ജീവൻ രക്ഷിക്കാൻ കുട്ടികളെ സ്വയം പ്രാപ്‌തമാക്കുന്ന ഒരേയൊരു കായിക വിനോദമാണ് നീന്തൽ.
നൃത്തം, ചിത്രരചന, സൈക്കിങ് തുടങ്ങിയവ ചെറുപ്പം മുതലെ അഭ്യസിപ്പിക്കുന്ന കുട്ടികൾ നിരവധിയാണ്. കുട്ടികളിലെ കഴിവ് വളർത്തിയെടുക്കാനും ആത്മവിശ്വാസത്തോട് കൂടി മുന്നോട്ട് പോകാനുമൊക്കെ ഇത് സഹായിക്കും. അത്തരത്തിൽ കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ പരിശീലിപ്പിക്കേണ്ട ഒന്നാണ് നീന്തൽ. ജീവൻ രക്ഷിക്കാൻ കുട്ടികളെ സ്വയം പ്രാപ്‌തമാക്കുന്ന ഒരേയൊരു കായിക വിനോദമാണ് നീന്തലെന്ന് 2023 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ശാരീരികവും മാനസികവുമായി നിരവധി നേട്ടങ്ങളാണ് ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. കുട്ടികളെ ചെറുപ്പം മുതലെ നീന്തൽ പഠിക്കുന്നതിന്‍റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
സ്വയംരക്ഷ ഉറപ്പാക്കാൻ
കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത് വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ പ്രാപ്‌തരാക്കും. 1 മുതൽ 14 വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മനഃപൂർവമല്ലാത്ത പരിക്കുകൾ മൂലമുള്ള മരണത്തിന് രണ്ടാമത്തെ കാരണം മുങ്ങിമരണമാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നീന്തൽ പരിശീലിക്കുന്നത് മുങ്ങിമരണ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ശാരീരികാരോഗ്യം മെച്ചപ്പെടുത്തും
കുട്ടികളുടെ ശാരീരികാരോഗ്യം പ്രോത്സാഹിപ്പിക്കാൻ നീന്തൽ വളരെയധികം സഹായിക്കും. ഹൃദയാരോഗ്യം, ശ്വാസകോശ ആരോഗ്യം, പേശികളുടെ ശക്തി, ശരീരത്തിന്‍റെ വഴക്കം എന്നിവ മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഒരു ശാരീരിക പ്രവർത്തനമാണിത്. മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കുന്നു.
മാനസികാരോഗ്യം
നീന്തൽ മാനസികാരോഗ്യത്തെ പിന്തുണയ്ക്കും. സമ്മർദ്ദം കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നീന്തൽ സഹായിക്കും. ഇവയെല്ലാം മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ക്ഷേമം ഉറപ്പാക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വൈജ്ഞാനിക വികസനം
നീന്തൽ തലച്ചോറിന്‍റെ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും. നീന്തൽ പോലുള്ള പതിവ് ശാരീരിക പ്രവർത്തനങ്ങൾ കുട്ടികളുടെ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തലച്ചോറിന്‍റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ഓർമശക്തിയും പഠന ശേഷിയും വർധിപ്പിക്കുകയും ചെയ്യും. വിമർശനാത്മക ചിന്തയും പ്രശ്‌നപരിഹാര കഴിവുകൾ വികസിപ്പിക്കാനും ഇത് സഹായിക്കും.
ആത്മവിശ്വാസം വർധിപ്പിക്കും
നീന്തലിൽ പ്രാവീണ്യം നേടുന്നത് കുട്ടികളിലെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കാൻ സഹായിക്കും. വെള്ളത്തോടുള്ള ഭയത്തെ മറികടക്കാനും ഇത് സഹായിക്കും.
സാമൂഹികമായുള്ള ഇടപെടലുകൾ
നീന്തൽ പരിശീലന ക്ലാസുകളിൽ പോകുന്നത് സമപ്രായക്കാരുമായി ഇടപഴകാനും നല്ല ബന്ധം സൂക്ഷിക്കാനും സഹായിക്കും. സാമൂഹികമായുള്ള ഇടപെടലുകൾ കുട്ടികളിലെ ആശയവിനിമയ കഴിവുകൾ, സാമൂഹിക സഹകരണം എന്നിവ വളർത്തിയെടുക്കാൻ ഗുണം ചെയ്യും.
എപ്പോൾ മുതൽ നീന്തൽ പരിശീലിക്കാം
നീന്തൽ പഠിക്കാൻ പ്രത്യേകിച്ച് ഒരു പ്രായമൊന്നും ഇല്ല. ഇത് കുട്ടികളുടെ വളർച്ച, മാതാപിതാക്കളുടെ സൗകര്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 6 മാസം കഴിഞ്ഞ ഒരു കുട്ടിക്ക് നീന്തൽ പരിശീലിക്കാവുന്നതാണ്. ഇത് വെള്ളത്തോടുള്ള കുട്ടികളുടെ പേടി ഇല്ലാതാക്കാൻ സഹായിക്കും. ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികളെ നീന്തൽ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാനുള്ള കഴിവുകൾ നേടിയെടുക്കാൻ ഇത് സഹായിക്കും.





