് വരുമാനം, പ്രായം എന്നിവ തെളിയിക്കാനുള്ള ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യണം.
- അവസാനം, നിങ്ങൾ വിശദാംശങ്ങൾ വീണ്ടും പരിശോധിച്ച് സമർപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌താല്‍ മാസം നിങ്ങള്‍ക്ക് ലഭിക്കും 1000 രൂപ…









