ബോളിവുഡ് താരം ധർമ്മേന്ദ്രയുടെ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ഭാര്യ ഹേമ മാലിനിയും മക്കളും. ചികിത്സയിലുള്ള ഒരു വ്യക്‌തിയെ കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നത് എങ്ങനെയെന്നാണ് ഹേമ മാലിനി ചോദിക്കുന്നത്.
പ്രശസ്‌ത ബോളിവുഡ് താരം ധർമ്മേന്ദ്രയുടെ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് കുടുംബം. പിതാവിന്‍റെ മരണ വാര്‍ത്ത തള്ളി മകള്‍ ഇഷ ഡിയോള്‍ രംഗത്ത്. മാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നും പിതാവിന്‍റെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണെന്നും ഇഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഡോക്‌ടര്‍മാരുടെ മേല്‍നോട്ടത്തിലുള്ള ധര്‍മ്മേന്ദ്ര ഉടന്‍ സുഖം പ്രാപിക്കുമെന്നും മകന്‍ സണ്ണി ഡിയോള്‍ അറിയിച്ചു.
“മാധ്യമങ്ങൾ ധൃതിയില്‍ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി തോന്നുന്നു. എന്‍റെ പിതാവ് ഇപ്പോള്‍ ആരോഗ്യവാനാണ്, അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകാൻ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അദ്ദേഹം എത്രയും വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി” -ഇപ്രകാരമാണ് ഇഷ ഡിയോള്‍ കുറിച്ചത്. അതേസമയം പോസ്‌റ്റിന്‍റെ കമന്‍റ് സെക്ഷന്‍ ഇഷ ഡിയോള്‍ ഓഫ് ആക്കി വെച്ചു.
ധര്‍മ്മേന്ദ്രയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്കും കിംവദന്തികൾക്കും ഇടയിൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് സണ്ണി ഡിയോളിന്‍റെ ടീം പ്രസ്‌താവന പുറത്തിറക്കി.
“ധർമ്മേന്ദ്രയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്. അദ്ദേഹം നിരീക്ഷണത്തിലാണ്. കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുമ്പോൾ പങ്കുവെക്കും. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുത്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാർത്ഥിക്കണം. കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” -സണ്ണി ഡിയോളിന്‍റെ ടീം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
ധർമ്മേന്ദ്രയുടെ ഭാര്യയും നടിയുമായ ഹേമ മാലിനിയും വിഷയത്തില്‍ പ്രതികരിച്ചു. ചികിത്സയിലുള്ള ഒരു വ്യക്‌തിയെ കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നത് എങ്ങനെയെന്നാണ് ഹേമ മാലിനി ചോദിക്കുന്നത്. ഇത് പൊറുക്കാനാവില്ലെന്നും ഹേമ മാലിനി എക്‌സിലൂടെ അറിയിച്ചു.
“സംഭവിക്കുന്നത് പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്‌തിയെ കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിന്‍റെ സ്വകാര്യതയെ ബഹുമാനിക്കുക” – ഹേമ മാലിനി കുറിച്ചു.
ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ധര്‍മ്മേന്ദ്രയെ കാണാന്‍ ആരാധകരും സഹതാരങ്ങളും ആശുപത്രിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യ വിവരം ഹേമ മാലിനി എക്‌സിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
“ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ധരം ജിയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് എല്ലാവരോടും ഞാൻ നന്ദി പറയുന്നു. അദ്ദേഹം തുടർച്ചയായ നിരീക്ഷണത്തിലാണ്. നമ്മളെല്ലാവരും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനുമായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” -ഇപ്രകാരമാണ് ഹേമ മാലിനി ആദ്യം എക്‌സില്‍ കുറിച്ചത്.









