കസവ് സാരിയും കസവ് മുണ്ടും ഇല്ലാത്തൊരു ഓണത്തിനെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല.
മഹാബലിയും സദ്യയും അത്തപ്പൂക്കളവുമൊക്കെ നിറഞ്ഞ ഓണാരവം മലയാളികളുടെ വീടുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഓണത്തിന് ഏത് വസ്ത്രത്തിനാണ് ഏറ്റവും കൂടുതൽ ഡിമാൻ്റ് എന്ന് ചോദിച്ചാൽ “കസവ് വസ്‌ത്രങ്ങള്‍” എന്ന ഒറ്റ ഉത്തരമേ മലയാളികള്‍ക്കൊള്ളൂ. കസവ് സാരിയും കസവ് മുണ്ടും ഇല്ലാത്തൊരു ഓണത്തെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
പ്ലെയിൻ സാരികൾ, വീതിയുള്ള ബോർഡറുള്ള സാരികൾ, പല്ലുവിലും ബോഡിയിലും പെയിൻ്റിങ് ഉള്ളവ എന്നിങ്ങനെ പലതരത്തിലുണ്ട്. ടിഷ്യു സാരികൾക്കാണ് ഇപ്പോൾ പ്രിയം കൂടുതൽ. കോട്ടനൊപ്പം കസവു നൂലിഴകളും ചേർന്നതാണ് ഇതിൻ്റെ ബോഡി. പല്ലുവിലും ബോർഡറിലും എല്ലാം സ്വർണത്തിളക്കമാണ്.
മ്യൂറൽ പെയിൻ്റിങ് ചെയ്‌ത സാരികൾ 2000 രൂപ മുതൽ ലഭിക്കും. ഓഫ് വൈറ്റ് നിറത്തിൽ സ്വർണനിറമുള്ള സീക്വൻസ് വർക്കും എംബ്രോയ്‌ഡറിയുമുള്ള സൽവാറുകളും ലെഹംഗകളും വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. ഷർട്ടിൻ്റെ നിറത്തിനിണങ്ങിയ കസവു മുണ്ടുകളാണ് പുരുഷൻമാരേറെയും തെരഞ്ഞെടുക്കുന്നത്. 600 രൂപ മുതൽ കസവു സാരിയും സെറ്റും മുണ്ടും എല്ലാം ലഭിക്കും. കസവുകരയില്ലാത്തത് 300 രൂപ മുതലാണ് വില. എത്രയൊക്കെ ട്രെൻ്റ് മാറിയിാലും സെറ്റ് സാരിയുടെയും മുണ്ടിൻ്റെയും തട്ട് താഴ്‌ന്ന് തന്നെയിരിക്കും. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾക്ക് കസവ് വസ്‌ത്രങ്ങൾക്ക് പ്രധാന്യം വന്നതെങ്ങനെ എന്ന് നോക്കിയാല്ലോ.
കേരളത്തിൻ്റെ സ്വന്തം വസ്‌ത്രം, പിന്നിലെ ചരിത്രം
ഏത് ആഘോഷം വന്നാലും ഓണത്തിന് സെറ്റ് സാരിയും മുണ്ടും ധരിച്ച് വരുന്നതിൻ്റെ സുഖം വേറെ തന്നെയാണ്. കേരളത്തിൻ്റെ സ്വന്തം വസ്‌ത്രമായും ഇതിനെ കണക്കാറുണ്ട്. കേരള കസവിൻ്റെ തുടക്കം എങ്ങനെയെന്ന് നോക്കിയാല്ലോ.
നല്ല ഒറിജിനല്‍ കസവ് മുണ്ടും സാരിയും ലഭിക്കണമെങ്കില്‍ തിരുവനന്തപുരത്തെ ബാലരാമപുരത്ത് തന്നെ പോണം. കേരളത്തിലെ ബാലരാമപുരം കൈത്തറിയ്ക്ക് ഇത്ര പ്രശസ്‌തി നേടിയതിന് പിന്നില്‍ 200 വര്‍ഷത്തെ ചരിത്രമുണ്ട്. അന്നുകാലത്ത് ബാലരാമപുരം ട്രാവന്‍കൂറിൻ്റെ കീഴിലാണ് വരുന്നത്. അന്ന് ട്രാവന്‍കൂര്‍ പ്രദേശം ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി നാഗര്‍കോവില്‍ എന്നിവിടങ്ങളിലെല്ലാം വ്യാപിച്ച് കിടക്കുന്നവയാണ്.
അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ബാലരാമ വര്‍മ്മ (1798- 1810)യും അതുപോലെ, അദ്ദേഹത്തിൻ്റെ ദിവാന്മാരില്‍ പ്രധാനിയായിരുന്ന ഉമ്മിനി തമ്പിയും ചേര്‍ന്ന് ഇന്നത്തെ തമിഴ്‌നാട്ടിലെ വള്ളിയൂര്‍, തിരുനെല്‍വേലി എന്നീ സ്ഥലങ്ങളില്‍ നിന്നും ഷാലിയാല്‍ വിഭാഗത്തില്‍ പെടുന്ന ആളുകളെ ബാലരാമപുരത്തേയ്ക്ക് കൊണ്ടുവന്നു. അന്നത്തെ രാജകുടുംബാംഗങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇവര്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചത്.
രാജാവ് ഇവര്‍ക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക കേന്ദ്രം തന്നെ ഒരുക്കി നല്‍കി. അതുപോലെ, കൈത്തറി വ്യവസായം ആരംഭിക്കാനുള്ള എല്ലാവിധ ധനസഹായവും നല്‍കി പാര്‍പ്പിച്ചു. പിന്നീട് ഒരു 19-ാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും ബാലരാമപുരത്ത് കൈത്തറി വ്യാവസായം പച്ചപിടിച്ച് പ്രശസ്‌തിയാര്‍ജിക്കാന്‍ ആരംഭിച്ചു. ക്രീം നിറത്തിൽ നല്ല ഗോള്‍ഡന്‍ കസവോടെ നെയ്‌തെടുക്കുന്ന കസവ് മുണ്ടും സാരികളുമെല്ലാം കേരളത്തിൻ്റെ മാത്രം അഭിമാന വസ്ത്രങ്ങളാണ്. 3000 മുതല്‍ അര ലക്ഷം രൂപയോളം വരുന്ന കസവ് സാരി വരെ ബാലരാമപുരത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്. സാരിയിലെ ഗോള്‍ഡന്‍ കസവിനായി ചേര്‍ക്കുന്ന സ്വര്‍ണ്ണത്തിൻ്റെയും അതുപോലെ, കസവിൻ്റെ വലുപ്പം, മറ്റ് വര്‍ക്കുകളും പണിക്കൂലിയും അനുസരിച്ചാണ് വില ഈടാക്കുന്നത്.
ഓണക്കോടിയുടെ പ്രാധാന്യം
തിരുവോണ നാളുകളിൽ മഹാബലി തമ്പുരാൻ പ്രജകളെ കാണാൻ വരുമ്പോൾ പഴകിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതല്ല. വർഷത്തിലൊരിക്കൽ നാട് സന്ദർശിക്കാനെത്തുന്ന മഹാബലിയെ സ്വീകരിക്കാൻ നല്ല രീതിയിൽ ഒരുങ്ങി നിൽക്കണമെന്നതാണ് ഓണക്കോടിയുടെ പിറവിക്ക് പിന്നിലുള്ള കഥയെന്നാണ് പഴമക്കാർ പറയുന്നന്നത്.
വസ്ത്ര ധാരണ രീതികളിലും മറ്റും ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഓണത്തിന് കസവാണ് മുഖ്യം. എന്നാൽ പുതിയ തലമുറ ഇതിൽ അൽപം മോഡേൺ ട്വിസ്‌റ്റ് നൽകാൻ ആഗ്രഹിക്കുന്നവരാണ്. കസവു തുണികൾ ഉപയോഗിച്ച് ഫ്രോക്കുകളും സ്ലീവ്ലെസ് വസ്ത്രങ്ങളും ദാവണിയുമൊക്കെ തയ്‌ച്ചിടും. കസവ് ഇഷ്‌ടമില്ലാത്തവർക്ക് ആണെങ്കില്ലോ, പല നിറങ്ങളിൽ പ്രിൻ്റുകളുള്ള കരയോടുകൂടിയ കസവ് സാരികൾ ലഭിക്കും.







