ചൊവ്വയില്‍ ജീവനുണ്ടായിരുന്നു, ഭൂമിക്ക് പുറത്ത് ആദ്യമായൊരു ജീവന്‍റെ കണിക;

0
39

ചൊവ്വയില്‍ കണ്ടെത്തിയ ചില തെളിവുകള്‍, ഒരുകാലത്ത് ഗ്രഹത്തില്‍ ജീവനുണ്ടായിരുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഇനിയും സ്ഥിരീകരണം ആവശ്യമാണെങ്കില്‍ പോലും, ഈ കണ്ടെത്തല്‍ നമ്മുടെ ഗ്രാഹ്യത്തെ പാടെ മാറ്റിയെഴുതുന്നു.

ഈ മാസം ആദ്യം, നാസയുടെ പെർസെവറൻസ് റോവർ ചൊവ്വയില്‍ ഒരുകാലത്ത് ജീവന്‍റെ തുടിപ്പ് ഉണ്ടായിരുന്നു എന്നവാദത്തിന് സാധ്യത നല്‍കുന്ന ചില അടയാളങ്ങള്‍ കണ്ടെത്തുകയുണ്ടായി. വളരെ വരണ്ട ഒരു നദീതടത്തിലെ പാറകളിൽ ഇത്തരം അടയാളങ്ങള്‍ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെ ലാബില്‍ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതിന്‍റെ ആവശ്യകത ശാസ്‌ത്രജ്ഞർ ശക്തമായി ഉന്നയിക്കുമ്പോഴും, ചൊവ്വയിലെ ആ കണ്ടെത്തലുകള്‍ സുപ്രധാന നാഴികക്കല്ലാണെന്ന് പറയാതെ വയ്യ. നാസയുടെ ശാസ്ത്ര ദൗത്യ മേധാവി നിക്കി ഫോക്‌സ് പറഞ്ഞതുപോലെ, ‘ചൊവ്വയില്‍ ജീവന്‍റെ തുടിപ്പുണ്ടായിരുന്നോ എന്ന് കണ്ടെത്താൻ നടത്തിയ പരീക്ഷണങ്ങളില്‍, അതിലേക്ക് ഏറ്റവും അടുത്തു കിടക്കുന്ന തെളിവാണിത്.’

നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ‘റെഡോക്‌സ്-ഡ്രൈവൺ മിനറൽ ആൻഡ് ഓർഗാനിക് അസോസിയേഷൻസ് ഇൻ ജെസീറോ ക്രേറ്റർ, മാർസ്’ എന്ന പ്രബന്ധത്തിൽ, ഒരു കൂട്ടം ശാസ്ത്രജ്ഞർ കഴിഞ്ഞ വർഷം പെർസെവറൻസ് റോവർ ശേഖരിച്ച സാമ്പിളിൽ നിന്നുള്ള വിപ്ലവകരമായ ഫലങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് ചൊവ്വയില്‍ പുരാതന സൂക്ഷ്‌മ ജീവികളുടെ സാധ്യതകളെ സൂചിപ്പിക്കുന്നതാണ്. ‘ഈ പാറകളുടെ വിശദമായ ഭൂമിശാസ്ത്രപരവും പെട്രോഗ്രാഫിക്, ജിയോകെമിക്കൽ സർവേയും ബ്രൈറ്റ് ഏഞ്ചൽ രൂപീകരണത്തിലെ ജൈവ-കാർബൺ വഹിക്കുന്ന ചെളിക്കല്ലിൽ, ഫെറസ് അയണ്‍ ഫോസ്ഫേറ്റ്, സൾഫൈഡ് ധാതുക്കൾ, കൂടാതെ വിവിയാനൈറ്റ്, ഗ്രൈഗൈറ്റ് എന്നിവയാൽ സമ്പുഷ്‌ടമായ സബ്‌മില്ലിമീറ്റർ സ്കെയിൽ നോഡ്യൂളുകളും മില്ലിമീറ്റർ സ്കെയിൽ പ്രതിപ്രവർത്തനങ്ങളും ഉണ്ടെന്ന് കാണിക്കുന്നു.’ -പ്രബന്ധത്തിന്‍റെ സംഗ്രഹത്തില്‍ പറയുന്നു.

