വിനായക ചതുര്‍ഥിക്കായി നാടും നഗരവും ഒരുങ്ങി; ഇനി ആഘോഷരാവുകള്‍,

0
80
Ganesh Chaturthi Festival, Kalindi Kunj, New Delhi, India- September 5, 2017: People gathered to observe the ceremonial immersion of Lord Ganesh Idols into river Yamuna at Kalindi Kunj, New Delhi, India.

പത്തുദിവസം നീളുന്ന ആഘോഷമാണ് വിനായക ചതുര്‍ഥിയുടേത്. ജ്ഞാനത്തിന്‍റെയും സമൃദ്ധിയുടെയും ദേവനായാണ് ഗണപതിയെ കണക്കാക്കപ്പെടുന്നത്.

ശിവ ഭഗവാന്‍റെയും ശ്രീപാര്‍വതിയുടെയും ഓമനപുത്രനായ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ വരുന്ന ചതുർഥി (വെളുത്തപക്ഷ ചതുർഥി)യാണ് ഗണപതിയുടെ ജന്മദിനം. അന്നാണ് വിനായക ചതുര്‍ഥിയായി ആഘോഷിക്കപ്പെടുന്നത്. ഗണേശോത്സവം എന്നും അറിയപ്പെടുന്നുണ്ട്. ഇത്തവണ ഓഗസ്‌റ്റ് 27 നാണ് വിനായക ചതുര്‍ഥി.

ഹൈന്ദവവിശ്വാസ പ്രകാരം ഏത് ശുഭകാര്യത്തിനും മുന്‍പ് വിഘ്‌നങ്ങള്‍ ഒഴിവാക്കാവനായി ഗണപതി പൂജ നടത്താറുണ്ട്. ആനത്തലയുള്ള ദൈവമായ ഗണേശൻ ജ്ഞാനത്തിനും സമൃദ്ധിക്കും ഭാഗ്യത്തിനും പേരുകേട്ടതാണ്. മാത്രമല്ല മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്.

വിനായക ചതുര്‍ഥി ദിനത്തില്‍ ഗണേശ സഹസ്രനാമം ഭക്തിയോടെ പാരായണം ചെയ്യുന്നത് നല്ലതാണ്. ഗണപതിയുടെ ആയിരത്തിയെട്ട് ഭാവങ്ങളെ വര്‍ണിക്കുന്ന നാമമാണിത്. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്‌തിയുണ്ടാകുമെന്നാണ് വിശ്വാസം.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണിത്. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഗണേശോത്സവത്തിന് പ്രത്യേക പ്രാധാന്യത്തോടെയാണ് നടത്തുന്നത്. ഈ വര്‍ഷവും വലിയ ഉത്സവമായി തന്നെയാണ് വിശ്വാസികള്‍ ആഘോഷിക്കുക.

1.2025 ഗണേശ ചതുർത്ഥി: തീയതിയും സമയവും

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ വരുന്ന ചതുർഥി (വെളുത്തപക്ഷ ചതുർഥി)യാണ് ഗണപതി ജനിച്ചത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിലാണ് വിനായക ചതുര്‍ഥി വരുന്നത്. 2025 ൽ ഗണേശ ചതുർഥി ആഘോഷങ്ങൾ ഓഗസ്റ്റ് 27 ബുധനാഴ്ച ആരംഭിക്കും. ചതുർഥി ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് 1:54 ന് ആരംഭിച്ച് ഓഗസ്റ്റ് 27 ന് ഉച്ചകഴിഞ്ഞ് 3:44 ന് അവസാനിക്കും .

മധ്യാന ഗണേശ പൂജ മുഹൂർത്തം രാവിലെ 11:06 മുതൽ ഉച്ചയ്ക്ക് 1:40 വരെ നടക്കും. 2025 സെപ്റ്റംബർ 6 ശനിയാഴ്‌ച ഗണേശ നിമഞ്ജനം ചെയ്യാം.

2. ഗണേശ ചതുർത്ഥിയുടെ ചരിത്രം

ഗണപതി ഭഗവാൻ പരമശിവന്‍റെയും പാർവതി ദേവിയുടെയും മകനാണ്. പാര്‍വതി കുളിക്കുമ്പോള്‍ തന്നെ സംരക്ഷിക്കാന്‍ ജീവന്‍ നല്‍കിയ ഗണപതിയെ പാര്‍വതിയുടെ ശരീരത്തില്‍ നിന്നാണ് സൃഷ്‌ടിച്ചത്. ശിവന്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ കോപത്തോടെ അദ്ദേഹം ഗണപതിയുടെ തലവെട്ടിമാറ്റി. ഹൃദയം തകർന്ന പാർവതി ഗണപതിയെ പുനരുജ്ജീവിപ്പിക്കാൻ അപേക്ഷിച്ചു, ശിവൻ ആനയുടെ തല വെച്ചുകൊടുത്തു. ഇങ്ങനെയാണ് ഗണപതിക്ക് ആനയുടെ തലവന്നത് എന്നാണ് ഐതിഹ്യം

വിനായക ചതുര്‍ഥി ദിനത്തില്‍ വ്രതം നോക്കുല്‍ക്കുന്നത് ഉത്തമമാണ്. ഈ വ്രതം അനുഷ്‌ഠിച്ചാല്‍ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം സര്‍വ വിഘ്‌നങ്ങളും നീങ്ങി കാര്യലബ്‌ധിയുണ്ടാകുമെന്നാണ് വിശ്വാസം.

