ചെപ്പോക്കില്‍ രാസവസ്തു പ്രയോഗം; ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് മുന്നോടിയായിട്ടാണ് പുതിയ രീതി

0
29

ടി20 ലോകകപ്പിലെ നിര്‍ണ്ണായകമായ ഇന്ത്യ – സിംബാബ്വെ സൂപ്പര്‍ 8 മത്സരം നടക്കേണ്ട ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഈര്‍പ്പം തടയാന്‍ പുതിയ മാര്‍ഗ്ഗം സ്വീകരിക്കുന്നു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ‘ഡ്യൂ ക്യുര്‍’ എന്ന രാസമിശ്രിതമാണ് മൈതാനത്ത് ഉപയോഗിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി നഗരത്തില്‍ ചൂട് വര്‍ദ്ധിച്ച സാഹചര്യത്തില്‍, ഗ്രൗണ്ടിലെ ഈര്‍പ്പം വലിയ സ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം. അമേരിക്കയിലെ മേജര്‍ ലീഗ് ബേസ് ബോള്‍ മത്സരങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന രാസ വസ്തുവാണിണ്.

ലോകകപ്പിന് മുന്നോടിയായി ചെപ്പോക്കിലെ പിച്ചും ഔട്ട്ഫീല്‍ഡും നവീകരിച്ചപ്പോള്‍ തന്നെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇത് ഇറക്കുമതി ചെയ്തിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകുന്നേരങ്ങളില്‍ ഈ രാസമിശ്രിതം വെള്ളത്തില്‍ കലര്‍ത്തി ഔട്ട്ഫീല്‍ഡില്‍ തളിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്കും ഇത് ഒരിക്കല്‍ കൂടി പ്രയോഗിക്കും. ”ഡ്യൂ ക്യുര്‍ തളിച്ചു കഴിഞ്ഞാല്‍ പുല്ലിന്റെ ഇലകളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കില്ല. ഈര്‍പ്പം തട്ടുന്ന ഉടന്‍ തന്നെ അത് ആഗിരണം ചെയ്യപ്പെടുകയും പുല്ല് ഉണങ്ങിയ അവസ്ഥയിലാവുകയും ചെയ്യും.” ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച പരിശീലനത്തിന് ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ മൈതാനത്ത് തങ്ങി ഈര്‍പ്പത്തിന്റെ ആഴം പരിശോധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ടീം സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും ഡ്യൂ ക്യുര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എന്നാല്‍, 2026-ലെ ഐപിഎല്‍ സീസണില്‍ എല്ലാ വേദികളിലും ഈ മിശ്രിതം ഉപയോഗിക്കുന്നത് ബിസിസിഐ നിര്‍ബന്ധമാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഇന്ന് രാത്രി 7 മണിക്കാണ് ഇന്ത്യ-സിംബാബ്വെ മത്സരം ആരംഭിക്കുന്നത്. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here