പ്രത്യേക ധാതുക്കളെ (വിവിയാനൈറ്റ്, ഗ്രൈഗൈറ്റ്) തിരിച്ചറിയുന്നതിന് ഒരു ഫെറിമാഗ്നറ്റിക് അയണ്‍-സൾഫൈഡ് സാധ്യതയുള്ള ബയോസിഗ്നേചറായി പ്രവർത്തിക്കുന്നു. ബാക്‌ടീരിയ പ്രക്രിയകൾ അവയുടെ രൂപീകരണത്തിന് കാരണമായിരിക്കാമെന്നാണ് സൂചന. ഫോസിലൈസ് ചെയ്‌ത ജീവന്‍റെ കൃത്യമായ തെളിവുകൾ കണ്ടെത്തുന്നതില്‍ ഗവേഷണം പരാജയപ്പെട്ടിട്ടുണ്ടെങ്കിലും, പാറകളിൽ കണ്ടെത്തിയ പ്രത്യേക രൂപഘടനാ സവിശേഷതകൾ, വിദൂര ഭൂതകാലത്തിലെ സൂക്ഷ്‌മ ജീവികളുടെ സാന്നിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ‘ചുരുക്കത്തിൽ, ബ്രൈറ്റ് ഏഞ്ചൽ രൂപീകരണത്തിന് ടെക്‌സ്‌ചറുകൾ, രാസ, ധാതു സവിശേഷതകൾ, ഓർഗാനിക് സിഗ്‌നേചർ എന്നിവ സാധ്യതയുള്ള ബയോസിഗ്നേച്ചറുകൾ ആയി പ്രവർത്തിക്കുന്നു എന്ന് ഞങ്ങള്‍ നിഗമനത്തിലെത്തുന്നു’ പ്രബന്ധത്തിന്‍റെ അവസാനത്തില്‍ ശാസ്‌ത്രജ്ഞർ പറയുന്നു.

റോവർ റിലേ ചെയ്‌ത ഡാറ്റ, പ്രത്യേകിച്ച് അതിന്‍റെ വിശദമായ രാസ, ധാതു വിശകലനങ്ങൾ പഠിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞർ ഈ വിലയിരുത്തലിൽ എത്തിച്ചേർന്നത്. ഉയർന്ന റെസല്യൂഷൻ ക്യാമറകളും സ്പെക്ട്രോമീറ്ററുകളും ഉൾപ്പെടെയുള്ള സങ്കീർണമായ ഉപകരണങ്ങൾ പെർസെവറൻസിൽ സജ്ജീകരിച്ചിരിക്കുന്നു. അവ പാറകളുടെയും മണ്ണിന്‍റെയും കൃത്യമായ ഘടന നിർണയിക്കാൻ പ്രകാശം ഉപയോഗിക്കുന്നു. ചൊവ്വയിലെ ഈ കാര്യങ്ങളെല്ലാം വ്യാഖ്യാനിക്കാൻ, ഗവേഷകർ ഭൂമിയുടെ ഘടന റഫറൻസ് ആയി എടുക്കുന്നു. ചൊവ്വയിൽ കാണപ്പെടുന്ന ധാതുശാസ്‌ത്രത്തെയും രൂപീകരണങ്ങളെയും ഭൂമിയിലെ കാര്യങ്ങളുമായി താരതമ്യം ചെയ്യുന്നു. കൂടുതൽ നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഭൂമിയിലെ ലബോറട്ടറികളിൽ ഈ സാമ്പിളുകൾ വിശകലനം ചെയ്യാൻ കഴിയുന്നതുവരെ, ശാസ്ത്രജ്ഞർക്ക് കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ചൊവ്വയില്‍ ജീവന്‍റെ തുടിപ്പ് ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തറപ്പിച്ച് പറയണമെങ്കില്‍ അതിന് മുമ്പ് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ശാത്രജ്ഞർ പറയുന്നു.

നാസയുടെ പെർസെവറൻസ് റോവർ: യാത്രയും ദൗത്യവും

2020 ജൂലൈ 30 നാണ് നാസയുടെ പെർസെവറൻസ് റോവർ വിക്ഷേപിക്കപ്പെട്ടത്. 2021 ഫെബ്രുവരി 18 ന് റോവർ ചൊവ്വയിൽ വിജയകരമായി ലാൻഡ് ചെയ്‌തു. പുരാതന സൂക്ഷ്‌മജീവികളുടെ അടയാളങ്ങൾ തേടി, പണ്ട് ഒരു തടാകം സ്ഥിതിചെയ്‌തിരുന്നതായി വിശ്വസിക്കപ്പെടുന്ന ജെസെറോ ഗർത്തം പര്യവേക്ഷണം ചെയ്യുക, ചൊവ്വയുടെ മുൻകാല വാസയോഗ്യത വിലയിരുത്തുക എന്നിവയാണ് പെർസെവറൻസ് റോവറിന്‍റെ പ്രാഥമിക ദൗത്യം.

