അപൂർവമായി മാത്രം കണ്ടുവരുന്ന ഗുരുതരവുമായ ഒരു രോഗാവസ്ഥയാണ് മലദ്വാര കാൻസർ.
ദഹനനാളത്തിന്റെ അവസാന ഭാഗമായ മലദ്വാരത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗസ്വസ്ഥയാണ് അനൽ കാൻസർ അഥവാ മലദ്വാര അർബുദം. മലദ്വാരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. മൂലക്കുരു ലക്ഷണമായി തെറ്റുധരിക്കപ്പെടുന്നതിനാൽ വളരെ വൈകി മാത്രം തിരിച്ചറിയുന്ന ഒരു രോഗം കൂടിയാണിത്. രോഗനിർണയത്തിൽ ഉണ്ടാകുന്ന കാലതാമസം ചികിത്സ വൈകിപ്പിക്കുകയും രോഗമുക്തിയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അപൂർവമായി മാത്രം കണ്ടുവരുന്ന മലദ്വാര കാൻസർ പ്രാരംഭ ഘട്ടത്തിലെ കണ്ടെത്തുന്നത് അതിജീവന നിരക്ക് മെച്ചപ്പെടുത്താൻ സഹായിക്കും.
ജീവന് ഭീഷണിയല്ലാത്ത മറ്റ് രോഗങ്ങളുടെ ലക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മലദ്വാര കാൻസർ രോഗനിർണയത്തിൽ കാലതാമസം നേരിടുന്നത് സാധാരണമെന്ന് ദി ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ മുന്നറിയിപ്പ് സൂചനകൾ നേരത്തെ തിരിച്ചറിയുക എന്നാതാണ് പ്രധാനം. ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ ഇത് സഹായിക്കും. മലദ്വാര കാൻസറിന്‍റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
മലാശയ രക്തസ്രാവം
മലദ്വാര കാൻസറിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണം മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവമാണ്. മലമൂത്ര സമയത്ത് കടും ചുവപ്പ് നിറത്തിൽ രക്തം പോകുക, മലത്തിൽ രക്തം കാണപ്പെടുക തുടങ്ങിയവ ഇതിന്‍റെ ഒരു സൂചനയാണ്. അതിനാൽ ഇടയ്ക്കിടെ രക്തസ്രാവമുണ്ടായാൽ വൈദ്യപരിശോധനയ്ക്ക് വിധേയരായി രോഗനിർണയം നടത്തുക.
മലദ്വാരത്തിന് ചുറ്റും വേദന
മലദ്വാരത്തിൽ തുടർച്ചയായ വേദന, അസ്വസ്ഥത, ചൊറിച്ചിൽ എന്നിവ അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം. മലദ്വാര കാൻസറിന്‍റെ ഒരു സൂചനയാകാമിത്. ലക്ഷണങ്ങൾ കാലക്രമേണ വഷളാവുകയും ചെയ്യുന്നു. പ്രാഥമിക ചികിത്സകളോ ജീവിതശൈലിയിൽ മാറ്റങ്ങളോ വരുത്തിയിട്ടും അസ്വസ്ഥത തുടർന്നാൽ ഉടൻ തന്നെ മലദ്വാര കാൻസർ പരിശോധന നടത്തേണ്ടത്തേണ്ടത് അത്യാവശ്യമാണ്.
മലദ്വാരത്തിൽ തടിപ്പ്
മലദ്വാരത്തിന്‍റെ പുറത്തോ അകത്തോ കാണപ്പെടുന്ന ചെറിയ മുഴകൾ, തടിപ്പുകൾ, വീക്കം തുടങ്ങിയവ കാൻസറിന്‍റെ ലക്ഷണമാകാം. ചില മുഴകൾ വേദനയില്ലാത്തതാകാം. ഇത് രോഗം അവഗണിക്കാൻ കാരണമാകും. അതിനാൽ വിട്ടുമാറത്തോ വളരുന്നതോ ആയ മുഴകൾ കാൻസറിന്‍റേതാകാം. അതിനാൽ നേരത്തെ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാകുക.
മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ
മലദ്വാര കാൻസറുള്ള ആളുകളിൽ മലവിസർജ്ജനത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുവരാറുണ്ട്. വിശദീകരിക്കാനാവാത്ത മലബന്ധം, വയറിളക്കം, അസാധാരണമാംവിധം നേർത്തതോ ഇടുങ്ങിയതോ ആയ മലം, മലവിസർജ്ജനം നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. ഇടയ്ക്കിടെ മലമൂത്ര വിസർജ്ജനം നടത്താനുള്ള തോന്നലും അനുഭവപ്പെടാം. ഈ ലക്ഷണങ്ങൾ ആഴ്‌ചകളോളം നീണ്ടുനിന്നാൽ ഒരു ഡോകടറെ സമീപിച്ച് വൈദ്യ പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
വീർത്ത ലിംഫ് നോഡുകൾ
മലദ്വാര അർബുദം ലിംഫ് നോഡുകളിലേക്ക് വ്യാപിക്കുമ്പോൾ ഉറച്ചതും വലിപ്പമുള്ളതുമായ മുഴകൾ പ്രത്യക്ഷപ്പെട്ടേക്കാം. ഇത്തരം മുഴകൾ പലപ്പോഴും വേദനയില്ലാത്തവയാകാം. ചില അണുബാധകൾ മൂലവും ലിംഫ് നോഡുകളിൽ വീക്കം അനുഭവപ്പെടാറുണ്ട്. എന്നാൽ ഇവ ആഴ്‌ചകൾക്കുളിൽ ബേധമാകുന്നവയാണ്. എന്നാൽ ഇവ വിട്ടുമാറാത്തതും നീണ്ടുനിൽക്കുകയും ചെയ്‌താൽ അത് കാൻസറിന്‍റെ ലക്ഷണമാകാം.








