യുകെ സ്വപ്‌നത്തിന് കടമ്പകളേറുന്നു; സ്‌കിൽഡ് വിസ പരീക്ഷ കഠിനമാക്കാനൊരുങ്ങി രാജ്യം

0
30

2026 ജനുവരി 8 മുതൽ എല്ലാ വിസ അപേക്ഷകര്‍ക്കും ഹോം ഓഫിസ് അംഗീകൃത ഏജന്‍സിയാണ് പുതിയ ‘സെക്യുർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ്’ നടത്തുന്നത്.

ലണ്ടൻ: സ്‌കിൽഡ് വിസ പരീക്ഷ കഠിനമാക്കാനൊരുങ്ങി യുകെ. രാജ്യത്ത് കുടിയേറ്റം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള വിസ അപേക്ഷകർക്ക് കഠിനമായ ഇംഗ്ലീഷ് ഭാഷാ പരീക്ഷ വേണമെന്ന് യുകെ സർക്കാർ പാർലമെൻ്റിൽ നിർദേശിച്ചു.

2026 ജനുവരി 8 മുതൽ എല്ലാ വിസ അപേക്ഷകര്‍ക്കും ഹോം ഓഫിസ് അംഗീകൃത ഏജന്‍സിയാണ് പുതിയ ‘സെക്യുർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ്’ നടത്തുന്നത്. ഒരു അപേക്ഷകൻ്റെ ഇംഗ്ലീഷ് സംസാരിക്കൽ, കേൾക്കൽ, വായന, എഴുത്ത് എന്നിവയിലെ നിലവാരം എ-ലെവൽ അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിന് തുല്യമായിരിക്കണം. ഇത് ലെവൽ ബി 2 എന്നറിയപ്പെടുന്നു.

ഇതില്‍ പാസാവുന്നവര്‍ക്ക് യുകെയിലെ ജീവിതവുമായി കൂടുതൽ ഇടപഴകാന്‍ കഴിയുമെന്ന് ഹോം ഓഫിസ് അറിയിച്ചു. “ഈ രാജ്യത്ത് വന്ന് സംഭാവന നൽകുന്നവരെ ഈ രാജ്യം എപ്പോഴും സ്വാഗതം ചെയ്‌തിട്ടുണ്ട്. എന്നാല്‍ കുടിയേറ്റക്കാർ നമ്മുടെ ഭാഷ പഠിക്കാതെ ഇവിടെ വരുന്നത് അംഗീകരിക്കാനാവില്ല. അത്തരക്കാർക്ക് നമ്മുടെ രാജ്യത്ത് ഒന്നും തന്നെ സംഭാവന നല്‍കാന്‍ കഴിയില്ല. നിങ്ങൾ ഈ രാജ്യത്തേക്ക് വന്നാൽ നമ്മുടെ ഭാഷ പഠിക്കുകയും നിങ്ങളുടെ പങ്ക് വഹിക്കുകയും വേണം.” യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.

ഈ ആഴ്‌ച ഹൗസ് ഓഫ് കോമൺസിൽ മന്ത്രിമാര്‍ അവതരിപ്പിച്ച നിർദേശങ്ങള്‍ ബ്രിട്ടീഷ് സർക്കാരിൻ്റെ മേയ് മാസത്തെ ‘ഇമിഗ്രേഷൻ വൈറ്റ് പേപ്പർ’ൻ്റെ ഭാഗമായുള്ളതാണ്. വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശം. ഗ്രാജുവേറ്റ് റൂട്ട് വിസയിൽ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ജോലി കണ്ടെത്താനുള്ള സമയം രണ്ട് വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറയ്ക്കും.

2027 ജനുവരി 1 മുതൽ ഈ നിയമം പ്രബല്യത്തില്‍ വരും. എന്നിരുന്നാലും, ഈ വർഷം ആദ്യം നടത്തിയ ഒരു പ്രഖ്യാപനത്തിൻ്റെ ഭാഗമായി പിഎച്ച്ഡി ലെവൽ ബിരുദധാരികൾക്ക് മൂന്ന് വർഷത്തെ അനുമതിക്കുള്ള അര്‍ഹത തുടരും.

“ബിരുദം ലഭിച്ച കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഗ്രാജുവേറ്റ് ലെവൽ ജോലിയിലേക്ക് എത്തിപ്പെടുന്നില്ലെന്നുള്ള ഡാറ്റകള്‍ പുറത്തു വന്നതിന് ശേഷമാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. യുകെയിൽ തുടരുന്നവർ ഗ്രാജുവേറ്റ് ലെവൽ ജോലികളിലേക്ക് മാറുകയും യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശരിയായ സംഭാവന നൽകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നിയമങ്ങളുടെ ലക്ഷ്യം.” ആഭ്യന്തര ഓഫിസ് മന്ത്രി മൈക്ക് ടാപ്പ് പാർലമെൻ്ററി പ്രസ്‌താവനയിൽ പറഞ്ഞു.

അതേസമയം 2025-2026 അധ്യയന വർഷത്തിലേക്ക് വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ സാമ്പത്തിക നിബന്ധനകളുടെ പരിധിയും വർധിപ്പിക്കും. അതായത് വിദേശ വിദ്യാർഥികള്‍ക്ക് മതിയായ ഫണ്ട് പക്കലുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. ലണ്ടനിൽ പ്രതിമാസം 1,483 പൗണ്ടിൻ്റെ ഫണ്ട് ഉണ്ടായിരിക്കണമെന്ന നിലവിലെ ആവശ്യകത 1,529 പൗണ്ടായും യുകെയുടെ മറ്റ് ഭാഗങ്ങളിൽ പ്രതിമാസം 1,171 പൗണ്ടായും (1,136 പൗണ്ടിൽ നിന്ന്) ഉയർത്തും.

ബിരുദധാരികൾക്ക് ഉയർന്ന സാധ്യതയുള്ള വ്യക്തിഗത (HPI) റൂട്ട് ഉപയോഗിക്കാൻ കഴിയുന്ന സർവകലാശാലകളുടെ എണ്ണം ഇരട്ടിയാക്കും. അതുപോലെ സ്‌കില്‍ഡ് വിസ ഉപയോഗിച്ച് അപേക്ഷിക്കാന്‍ കഴിയുന്ന സര്‍വകലാശാലകളുടെ എണ്ണം പ്രതിവർഷം 8,000 ആയി പരിമിതപ്പെടുത്തും. എച്ച്പിഐ റൂട്ട് വഴി യുകെയിലേക്ക് വരുന്നവരുടെ എണ്ണം 2,000 ൽ നിന്ന് 4,000 ആയി ഇരട്ടിക്കുമെന്ന് ആഭ്യന്തര ഓഫിസ് പറഞ്ഞു.

ഇത് ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്ക് യുകെയിൽ തങ്ങളുടെ കരിയർ അടിത്തറയാക്കാനുള്ള അവസരം നൽകുമെന്ന് ഹോം ഓഫിസ് അറിയിച്ചു.

“യുകെയിൽ പഠിക്കുന്ന കഴിവുള്ള സംരംഭകർക്ക് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിൽ നൂതനമായ ബിസിനസ് സംരംഭങ്ങൾ തടസമില്ലാതെ സ്ഥാപിക്കാൻ കഴിയും. അതേസമയം സ്റ്റുഡൻ്റ് വിസയിൽ നിന്ന് ഇന്നൊവേറ്റർ ഫൗണ്ടർ റൂട്ടിലേക്ക് മാറാന്‍ കഴിയും.” ഹോം ഓഫിസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here