അങ്ങിനെ പെർസെവറൻസ് റോവറിനുള്ള ലാൻഡിങ് സൈറ്റായി നാസ ജെസെറോ ഗർത്തത്തെ തെരഞ്ഞെടുത്തു. അഞ്ച് വർഷത്തെ നിരീക്ഷണത്തിനൊടുവിലാണ് ലോകമെമ്പാടുമുള്ള മിഷൻ ടീം അംഗങ്ങളും ശാസ്ത്രജ്ഞരും ജെസെറോയെ ലാൻഡിങ് സൈറ്റായി ഉറപ്പിച്ചത്. ഗർത്തത്തില്‍ ജലത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതിന്‍റെ ചില അടയാളങ്ങളാണ് ജെസെറോ തെരഞ്ഞെടുക്കാൻ കാരണമായത്. 3.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, ഈ പ്രദേശത്ത് ഒരു തടാകം ഉണ്ടായിരുന്നതായി ശാസ്‌ത്രജ്ഞർ പറയുന്നു. ഒഴുകുന്ന വെള്ളം കളിമണ്ണ്, മറ്റ് വസ്‌തുക്കള്‍ എന്നിവയെ ക്രേറ്റർ തടാകത്തിലേക്ക് കൊണ്ടുപോയിരിക്കാം എന്നതിനാൽ ഈ പ്രദേശം ദൗത്യത്തിന്‍റെ ലക്ഷ്യങ്ങളിൽ പ്രധാനമാണ്.

ഏറ്റവും പ്രധാനം ഇത്തരമൊരു പരിസ്ഥതി സൂക്ഷ്‌മ ജീവികളുടെ നിലനില്‍പ്പിനെ പിന്തുണയ്‌ക്കുന്ന എന്നതാണ്. ഇവിടെ ജീവൻ ഉണ്ടായിരുന്നു എങ്കില്‍ അതിന്‍റെ അടയാളങ്ങള്‍ തടാകത്തിന്‍റെ അടിത്തട്ടിലോ തീരത്തെ അവശിഷ്‌ടങ്ങളിലോ ഉണ്ടാകും. അതിനാൽ, പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ ചരിത്രം വിശകലനം ചെയ്യുക, ജീവന്‍റെ തുടിപ്പുണ്ടായിരുന്നു എന്നതിന് അടയാളങ്ങൾ തേടുക, ഈ സുപ്രധാന സൂചനകൾ അടങ്ങിയിരിക്കുന്ന പാറയുടെയും മണ്ണിന്‍റെയും സാമ്പിളുകൾ ശേഖരിക്കുക എന്നിവയാണ് പെർസെവറൻസ് റോവറിന്‍റെ ചുമതല.

ചൊവ്വയിലെ പാറകളിൽ നിന്നും റെഗോലിത്തിൽ (തകർന്ന പാറയും മണ്ണും) നിന്നും കോർ സാമ്പിളുകൾ തുരന്ന് സീൽ ചെയ്യുക എന്നതാണ് പെർസെവറൻസ് ചെയ്യുന്നത്. ഭാവിയിലെ നാസ-ഇഎസ്എ (യൂറോപ്യൻ ബഹിരാകാശ ഏജൻസി) ദൗത്യത്തിനായി ഈ സാമ്പിളുകൾ കരുതിവയ്‌ക്കുന്നു. ഇത് ഭൂമിയിലെ ലബോറട്ടറികളിൽ വിശകലനം ചെയ്യുന്നതിനായി ഭൂമിയിലേക്ക് കൊണ്ടുവരും.

