യുപിഎസ് കാർഗോ മക്ഡൊണൽ ഡഗ്ലസ് എംഡി 11 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ) സ്ഥിരീകരിച്ചു.
അമേരിക്കയിലെ ലൂയിസ്‌വില്ലെയിൽ കാർഗോ വിമാനം കത്തിയമര്‍ന്നു. പ്രാദേശിക സമയം വൈകുന്നേരം 5.15ന് ആണ് വിമാനം മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ടേക്ക് ഓഫിനിടെ പൊടുന്നനെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 11 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തുവെന്ന് കെൻ്റക്കി ഗവര്‍ണര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“അപകടത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്, മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായാണ് വിവരം. പതിനൊന്നോളം പേർക്ക് പരിക്കുകളുണ്ട്, പരിക്കറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. – ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു.
യുപിഎസ് കാർഗോ മക്ഡൊണൽ ഡഗ്ലസ് എംഡി 11 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനും (എഫ്എഎ) സ്ഥിരീകരിച്ചു. കാർഗോ വിമാനം ഫ്ലൈറ്റ് നമ്പർ 2976 ഹോണോലുലുവിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. പ്രാഥമിക വിവരങ്ങളാണ് പങ്കുവയ്‌ക്കുന്നതെന്നും വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത് വിടുമെന്നും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.
സംഭവത്തിൽ യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി ദുഖം രേഖപ്പെടുത്തി. കെൻ്റക്കിയിൽ നിന്ന് പുറത്തുവരുന്ന ഹൃദയഭേദകമായ ചിത്രങ്ങൾ എന്ന കുറിപ്പോടെ അപകടത്തിൻ്റെ ചിത്രങ്ങള്‍ വീഡിയോയും അദ്ദേഹം പുറത്ത് വിട്ടു.
“ഈ ഭയാനകമായ അപകടത്തിൽ ആഘാതമേറ്റ ലൂയിസ്‌വില്ലെ സമൂഹത്തിനും ഫ്ലൈറ്റ് ജീവനക്കാർക്കും വേണ്ടി പ്രാർഥിക്കുന്നതിൽ എന്നോടൊപ്പം ചേരൂ” എന്നാണ് അദ്ദേഹം മറ്റൊരു എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. അപകടത്തിൽ മരിച്ചവരുടെയോ അപകടകാരണങ്ങളുടെയോ വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അന്വേഷണം തുടരുന്നതിനാൽ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് വിവരം.
എഫ്എഎയിലെയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലെയും (എൻടിഎസ്ബി) ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിനായി അപകടസ്ഥലത്തേക്ക് അയച്ചിട്ടുള്ളത്. എൻടിഎസ്ബിയെ അന്വേഷണത്തിന് നേതൃത്വം നൽകാൻ വിന്യസിച്ചിട്ടുണ്ടെന്നും യുഎസ് ഗതാഗത സെക്രട്ടറി കൂട്ടിച്ചേർത്തു.
നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡാകും അന്വേഷണത്തിന് നേതൃത്വം നൽകുക. അതേസമയം അപകടം നടന്നതായി യുപിഎസ് എയർലൈൻസും സ്ഥിരീകരിച്ചു. തങ്ങളുടെ വിമാനങ്ങളിലൊന്ന് അപകടത്തിൽപ്പെട്ടിരിക്കുന്നു. വിശദ വിവരങ്ങള്‍ ഉടൻ അറിയിക്കുമെന്നും എക്‌സിലൂടെ വിമാന കമ്പനി അറിയിച്ചു. 1991-ൽ നിർമ്മിച്ച മക്ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് തകർന്നത്.







