ഡെങ്കിപ്പനി പകരുന്നു: ‘പ്രതിരോധ നടപടികള്‍ കടുപ്പിക്കണം

0
31
Doctor holding Dengue vaccine.

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ ഡെങ്കിപ്പനി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്രം. ഓഗസ്റ്റ് 31 വരെ ഇന്ത്യയില്‍ 49,573 ഡെങ്കിപ്പനി കേസുകളും 42 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ 2024ലെ കണക്ക് പ്രകാരം രാജ്യത്തുടനീളം ആകെ 2,33,519 ഡെങ്കിപ്പനി കേസുകളും 297 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാലും ഈ വർഷം മരണവും ഡെങ്കിപ്പനി കേസുകളും കുറവായിട്ടാണ് കാണാൻ കഴിയുന്നത്.

ഇത് കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തിങ്കളാഴ്‌ച (സെപ്‌റ്റംബർ 15) ഡെങ്കിപ്പനിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പുനഃപരിശോധിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നീണ്ടുനിൽക്കുന്ന മഴക്കാലവും വെള്ളക്കെട്ടും കണക്കിലെടുത്ത് കഴിഞ്ഞയാഴ്‌ച ഡൽഹിയിൽ വച്ച് പകർച്ചവ്യാധി അവലോകനത്തിനായി ജെപി നദ്ദ ഒരു യോഗം വിളിച്ചിരുന്നു. യോഗത്തിൽ രോഗവ്യാപനത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

ഡൽഹി ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. പങ്കജ് കുമാർ സിങ്, കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ രാജ ഇഖ്ബാൽ സിങ്, ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ സുനിത ദയാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പകർച്ചവ്യാധി പടരുന്ന സാഹചര്യങ്ങളിൽ മുനിസിപ്പൽ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്‌തു. നീണ്ടുനിൽക്കുന്ന മഴയിൽ നിന്ന് ഉണ്ടാകുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനും കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ഊന്നൽ നൽകി.

കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ വിശദീകരണം നൽകി

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,215 കേസുകളായിരുന്നു ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തിരുന്നത്. എന്നാലത് ഈ വർഷം ഓഗസ്റ്റ് 31 വരെ 964 കേസുകളായി കുറഞ്ഞു. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിൽ 1,646, ഹരിയാനയിൽ 298, രാജസ്ഥാനിൽ 1,181 എന്നിങ്ങനെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് നദ്ദ പറഞ്ഞു. എന്നാൽ അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഡെങ്കിപ്പനി നിലവിൽ കുറവാണെന്നാണ്. എങ്കിലും കേസുകളുടെ വർധനവിനുള്ള സാധ്യതകൾക്കെതിരെ ജാഗ്രത പാലിക്കാൻ അദ്ദേഹം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഇതിനൊപ്പം മഴക്കാല രോഗങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തുന്നതിനെപ്പറ്റിയും അദ്ദേഹം ആഹ്വാനം ചെയ്‌തു. ഡെങ്കിപ്പനി സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് ബോധവത്‌ക്കരണ ക്ലാസുകൾ നടത്തി അവബോധം സൃഷ്‌ടിക്കുന്നതിനെപ്പറ്റിയും സൂചിപ്പിച്ചു. ഇതിനായി വാർഡ് മെമ്പര്‍മാര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, റസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾ (ആർ‌ഡബ്ല്യുഎ) എന്നിവരെ ബോധവത്‌ക്കരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി ഉൾപ്പെടുത്താൻ നദ്ദ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി പ്രതിരോധ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന് നിരവധി പ്രവർത്തന മേഖലകൾക്ക് നദ്ദ നിർദ്ദേശം നൽകി. വെള്ളപ്പൊക്കം കുറഞ്ഞ് കഴിഞ്ഞാൽ മഴവെള്ളം നിറഞ്ഞ പാത്രങ്ങൾ നീക്കം ചെയ്യുക, പനി വർധിക്കുന്ന പ്രദേശങ്ങളിൽ ഫോഗിങ് എന്നിവയിലൂടെ ശുദ്ധീകരണം നടത്തുക, രോഗ ബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കുക എന്നിങ്ങനെയാണ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ.

രോഗികളെ പരിചരിക്കാനുള്ള വാർഡുകൾ, മതിയായ കിടക്കകൾ, മരുന്നുകൾ, എന്നിവ ആശുപത്രികളില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. അടിയന്തര പ്രതിരോധ നടപടികൾക്കായി റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ സജ്ജമാകണം. കൂടാതെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിൽ നിന്നും ഡെങ്കിപ്പനി, മലേറിയ കേസുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാക്കി.

പകർച്ചവ്യാധി അടക്കം നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് ദിവസേന ജില്ലാ തലത്തില്‍ അവലോക യോഗം നടത്തണം. ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ ഫലപ്രദമായ നിയന്ത്രണത്തിനായി വരും മാസങ്ങളിൽ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികളും സാമൂഹിക അവബോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാനും എല്ലാ മുഖ്യമന്ത്രിമാർക്കും കേന്ദ്രം നിര്‍ദേശവും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here