ഓണച്ചന്തകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ജില്ലകളിലും ഓണം ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഓണച്ചന്തകളും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലു വരെയാണ് ഓണം ഫെയറുകൾ നടക്കുക.
തിരുവനന്തപുരം: ഓണക്കാലത്ത് അരി, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്‌ക്ക് ലഭിക്കുന്ന സപ്ലൈക്കോ ഓണം ഫെയര്‍ പൊടി പൊടിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഓണം ഫെയറിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഇതിനുപിന്നാലെ ഓണച്ചന്തകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ജില്ലകളിലും ഓണം ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഓണച്ചന്തകളും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലു വരെയാണ് ഓണം ഫെയറുകൾ നടക്കുക.
പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനംവരെ വിലക്കുറവുണ്ടാകും. ചില ഉത്‌പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും കച്ചവടം പൊടി പൊടിക്കുമെന്നാണ് സപ്ലൈക്കോ അധികൃതരുടെ വിലയിരുത്തല്‍. അതേസമയം, 140 നിയമസഭാ മണ്ഡലങ്ങളിൽ 31 മുതൽ സെപ്‌തംബർ നാലുവരെ നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.
കൺസ്യൂമർ ഫെഡിൻ്റെ ഓണച്ചന്തകൾ സെപ്‌റ്റംബര്‍ നാല് വരെ പ്രവർത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 26 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ 167 കേന്ദ്രങ്ങളിൽ ആണ് ഓണച്ചന്തകൾ തുറക്കുന്നത്. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരി സബ്‌സിഡി നിരക്കിൽ സപ്ലൈകോ നിലവിൽ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും.
വെളിച്ചെണ്ണേ….. ആശ്വാസം
സപ്ലൈകോയിൽ വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചിട്ടുണ്ട്. ശബരി സബ്‌സിഡി വെളിച്ചെണ്ണ ഒരുലിറ്ററിന് 339 രൂപയും സബ്‌സിഡി ഇതര വെളിച്ചെണ്ണയ്‌ക്ക് 389 രൂപയുമാണ് പുതുക്കിയ വില. ഇതുകൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എം ആർ പിയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കും. സൺഫ്ലവർ ഓയിൽ, പാം ഓയിൽ, തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും. വൻപയർ, തുവരപ്പരിപ്പ് എന്നീ ഇനങ്ങളുടെ വിലയും കുറച്ചു.
വൻ പയറിന് 75 രൂപയിൽ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയിൽ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിൻ്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർധിപ്പിച്ചു. (കിലോയ്ക്ക് 115.5/ രൂപ അര കിലോയ്ക്ക് 57.50/ രൂപ).
ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സേമിയ/പാലട പായസം മിക്‌സ് (200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട വടിയരി, മട്ട ഉണ്ടയരി എന്നിവ പുറത്തിറക്കും. അരി നേരിട്ട് തെരഞ്ഞെടുത്ത്, മില്ലുകൾ വഴി സംസ്‌കരിച്ച് പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് പുട്ടുപൊടിയും അപ്പം പൊടിയും ശബരി ബ്രാൻഡിൽ വിപണനം ചെയ്യമെന്ന് പിണറായി വിജയൻ പറഞ്ഞു.
ഓണക്കിറ്റ് ഇന്ന് മുതൽ
സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് (ഓഗസ്‌റ്റ് 26) മുതൽ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. ഇത്തവണ 15 ഇനങ്ങള്ളാണ് ഉള്ളത്.
അന്ത്യോദയ, അന്നയോജന റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക. തുണിസഞ്ചി ഉള്‍പ്പെടെയാണ് ഇത്തവണ 15 ഇനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റിന്‍റെ വിതരണം. ഓണക്കാലം കണക്കിലെടുത്ത് ഓരോ റേഷന്‍ കാര്‍ഡിനും 20 കിലോ പച്ചരി അല്ലെങ്കില്‍ പുഴുക്കലരി 25 രൂപ നിരക്കില്‍ സ്‌പെഷ്യലായി അനുവദിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്. അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.
ഓണക്കിറ്റിലെ ഉത്പന്നങ്ങള്‍
- പഞ്ചസാര – 1 കിലോ
- വെളിച്ചെണ്ണ – 500 മില്ലി
- തുവര പരിപ്പ് – 250 ഗ്രാം
- ചെറുപയര്‍ പരിപ്പ് – 250 ഗ്രാം
- വന്‍ പയര്‍ – 250 ഗ്രാം
- കശുവണ്ടി 50 ഗ്രാം
- നെയ് (മില്‍മ) – 50 മില്ലി
- ശബരി ഗോള്‍ഡ് ടീ – 250 ഗ്രാം
- ശബരി പായസം മിക്‌സ് – 200 ഗ്രാം
- ശബരി സാമ്പാര്‍ പൊടി – 100ഗ്രാം
- ശബരി മുളക് പൊടി – 100 ഗ്രാം
- മഞ്ഞപ്പൊടി – 100 ഗ്രാം
- മല്ലി പൊടി – 100 ഗ്രാം
- ഉപ്പ് – 1 കിലോ
- തുണി സഞ്ചി






