ക്യു ആർ കോഡുകളെ കണ്ണടച്ച് വിശ്വസിക്കാമോ? ഇല്ലെന്ന് പൊലീസ്. സ്‌കാൻ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.
നിത്യജീവിതത്തില്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യുന്നവരാണ് നാം ഏറെപേരും. പണമിടപാടുകള്‍ മുതല്‍ ഹോട്ടല്‍ മെനു വരെ ഇന്ന് ക്യു ആർ കോഡ് വഴിയാണ്. ഒരു കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവർക്ക് നല്‍കാനും അവ ക്യു ആർ കോഡില്‍ സജ്ജീകരിക്കുന്ന രീതിയുണ്ട്.
ഉദാഹരണത്തിന് നാം ഒരു ടൂറിസ്റ്റ് സ്‌പോട്ടിലോ മറ്റോ പോയെന്നിരിക്കട്ടെ. ആ ഇടത്തെ കുറിച്ചോ അവിടെയുള്ള കാര്യങ്ങളെ കുറിച്ചോ കൂടുതലറിയാൻ മിക്കയിടങ്ങളിലും ഇന്ന് ക്യു ആർ കോഡ് സജ്ജമാക്കിയിട്ടുണ്ട്. ഇനി ഒരു ബുക്കോ മറ്റോ വാങ്ങാൻ ആണെങ്കില്‍ പോലും തന്നിരിക്കുന്ന ക്യു ആർ കോഡ് സ്‌കാൻ ചെയ്‌താല്‍ അതിനെ കുറിച്ചുള്ള സകല വിവരങ്ങളും നമ്മുടെ വിരല്‍ തുമ്പില്‍ ലഭിക്കും
വിവരസാങ്കേതിക വിദ്യയുടെ വളർച്ച ഇത്തരത്തില്‍ കാര്യങ്ങള്‍ വളരെ എളുപ്പത്തിലാക്കി. സമയത്തിന്‍റെയും സ്ഥലത്തിന്‍റെയും ഒക്കെ പരിമിതികള്‍ വിവര സാങ്കേതിക വിദ്യയുടെ വളർച്ച ഇല്ലാതാക്കി. എന്നാല്‍ ഈ ക്യു ആർ കോഡുകള്‍ എപ്പോഴും സുരക്ഷിതമാണോ? അല്ലെന്നാണ് പൊലീസ് അടക്കമുള്ളവർ നമ്മെ ഓർമിപ്പിക്കുന്നത്. ക്യു ആർ കോഡ് വഴി പലതരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇപ്പോള്‍ ക്യു ആർ കോഡുകള്‍ സ്‌കാൻ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് കേരള പൊലീസ്. ക്യു ആർ കോഡ് സ്‌കാൻ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വസ്‌തുതകളെ കുറിച്ച് പൊലീസ് സേന പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കേരള പൊലീസ് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പോസ്റ്റിന്‍റെ പൂർണ രൂപം:
ആധുനികജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്‌കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്‌തുതകൾ ഉണ്ട്.
- QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
- ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകൾ നയിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിങ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.
- QR കോഡ് സ്‌കാനർ APP- സെറ്റിങ്‌സിൽ ‘open URLs automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.
- അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.
- QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
- കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.
- QR കോഡ് സ്‌കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.
- ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.






