ഇന്ത്യയിലുള്ളവർക്കും ഇന്ത്യൻ-അമേരിക്കൻ വംശജർക്കും ട്രംപ് ആശംസകൾ നേർന്നു. നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
വൈറ്റ്‌ഹൗസിൽ ദീപാവലി ആഘോഷിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലുള്ളവർക്കും ഇന്ത്യൻ-അമേരിക്കൻ വംശജർക്കും അദ്ദേഹം ആശംസ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായും വ്യാപാരം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്‌തതായും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
“ഇരുട്ടിൻമേൽ വെളിച്ചത്തിൻ്റെ വിജയമായി വിശ്വാസത്തിൻ്റെ പ്രതീകമായി നമ്മൾ ദീപം കൊളുത്തും… ഇത് അജ്ഞതയ്ക്കുമേൽ അറിവും തിന്മയ്ക്കുമേൽ നന്മയുമാണ്. ദീപാവലി സമയത്ത്, ശത്രുക്കളെ പരാജയപ്പെടുത്തിയതിൻ്റേയും, തടസങ്ങൾ നീക്കിയതിൻ്റേയും, തടവുകാരെ മോചിപ്പിച്ചതിൻ്റേയും പുരാതന കഥകൾ നമ്മൾ ഓർമ്മിക്കും.” ദീപാവലിയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പ്രസിഡൻ്റ് ട്രംപ് പറഞ്ഞു.
അതേസമയം വ്യാപാരത്തിലും പ്രാദേശിക സമാധാനത്തിലും യുഎസ്-ഇന്ത്യ ബന്ധങ്ങൾ ട്രംപ് എടുത്തു കാണിക്കുകയും ചെയ്‌തു. “ഇന്ത്യയിലെ ജനങ്ങൾക്ക് ഞങ്ങളുടെ ഊഷ്‌മളമായ ആശംസകൾ അറിയിക്കട്ടെ. ഞാൻ ഇന്ന് നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഒരു മികച്ച സംഭാഷണം നടത്തി. ഞങ്ങൾ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു… അദ്ദേഹത്തിന് ഇതിൽ നല്ല താത്‌പര്യമുണ്ട്. പാകിസ്ഥാനുമായി നമുക്ക് യുദ്ധങ്ങൾ വേണ്ടെന്ന് ഞങ്ങൾ കുറച്ച് മുമ്പ് സംസാരിച്ചിരുന്നു. പാകിസ്ഥാനുമായും ഇന്ത്യയുമായും നമുക്ക് യുദ്ധമില്ല” ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി മോദിയെ ഒരു “മഹാനായ വ്യക്തി” എന്നും “മികച്ച സുഹൃത്ത്” എന്നും ട്രംപ് വിശേഷിപ്പിച്ചു. “അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്, വർഷങ്ങളായി അദ്ദേഹം എൻ്റെ ഒരു മികച്ച സുഹൃത്തായി മാറിയിരിക്കുന്നു” ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ ഒരു മികച്ച രാജ്യമാണ്
ഇസ്രയേൽ- പലസ്‌തീൻ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയേയും മോദിയേയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. തൻ്റെ മികച്ച സുഹൃത്താണ് ആ രാജ്യത്തെ നയിക്കുന്നതും ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ട്രംപ് വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് എടുത്തുപറയാതെയായിരുന്നു ട്രംപിൻ്റെ പ്രശംസ.
“ഇന്ത്യ ഒരു മികച്ച രാജ്യമാണ്. എൻ്റെ വളരെ നല്ല സുഹൃത്താണ് ഇന്ത്യയുടെ ഉന്നത സ്ഥാനത്തിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് നിൽക്കുമെന്ന് ഞാൻ കരുതുന്നു” ട്രംപ് അന്ന് പറഞ്ഞു. അതേസമയം, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെയും ട്രംപ് പ്രശംസിച്ചിരുന്നു. അസിം മുനീറിനെ “പ്രിയപ്പെട്ട ഫീൽഡ് മാർഷൽ” എന്നാണ് ട്രംപ് അഭിസംബോധന ചെയ്‌തത്.







