തെരുവ് നായകളെ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

0
34

തെരുവ്‌ നായ ശല്യത്തിൽ സുപ്രധാന നീക്കവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളില്‍ അടക്കം കുട്ടികള്‍ക്കും ജനങ്ങള്‍ക്കും നായകളുടെ കടിയേൽക്കുന്ന കേസുകള്‍ ‘ഭയാനകമായ വർധിക്കുന്നു’ എന്ന് കോടതി നിരീക്ഷിച്ചു. തെരുവ് നായകളെ നിയുക്ത ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടു.

രാജ്യത്തുടനീളം തെരുവ് നായകളുടെ കടിയേൽക്കുന്ന സംഭവങ്ങളിൽ അപകടകരമായ വർധനവ് ഉണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെ തെരുവ് നായകളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരടങ്ങുന്ന ജഡ്‌ജിമാരുടെ പ്രത്യേക ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ കന്നുകാലികളെയും മറ്റ് അലഞ്ഞ് തിരിയുന്ന മൃഗങ്ങളെയും ഹൈവേകളിൽ നിന്നും എക്‌സ്‌പ്രസ് വേകളിൽ നിന്നും നീക്കം ചെയ്യണം. നായകളെ നിയുക്ത ഷെൽട്ടറുകളിലേക്ക് മാറ്റുന്നത് ഉറപ്പാക്കി കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

നായകളുടെ കടിയേൽക്കുന്ന സംഭവങ്ങൾ തടയുന്നതിന് അതാത് സർക്കാരുകള്‍ നടപടി സ്വീകരിക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും പരിസരങ്ങളിൽ തെരുവ് നായകളെ പ്രവേശിപ്പിക്കുന്നത് തടയണം. പിടികൂടുന്ന നായകളെ വന്ധീകരണത്തിന് ശേഷം പിടിച്ച അതേ സ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു.

ദേശീയ പാതകളിൽ നിന്ന് മൃഗങ്ങളെ നീക്കുന്നതിൽ എട്ട് ആഴ്‌ചയ്‌ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കണം. തെരുവ് മൃഗങ്ങൾ പതിവായി കാണപ്പെടുന്ന ഹൈവേകളുടെ ഭാഗങ്ങൾ തിരിച്ചറിയുന്നതിന് സംയുക്ത ഡ്രൈവ് നടത്തണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോടും (എൻ‌എച്ച്‌എ‌ഐ) ബെഞ്ച് നിർദേശിച്ചു.

പൊതു സ്ഥാപനങ്ങളിലെ ജീവനക്കാർ തെരുവ് നായകളെ പോറ്റുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഗുരുതരമായ ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഈ വിഷയത്തിൽ കക്ഷി ചേർത്തിരുന്നു. ഇന്നത്തെ സുപ്രധാന ഉത്തരവിന് പിന്നാലെ അധികൃതർക്ക് നിർദേശങ്ങള്‍ നൽകിയ ശേഷം കേസ് ജനുവരി 13ലേക്ക് കൂടുതൽ വാദം കേൾക്കാനായി മാറ്റി.

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ കുട്ടികളെ ഉള്‍പ്പെടെ തെരുവ് നായകള്‍ ആക്രമിക്കുകയും പേവിഷബാധയുണ്ടാകുകയും ചെയ്‌തതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടിനെത്തുടർന്നാണ് ഇക്കഴിഞ്ഞ ജൂലൈ 28ന് സുപ്രീംകോടതി സ്വമേധയാ ഒരു കേസ് പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here