അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങി കുളിക്കരുത്.
നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടർ തീം പാർക്കുകള്‍ എന്നിവിടങ്ങളിലെ ജലാശയങ്ങളില്‍ ക്ലോറിനേഷൻ നടത്തണം. ജലത്തിലെ ക്ലോറിന്‍റെ അളവ് പരിശോധിച്ചു രജിസ്റ്ററില്‍ നടത്തിപ്പുകാർ രേഖപ്പെടുത്തണം. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.
കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജല സംഭരണികളിലും ക്ലോറിനേഷൻ നടത്തണം. ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം. ജലസ്രോതസുകളില്‍ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.
നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നല്‍കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നല്കി.








