ഏഷ്യയിലെ ഏറ്റവും വലിയ ടെക്‌നോളജി ഇവന്‍റ്; ഇന്ത്യൻ മൊബൈൽ കോൺഗ്രസിന് ഇന്ന് തുടക്കം

0
31

ഈ വർഷത്തെ ഇന്ത്യൻ മൊബൈൽ കോൺഗ്രസ്(IMC) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌തു. ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഇവന്‍റാണ് ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടക്കുന്നത്. ഇന്ന് (ഒക്ടോബർ 8) മുതൽ 11 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യ മൊബൈൽ കോൺഗ്രസിന്‍റെ 9-ാം പതിപ്പാണ് യശോഭൂമിയിലെ ഇന്ത്യ ഇന്‍റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്‍ററിൽ വെച്ച് നടക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും (DoT) സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (COAI) സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി “ഇന്നൊവേറ്റ് ടു ട്രാൻസ്ഫോം” എന്ന പ്രമേയത്തിലാണ് നടത്തുന്നത്. ഡിജിറ്റൽ പരിവർത്തനവും സാമൂഹിക പുരോഗതിയും ലക്ഷ്യം വെച്ചുള്ളതാണ് IMC 2025.

2025 ഇന്ത്യൻ മൊബൈൽ കോൺഗ്രസിനായി 4 ലക്ഷം ചതുരശ്ര വിസ്രതൃതിയിലാണ് ദ്വാരകയിലെ യശോഭൂമിയിൽ പ്രദർശനത്തിനായി വേദിയൊരുങ്ങിയത്. ടെലികോം സെക്‌ടറിലെയും വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെയും ഏറ്റവും പുതിയ ഇന്നോവേഷനുകൾ IMC 2025ൽ പ്രദർശിപ്പിക്കും. ആറ് ആഗോള ഉച്ചകോടികൾക്കും IMC 2025 വേദിയാകും.

ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്‌ധർ, നൂതനാശയക്കാർ എന്നിവർ പങ്കെടുക്കും. ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ്, ടെലികോമിലെ സെമികണ്ടക്‌ടറുകൾ, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, 6G, ഫ്രോഡ് റിസ്‌ക് ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് അടുത്ത തലമുറ കണക്റ്റിവിറ്റി, ഡിജിറ്റൽ പരമാധികാരം, സൈബർ തട്ടിപ്പ് പ്രതിരോധം, ആഗോള സാങ്കേതിക നേതൃത്വം എന്നിവയിലേക്കുള്ള ഇന്ത്യയുടെ ചുവടുവെയ്‌പ്പായി കണക്കാക്കാം.

150-ലധികം രാജ്യങ്ങളിൽ നിന്നും 7,000-ത്തിലധികം ആഗോള പ്രതിനിധികളിൽ നിന്നും 400-ലധികം കമ്പനികളിൽ നിന്നുമായി 1.5 ലക്ഷത്തിലധികം സന്ദർശകർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കാം. ജപ്പാൻ, കാനഡ, യുകെ, റഷ്യ, അയർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കും. 1,600ലധികം പുതിയ യൂസ്-കേസുകൾ 100-ലധികം സെഷനുകളിലൂടെയും 800-ലധികം സ്‌പീക്കറുകളിലൂടെയും പ്രദർശിപ്പിക്കും. രാജ്യത്തിന്‍റെ ടെലികോം മേഖലയുടെ പുരോഗതിക്കും സുരക്ഷയ്‌ക്കും, ഒപ്പം ഡിജിറ്റൽ മേഖലയുടെ വളർച്ചയ്‌ക്കും ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2025 വലിയ പങ്ക് വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here