3. പ്രാധാന്യവും ആഘോഷങ്ങളും

പ്രധാന ഹൈന്ദവ ഉത്സവമായാണ് ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത്. വിഘ്‌നങ്ങളെ മാറ്റുന്ന ഒരാള്‍ എന്ന നിലയിലാണ് ഗണപതിയെ ആരാധിക്കുന്നത്. ജ്ഞാനത്തിന്‍റെയും സമൃദ്ധിയുടെയും ദേവനായാണ് കണക്കാക്കപ്പെടുന്നത്. 17ാം നൂറ്റാണ്ടിലാണ് മറാത്ത സാമ്രാജ്യത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ തുടങ്ങിയത്.

ദേശീയതയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ഛത്രപതി ശിവാജി മഹാരാജാണ് ഇത് ആഘോഷിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനി ലോകമാന്യ തിലകൻ ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനും ഇത് ഉപയോഗിച്ചപ്പോഴാണ് ഈ ഉത്സവം പ്രചാരത്തിലായത്. ഇന്ന് ഇന്ത്യയിലുടനീളമുള്ള എല്ലാ മേഖലകളിലുമുള്ള ആളുകൾ വിനായക ചതുര്‍ഥി ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.

4. വിശ്വാസവും ഐതിഹ്യവും

ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം എന്നാണ് വിശ്വാസം. പൂക്കള്‍ക്കൊണ്ടും വിളകള്‍ കത്തിച്ചുകൊണ്ടും മനോഹരമായി അലങ്കരിച്ച് ഗണപതി വിഗ്രഹം ഓരോ കുടുംബത്തിലും അല്ലെങ്കില്‍ പ്രത്യേകം സജ്ജീകരിച്ച ഇടങ്ങളിലോ സ്ഥാപിക്കുന്നു.

രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയുള്ള ദിവസങ്ങളിലൊക്കെ പ്രത്യേക പൂജയുണ്ടാകും. ഇതുകൂടാതെ എല്ലാ ദിവസവും ഭക്തർ മന്ത്രങ്ങൾ ജപിക്കുകയും, ഭജനകൾ പാടുകയും, ആരതി നടത്തുകയും, മോദകങ്ങൾ, ലഡ്ഡു തുടങ്ങിയ ഗണപതിയുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു.

വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർധനവിന് ഉത്തമമാണ്. പത്താം നാള്‍ വലിയ ഘോഷയാത്രയോടെ ഗണപതി വിഗ്രഹം വെള്ളത്തില്‍ നിമജ്ജനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.

5. ഗണേശചതുര്‍ഥി ദിനത്തിലുള്ള വ്രതം

വിനായക ചതുര്‍ഥി ദിനത്തിന്‍റെ തലേന്ന് മുതല്‍ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. ധാന്യഭക്ഷണം ഒരുനേരമാവാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ നിഷിദ്ധമാണ്. വിനായക ചതുര്‍ഥി ദിനത്തില്‍ സൂര്യോദയത്തിന് മുന്‍പേ കുളിച്ച് ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തണം. ഗണപതി മന്ത്രം ഭക്തിയോടെ ഉരുവിടാം.

കിഴക്കോട്ടു തിരിഞ്ഞാവണം ജപം . 108 തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ 10 തവണയെങ്കിലും ജപിക്കാന്‍ ശ്രമിക്കണം. ഇതിന് ശേഷം ഗണേശ ക്ഷേത്ര ദര്‍ശനം നടത്തി കഴിയുന്ന വഴിപാടുകള്‍ സമര്‍പ്പിക്കണം.

ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ ‘ഗം ഗണപതയേ നമഃ’ ജപിക്കുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം.

6.ഗണേശ ഗായത്രികൾ

ഏക ദന്തായ വിദ് മഹേ

വക്രതുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത് (ഉദ്ധിഷ്ഠ കാര്യസിദ്ധി ഫലം )

ലംബോദരായ വിദ് മഹേ

വക്ര തുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത് (വിഘ്നനിവാരണം ഫലം

LEAVE A REPLY

Please enter your comment!
Please enter your name here