ഈ പാറകള്‍ ജീവന്‍റെ അടയാളം പേറുന്നു…

ചൊവ്വയുടെ ഭൂമധ്യരേഖയ്ക്ക് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന 45 കിലോമീറ്റർ വീതിയുള്ള ഇംപാക്‌ട് ബേസിനായ ജെസെറോ ക്രേറ്ററിനുള്ളിലെ ഒരു പുരാതന നദീതടത്തില്‍ ഫാൻ ആകൃതിയിലുള്ള അവശിഷ്‌ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനിടെയാണ് ജീവന്‍റെ അടയാളങ്ങള്‍ വഹിക്കുന്ന സാമ്പിളുകള്‍ റോവർ ശേഖരിച്ചത്. ഭൂമിശാസ്ത്രപരമായ രൂപീകരണങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും മുൻകാല ജല സാന്നിധ്യത്തിന്‍റെയും ജൈവ കാർബൺ തന്മാത്രകളുടെയും തെളിവുകൾ തേടുന്നതിനുമാണ് പെർസെവറൻസിന്‍റെ ഓൺബോർഡ് ലബോറട്ടറി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പുരാതന സൂക്ഷ്‌മജീവികളുടെ ആവാസത്തെ സൂചിപ്പിക്കുന്ന നിർദിഷ്‌ട ധാതു ക്രമീകരണങ്ങളും ബയോസിഗ്നേചറുകളും റോവറിന് തിരിച്ചറിയാൻ കഴിയും. ഇതിലൂടെ ഏറ്റവും മികച്ച സാമ്പിളുകള്‍ തെരഞ്ഞെടുക്കാൻ കഴിയും. സൂക്ഷ്‌മജീവികളുടെ ജീവസാധ്യതയെക്കുറിച്ചുള്ള തെളിവുകൾ “സഫയർ കാന്യോൺ” എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രത്യേക സാമ്പിളിൽ നിന്നാണ് ലഭിച്ചത്. ഇത് ലഭിച്ചതാകട്ടെ ഗർത്തത്തിനുള്ളിലെ “ചെവ്യ ഫാള്‍സ്” എന്ന് പേരുള്ള ഒരു പാറയിൽ നിന്നും. ഭൂമിയിലെ ഇത്തരം പരിസ്ഥിതികൾ ജൈവവസ്‌തുക്കളെയും ബയോസിഗ്നേചറുകളെയും സംരക്ഷിക്കുന്നതിനാൽ തന്നെ ഡെൽറ്റയ്ക്കുള്ളിലെ മേഖല പ്രധാനമാണ്.

ചൊവ്വയില്‍ ജീവന്‍റെ തുടിപ്പ്: കണ്ടെത്തല്‍ എന്തുകൊണ്ട് പ്രാധാന്യം അർഹിക്കുന്നു?

ചൊവ്വയിലെ സൂക്ഷ്‌മ ജീവികളുടെ അവശിഷ്‌ടങ്ങളില്‍ നിന്നുള്ള സാധ്യമായ തെളിവുകൾ പ്രതിപാദിച്ച പ്രബന്ധം ഒരു വഴിത്തിരിവിനെ പ്രതിനിധീകരിക്കുന്നതാണ്. കൃത്യമായ സ്ഥിരീകരണം വരാനിരിക്കുകയാണെങ്കില്‍ പോലും, ഈ കണ്ടെത്തല്‍ ഒരു ചരിത്രം തന്നെയാണ്. പ്രപഞ്ചത്തില്‍ ജീവനുള്ള വസ്‌തുക്കള്‍ നമ്മുടെ ഭൂമിയില്‍ മാത്രമല്ല എന്ന തിരിച്ചറിവ് നല്‍കുകയാണിത്. ചൊവ്വയിലെ ഈ സൂക്ഷ്‌മാണുക്കൾ വ്യത്യസ്‌തമായ ഒരു ബയോകെമിക്കൽ സംവിധാനത്തിലൂടെയാണ് ഉത്ഭവിച്ചതെന്ന് ഭാവി വിശകലനങ്ങളിലൂടെ സ്ഥിരീകരിക്കുകയാണെങ്കിൽ, വൈവിധ്യമാർന്ന രാസ പരിതസ്ഥിതികളിൽ നിന്ന് ജീവൻ ഉയർന്നുവരുമെന്ന് തെളിയിക്കപ്പെടും.

