ന്യൂഡൽഹി: ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ജനങ്ങളോട് വോട്ടവകാശം രേഖപ്പെടുത്താന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും. ‘വോട്ടർമാർ അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും മറ്റുള്ളവരെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
“ഇന്ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പാണ്. എല്ലാ വോട്ടർമാരും ഇതിൽ സജീവമായി പങ്കെടുക്കുകയും വോട്ടിങ്ങിൽ പുതിയ റെക്കോർഡ് സൃഷ്‌ടിക്കുകയും ചെയ്യണമെന്നാണ് എൻ്റെ അഭ്യർഥന ” അദ്ദേഹം പറഞ്ഞു.
കന്നി വോട്ടര്‍മാര്‍ക്ക് ഇത് വെറുമൊരു വോട്ട് മാത്രമാകരുതെന്നും വോട്ട് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും വോട്ട് അഭ്യർഥനയുമായി രംഗത്ത് എത്തി. സംസ്ഥാനത്തെ ജനങ്ങളോട് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്യാനും അവരുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കാനും അദ്ദേഹം അഭ്യർഥിച്ചു. ജോലികളേക്കാൾ മുൻഗണന വോട്ടിങ്ങിന് നൽകണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ജനാധിപത്യത്തിൽ വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശം മാത്രമല്ല, നമ്മുടെ കടമ കൂടിയാണ്. ഇന്ന് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നു. എല്ലാ വോട്ടർമാരും അവരുടെ വോട്ടവകാശം പരാജയപ്പെടാതെ വിനിയോഗിക്കാൻ അഭ്യർഥിക്കുന്നു. വോട്ട് ചെയ്യുകയും മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ പ്രചോദിപ്പിക്കുകയും ചെയ്യുക” നിതീഷ് കുമാർ എക്‌സിൽ കുറിച്ചു.
ബിഹാറിന് പുറമേ ആറ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. ജമ്മു കശ്‌മീരിലെ ബുഡ്‌ഗാം, നഗ്രോട്ട, രാജസ്ഥാനിലെ ആൻ്റ, ജാർഖണ്ഡിലെ ഘട്‌സില, തെലങ്കാനയിലെ ജൂബിലി ഹിൽസ്, പഞ്ചാബിലെ തരൺ തരൺ, മിസോറാമിലെ ഡാമ്പ, ഒഡിഷയിലെ നുവാപദ എന്നിവയാണ് ഈ മണ്ഡലങ്ങൾ.







