ജയ്‌പൂര്‍: കസാക്കിസ്ഥാനിലെ എംബിബിഎസ് വിദ്യാര്‍ഥിയായ രാജസ്ഥാന്‍ സ്വദേശിക്ക് മസ്‌തിഷ്‌കാഘാതം. ജയ്‌പൂരിലെ ഷാപുര നിവാസിയായ രാഹുല്‍ ഘോസല്യയ്‌ക്കാണ് മസ്‌തിഷ്‌കാഘാതം ഉണ്ടായത്. സംഭവത്തിന് പിന്നാലെ 22കാരനായ വിദ്യാര്‍ഥിയെ ജയ്‌പൂരിലെത്തിച്ചു. ഇന്നലെ (ഒക്‌ടോബര്‍ 20) വൈകുന്നേരമാണ് വിദ്യാര്‍ഥിയെ നാട്ടിലെത്തിച്ചത്.
ഒക്‌ടോബര്‍ 8നാണ് വിദ്യാര്‍ഥിക്ക് മസ്‌തിഷ്‌കാഘാതം ഉണ്ടായത്. സംഭവത്തിന് പിന്നാലെ രാഹുലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്നലെ ജയ്‌പൂരിലേക്ക് എയര്‍ ലിഫ്‌റ്റ് ചെയ്‌തത്.
എയര്‍ ആംബുലന്‍സില്‍ ജയ്‌പൂരിലെത്തിച്ച രാഹുലിനെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ഥിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എസ്എംഎസ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ദീപക് മഹേശ്വരിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ് രാഹുലിന് ചികിത്സ നല്‍കുന്നത്. ചികിത്സയ്‌ക്കായി ആശുപത്രിയില്‍ നാലംഗ പാനലും രൂപീകരിച്ചു.
അസുഖത്തെ തുടര്‍ന്ന് യുഎസില്‍ ചികിത്സിലായിരുന്ന മകനെ നാട്ടിലെത്തിക്കണമെന്ന് രാഹുലിന്‍റെ കുടുംബം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാണ് കുടുംബം ആവശ്യം ഉന്നയിച്ചത്. മികച്ച ചികിത്സ നല്‍കാന്‍ മകനെ നാട്ടിലെത്തിക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. ഇതോടെ സര്‍ക്കാരുകള്‍ അതിനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.
എന്താണ് മസ്‌തിഷ്‌കാഘാതം: തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തവിതരണം തടസപ്പെടുമ്പോള്‍ രക്തക്കുഴലുകളോ നാഡീ ഞരമ്പുകളോ പൊട്ടിപ്പോകുന്ന അവസ്ഥയാണ് ബ്രെയിന്‍ സ്‌ട്രോക്ക് അഥവാ മസ്‌തിഷ്‌കാഘാതം. രക്തവിതരണം ഇല്ലാതാകുമ്പോള്‍ മാത്രമല്ല ചില സാഹചര്യങ്ങളില്‍ രക്തം കട്ടപ്പിടിക്കുന്ന അവസ്ഥയിലും മസ്‌തിഷ്‌കാഘാതം സംഭവിക്കാം.
മസ്‌തിഷ്‌കാഘാതം സംഭിച്ചാല്‍ തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരും. ഇത് മരണത്തിലേക്ക് നയിച്ചേക്കാമെന്നും വിദഗ്‌ധര്‍ പറയുന്നു. സ്‌ട്രോക്കുകള്‍ മൂന്നിനം ഉണ്ട്. ഇസ്‌കെമിക് സ്‌ട്രോക്ക്, ട്രാന്‍സിയന്‍റ് ഇസ്‌കെമിക് സ്‌ട്രോക്ക്, ഹെമറാജിക്ക് സ്‌ട്രോക്ക് എന്നിവയാണ് വ്യത്യസ്‌തങ്ങളായ സ്‌ട്രോക്കുകള്‍.
ഇസ്‌കെമിക് സ്‌ട്രോക്ക്: തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകള്‍ സങ്കോചിക്കുകയോ ക്ലോട്ടിങ് മൂലം തടസങ്ങള്‍ ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഇസ്‌കെമിക് സ്‌ട്രോക്ക്. ബ്രെയിലെ ധമനികളുടെ ആന്തരിക ഭിത്തികളില്‍ കൊഴുപ്പ് അടിയുന്നതാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്.
ട്രാന്‍സിയന്‍റ് ഇസ്‌കെമിക് സ്‌ട്രോക്ക്: തലച്ചോറില്‍ വേണ്ടത്ര രക്തയോട്ടം ഇല്ലാത്ത അവസ്ഥയാണ് ട്രാന്‍സിയന്‍റ് ഇസ്‌കെമിക് സ്‌ട്രോക്ക്. ഇതിനെ മിനി സ്‌ട്രോക്ക് എന്നും അറിയപ്പെടുന്നുണ്ട്. മുന്‍കൂട്ടി യാതൊരു ലക്ഷണങ്ങളും ഇല്ലാതെ സംഭവിക്കുന്ന ഒന്നാണിത്. 24 മണിക്കൂര്‍ മാത്രമാണ് ഇത് നിലനില്‍ക്കുക. തളര്‍ച്ച, തല കറക്കം, ക്ഷീണം, കൈകാലുകള്‍ക്ക് ബലഹീനത എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.
ഹെമറാജിക്ക് സ്‌ട്രോക്ക്: തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടിപ്പോകന്ന ഗുരുതരമായ രോഗാവസ്ഥയാണ് ബ്രെയിന്‍ ഹെമറേജ്.
സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങള്‍:
- സ്‌ട്രോക്കുണ്ടായ രോഗിയുടെ ശരീരത്തിന്‍റെ ബാലന്‍സ് നഷ്‌ടമാകും.
- കാഴ്‌ച മങ്ങുകയും ചെയ്യും.
- മുഖം നേരെ പിടിക്കാനോ ചിരിക്കാനോ കഴിയാതെ വരും.
- കൈളുടെ ബലം കുറയും.
- രോഗിയുടെ സംസാരം വ്യക്തമാകില്ല.