മറിച്ച് ഭൂമിയിലേതിന് സമാനമായ ഒരുത്‌ഭവമാണ് അവയ്‌ക്കുള്ളതെങ്കില്‍ രണ്ട് ഗ്രഹങ്ങളുടെയും ആദ്യകാല പരിണാമം സംബന്ധിച്ച് ഒരു നിഗമനത്തിലെത്താം. ഇത് പ്രപഞ്ച സംബന്ധമായ ഒരു ദ്വന്ദത്തിന് കാരണമാകും. ഒന്നാമത്തേത്, ഒരുലോകം, അതില്‍ ഭൂമി ജീവനുള്ളൊരു നീല ഗ്രഹമായി തുടരുന്നു. മറ്റൊന്ന് സൂക്ഷ്‌മ ജീവികളുടെ പ്രാരംഭ യുഗത്തിനുശേഷം ചൊവ്വ ഒരു ചത്ത ചുവന്ന ലോകമായി മാറി. ഏത് സാഹചര്യത്തിലും, ചൊവ്വയിൽ മുൻകാല ജീവന്‍റെ സ്ഥിരീകരണം ജ്യോതിർജീവശാസ്ത്രത്തിനും ഗ്രഹശാസ്ത്രത്തിനും ഒരു മഹത്തായ നേട്ടമായിരിക്കും. ജീവന്‍റെ വ്യാപനത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ അടിസ്ഥാനപരമായി മാറ്റി എഴുതുകയും വരും ദശകങ്ങളിൽ ഭാവി ഗവേഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ഭൂമിക്കപ്പുറത്തുള്ള ജീവൻ അന്വേഷിക്കുമ്പോൾ നമ്മുടെ സ്വാർഥമായ നരവംശ കേന്ദ്രീകരണത്തെ നിയന്ത്രിക്കാൻ നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് ‘ബ്ലൂസ് ഫോർ എ റെഡ് പ്ലാനറ്റ്’ എന്ന തന്‍റെ ഇതിഹാസ കൃതിയുടെ ‘കോസ്മോസ്’ എന്ന അഞ്ചാം അധ്യായത്തിൽ കാൾ സാഗൻ പറയുന്നു. ‘ചൊവ്വയുടെ ഉപരിതല വിസ്‌തീർണം ഭൂമിയുടെ കര വിസ്‌തീർണം പോലെ തന്നെ വലുതാണ്. സമഗ്രമായ ഒരു നിരീക്ഷണം നൂറ്റാണ്ടുകളായുള്ള കാര്യങ്ങള്‍ ഗ്രാഹ്യമാകാൻ സഹായിക്കും. റോബോട്ട് വിമാനങ്ങൾ മുകളിൽ നിന്ന് ചൊവ്വയെ മാപ്പ് ചെയ്‌തതിനും, റോവറുകൾ ഉപരിതലം തുരന്നതിനും, സാമ്പിളുകൾ സുരക്ഷിതമായി ഭൂമിയിലെത്തിച്ചതിനും മനുഷ്യർ ചൊവ്വയുടെ മണലിൽ നടന്നതിനും ശേഷം, ചൊവ്വയെ പൂർണമായും പര്യവേക്ഷണം ചെയ്യുന്ന ഒരു കാലം ഉണ്ടാകും.

പിന്നീട് എന്ത്? ചൊവ്വയെ നമ്മൾ എന്തുചെയ്യണം? ഭൂമിയെ മനുഷ്യൻ ദുരുപയോഗം ചെയ്യുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്, ഇതെന്നെ അലട്ടുന്നുണ്ട്. ചൊവ്വയിൽ ജീവൻ ഉണ്ടെങ്കിൽ, ചൊവ്വയെ ഭൂമിയെ ചെയ്യുന്നതുപോലെ ഒന്നും നാം ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ചൊവ്വയിലുള്ള സൂക്ഷ്‌മാണുക്കള്‍ ആണെങ്കില്‍ പോലും ചൊവ്വ അവരുടേതൊണ്. അടുത്തുള്ള ഒരു ഗ്രഹത്തിൽ ഒരു സ്വതന്ത്ര ജീവശാസ്ത്രത്തിന്‍റെ നിലനിൽപ്പ് പറഞ്ഞറിയിക്കുന്നതിനെക്കാള്‍ അപ്പുറമുള്ള ഒരു നിധിയാണ്, ആ ജീവന്‍റെ സംരക്ഷണം അനിവാര്യമാണെന്ന് ഞാൻ കരുതുന്നു, ചൊവ്വയെ മറ്റേതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നത് തടയണം’

LEAVE A REPLY

Please enter your comment!
Please enter your name here